വയനാട് ബ്യൂറോ

കല്‍പറ്റ

October 12, 2021, 9:37 pm

കടുവ ഭീതിയില്‍ മസിനഗുഡി: വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു

Janayugom Online

ഒക്ടോബര്‍ ഒന്നിന് മംഗള ബസവന്‍ എന്ന വയോധികനെ കടുവ കൂടി കൊന്നതോടെ കടുത്ത ഭീതിയിലായ മസിനഗുഡിയിലേക്ക് വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞു. നീലഗിരിയിലേക്ക് ഏതു സംസ്ഥാനങ്ങളില്‍ നിന്ന് ടൂറിസ്റ്റുകള്‍ വന്നാലും മസിനഗുഡി, മായാര്‍, സിങ്കാര ബൊക്കാപുരം, മാവനല്ല, വാഴത്തോട്ടം തുടങ്ങിയ ഭാഗങ്ങളില്‍ സഞ്ചാരികള്‍ എത്തുന്നത് പതിവാണ്. എന്നാല്‍ നരഭോജി കടുവയുടെ പേടിയില്‍ ഈ ഭാഗത്തുള്ളവര്‍ തന്നെ പുറത്തിറങ്ങി നടക്കാന്‍ ഭയപ്പെടുന്നു. ടൂറിസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ടൂറിസ്റ്റുകളെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന വ്യാപാരികള്‍ ടാക്‌സി വാഹനങ്ങള്‍, ടൂറിസ്റ്റ് ഗൈഡുകള്‍ തുടങ്ങിയവര്‍ ദിവസങ്ങളായി വളരെ ദുരിതത്തിലാണ്. കോവിഡിന് ശേഷം പല സമയങ്ങളിലായി ടൂറിസ്റ്റ് കള്‍ക്കുള്ള നിരോധനവും കടയടപ്പും ലോഡ്ജുകളും ഹോട്ടലുകളും അടച്ചുപൂട്ടല്‍ കാരണം ടൂറിസം മേഖല പാടെ തളര്‍ന്നിരുന്നു. ഇതിനിടെ ഈയിടെയാണ് എല്ലാ ഭാഗങ്ങളും തുറന്നു സഞ്ചാരികള്‍ അല്പം വരവ് തുടങ്ങിയത്. വ്യാപാര മേഖലയും മറ്റും ഉണര്‍ന്നു വരുന്നതിനിടയിലാണ് കടുവപ്പേടിയില്‍ ടൂറിസ്റ്റുകള്‍ക്കും നാട്ടുകാര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതിനിടെ ദേവന്‍ എസ്റ്റേറ്റില്‍ നിന്നും മായാര്‍ ഭാഗത്തുനിന്നും കടുവയില്‍ നിന്നും ലഭിച്ച രോമങ്ങളും മറ്റും ഹൈദരാബാദിലെ ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയക്കുച്ചു. രണ്ടു ഭാഗത്ത് കണ്ടതും ഒരേ കടവയാണോ എന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് ഇത്.