കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു; നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നിയമനടപടി സ്വീകരിക്കും

Web Desk

കൊച്ചി

Posted on July 03, 2020, 10:44 am

കൊച്ചിയിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി വിഎസ് സുനിൽകുമാർ കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുത്.

ബ്രോഡ് വേയിലെ സാഹചര്യം മുന്നറിയിപ്പാണ്. പൊലീസും ആരോഗ്യവകുപ്പും പ്രത്യേകം പരിശോധന നടത്തും. അവശ്യ സർവീസ് ആണെങ്കിൽ കൂടി ബാങ്കുകൾ ഉൾപ്പെടെയുള്ളവ കണ്ടെയ്ൻമെന്റ് സോണിൽ ഏഴു ദിവസത്തേക്ക് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. രോഗബാധ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി ഗുരുതരമാകാതിരിക്കണമെങ്കിൽ എല്ലാവരും സഹായിച്ചേ മതിയാകൂ.

അതുകൊണ്ട് മാർക്കറ്റ് അടക്കമുള്ള ആളുകൾ കൂടുന്ന എല്ലാ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. എറണാകുളം മാർക്കറ്റിനൊപ്പം തോപ്പുംപടി കൂടി കണ്ടെയ്ൻമെന്റ് സോൺ ആക്കിയിട്ടുണ്ട്. അതിനിടെ സമാന്തര മാർക്കറ്റ് വേണമെന്ന വ്യാപാരികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. എറണാകുളം മാർക്കറ്റിലെ ഇലക്ട്രിക് കടയിലെയും സമീപത്തെ സ്ഥാപനത്തിലെയും ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയാണ് നഗരത്തിലുള്ളത്.

ഇലക്ട്രിക് സ്ഥാപന ഉടമയുടെ കുടുംബാംഗങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മാർക്കറ്റിനൊപ്പം ഇദ്ദേഹത്തിന്റെ വീടു കൂടി ഉൾപ്പെടുന്ന തോപ്പുംപടിയും കണ്ടെയ്ൻമെന്റ് സോൺ ആക്കിയിരിക്കുകയാണ്. മാർക്കറ്റിലെ മറ്റു വ്യാപാരികൾക്ക് രോഗലക്ഷണം കണ്ടെത്തിയതിനാൽ ഇരുപത്താറോളം പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം ഏറെ നിർണായകമാകും. ഇതുവരെ 12 പേർക്കാണ് മാർക്കറ്റ് ഉറവിടമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതിനിടെ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന വ്യാപാരികളും തൊഴിലാളികളും മറൈൻ ഡ്രൈവ് മൈതാനത്ത് സമാന്തര മാർക്കറ്റ് തുടങ്ങിയത് വിവാദമായതോടെ ജില്ല ഭരണകൂടം ഇത് നിർത്തിവെപ്പിച്ചിരുന്നു. മറ്റൊരിടത്ത് കച്ചവടത്തിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം വ്യാപാരികൾ ശക്തമാക്കുന്നുണ്ടെങ്കിലും അത് തൽക്കാലം പരിഗണിക്കില്ലെന്ന് ജില്ല ഭരണകൂടം പറഞ്ഞു. ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷനിലും ജാഗ്രത നിർദേശമുണ്ട്. കോവിഡ് നിരീക്ഷണം ലംഘിച്ച രോഗിയെ പിടികൂടിയ എസ്. ഐ. അടക്കം ക്വാറന്റൈനിലാണ്. കളമശ്ശേരിയിൽ ചികിത്സയിൽ കഴിയുന്ന മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

you may also like this video