Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
അഭിലാഷ് കൊട്ടാരക്കര

April 19, 2020, 7:15 am

ഈ ഗുഹയിൽ കാലം ക്വാറന്റീനിലാണ്

Janayugom Online

 ” മണ്ണിന്റെ ഗർഭത്തിൽ ഞാനിനിയും ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിസ്മയങ്ങളും ഗൂഢതകളും കൗശലങ്ങളും ചരിത്രങ്ങളും നീ കാണാത്തതായി ഇനിയുമെത്രയോ ബാക്കിയുണ്ട് ” എന്ന് ആ ഗഹ്വരഭിത്തികൾ വിളിച്ചുപറയുന്ന പോലെ തോന്നി. ആന്ധ്രയിലെ ബേലം ഭൂഗർഭ ഗുഹയിലേക്കുള്ള യാത്രയെക്കുറിച്ച്. ”

 

ഗുഹകളിൽ കാണാനെന്തിരിക്കുന്നു?

വലിയ ദൂരത്തിൽ ഒരു വിനോദയാത്രക്ക് പുറപ്പെടുന്ന ആരും ഒരു ‘ഗുഹ കാണുക’ എന്നത് ഒരു എയിംപോയിന്റ്(Aim point) ആയി കാണാനിടയില്ല, പ്രത്യേകിച്ച് മലയാളികൾ. മരം കോച്ചുന്ന മഞ്ഞ്, രമണീയമായ പ്രകൃതി, ഓടാനും ചാടാനും അർമാദിക്കാനുമുള്ള ഇടങ്ങൾ, അതുമല്ലെങ്കിൽ ഒരു തീർത്ഥയാത്രയോ അഡ്വഞ്ചർ ജേർണിയോ. അതിനപ്പുറം ഗുഹ കാണാനായി മാത്രം അധികദൂരം സഞ്ചരിക്കുന്ന ശീലം നമുക്കില്ല. എന്നാൽ യാത്ര തലയ്ക്കു പിടിച്ച ‘ചാവേറു‘കളായ സുഹൃത്തുക്കളുണ്ടെങ്കിൽ അതും നടക്കും. അങ്ങനെയാണ് കൃത്യം ആയിരം കിലോമീറ്റർ അപ്പുറമുള്ള ആന്ധ്രയിലെ ബേലം ഗുഹ കാണാൻ ഞങ്ങൾ തിരിച്ചത്. പ്രാകൃതമനുഷ്യനെ ഇന്നത്തെ ആധുനികനാക്കാനായി പ്രകൃതി ആദിമകാലത്ത് അവനുവേണ്ടി കരുതിവെച്ച തിരുഭവനങ്ങളാണ് ഗുഹകൾ. നമുക്കറിയാം ഗുഹയുള്ളത് മലയ്ക്കുള്ളിലാണ്. എന്നാൽ വടക്കേ അമേരിക്കയിലെ ഇന്ത്യാനയിലുള്ള വ്യാൻഡോട്ട് എന്ന ഗുഹക്കുള്ളിലാണ് മല. ഏതാണ്ട് 11 നിലകളുള്ള ഒരു ഫ്ളാറ്റിന്റെ പൊക്കത്തിലുള്ളൊരു മല. അത്രയേറെ വലുതാണ് ആ ഗുഹ എന്ന് കേട്ടിട്ടുണ്ട്. എന്നാൽ നേരിട്ട് കണ്ടിട്ടുള്ളത്, വീടിനടുത്തുള്ള മരുതിമലയിലെ ചെറുഗുഹയും വയനാടുള്ള എടക്കൽഗുഹയും മാത്രം. ഒരിക്കൽ തിരുനെല്ലിക്ഷേത്രത്തിൽ പോയപ്പോൾ ക്ഷേത്രത്തോട് ചേർന്നുള്ള കാട്ടിനുള്ളിൽ ആനയോളം വലിപ്പമുള്ള ഒരു കരിമ്പാറയിൽ ചെറിയൊരു ഗുഹ കണ്ടു. ഗുഹയെന്ന് പറയാനാവില്ല, ഒരു മാളം. സന്ധ്യാനേരത്ത് വിളക്കു തെളിച്ചു വച്ചത് കണ്ടിട്ടാണ് അരികത്ത് ചെന്നുനോക്കിയത്. സാക്ഷാൽ അഗസ്ത്യമുനി തപസ്സുചെയ്ത ഗുഹയാണത്രെ. അഗസ്ത്യമുനി ഒരു കുറിയ മനുഷ്യനായിരുന്നല്ലോ. ഒരു പക്ഷെ അതായിരിക്കാം മനുഷ്യൻ വസിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഗുഹ! ഏതായാലും ഗുഹ കാണാനിറങ്ങിത്തിരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ തന്നെ കണ്ടുകളയാം. അന്വേഷിച്ചപ്പോഴാണ് അതങ്ങ് മേഘാലയയിലാണ്; 31 കിലോമീറ്റർ നീളമുള്ള ക്രെംലിയത് പ്രാ എന്ന നെടുനെടുങ്കൻ ഗുഹ! അവിടേയ്ക്കുള്ള യാത്രയുടെ അസൗകര്യങ്ങൾ പലതും കണക്കിലെടുത്ത് ആഗ്രഹത്തിന് തെല്ല് ഇളവ് നൽകി അങ്ങനെ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗുഹ കാണാൻ നിശ്ചയിച്ചു. ആന്ധ്രയിലെ കൂർനൂൾ ജില്ലയിലെ ബേലം വില്ലേജിലുള്ള ബേലം ഗുഹ കാണാനുള്ള യാത്രയ്ക്ക് റെഡിയായി. അപ്പോഴും മനസ് പറയുന്നുണ്ടായിരുന്നു ‘ഒരു ഗുഹയിലെന്താണിത്ര കാണാനുള്ളത്?’

ഗുഹാമുഖത്ത് 

കൊറോണക്കാലത്തിന് മുമ്പായിരുന്നു യാത്ര. അധികം ബുദ്ധിമുട്ടില്ലാതെ ആന്ധ്രയിലെത്തി. കടപ്പാക്കല്ലുകളുടെ നിറവും മണവും പൊടിയുമുള്ള ഒരു ഉൾഗ്രാമമാണ് ബേലം വില്ലേജ്. ഗുഹ സ്ഥിതി ചെയ്യുന്നിടത്തെത്തിയത് നട്ടപ്പാതിരയ്ക്കായതുകൊണ്ട് ഒന്നും കാണാനായില്ല. വെളുപ്പിന് എഴുന്നേറ്റപ്പോഴാണ് അത്ഭുതപ്പെട്ടുപോയത്. അതിവിശാലമായ ഒരു മലയടിവാരം. പ്രദേശം നിറയെ മണ്ണിൽ പണിയെടുക്കുന്നവന്റെ, വിയർപ്പിന്റെ പച്ചപ്പ്; എന്തൊക്കെയോ തരം കൃഷികൾ. അമ്പരിപ്പിച്ചത് അതൊന്നുമല്ല. ഞങ്ങൾ താമസിച്ച അതിഥിമന്ദിരത്തിന് തൊട്ട് ഇടതുവശത്തായി അന്‍പതടിപ്പൊക്കമുള്ള ഒരു വമ്പൻ ശ്രീബുദ്ധൻ! സൂര്യൻ ഉദിച്ചുവരുന്നേയുണ്ടായിരുന്നുള്ളു. വെൺമേഘങ്ങൾക്കിടയിൽ തലയുയർത്തി, ശാന്തഗംഭീരനായി പ്രസന്നഭാവത്തോടെ വെണ്മയോടൊരു താപസബുദ്ധൻ! ഒരു നിമിഷം പാഴാക്കിയില്ല ‘രൂപ’ത്തിൽ യോഗിയായ ഗിരീഷും ‘ഭാവ’ത്തിൽ ‘അദ്ധ്യാത്മ’നായ കൃഷ്ണകുമാറും ബുദ്ധചരണങ്ങൾക്ക് മുന്നിൽ സൂര്യനമസ്കാരം ആരംഭിച്ചു. പ്രസന്നമായ പുലരിയിൽ ഞങ്ങളെല്ലാം കുളിച്ചൊരുങ്ങി ഗുഹാമുഖത്തെത്തി. അപ്പോഴും ആവേശം അധികമൊന്നുമുണ്ടായിരുന്നില്ല. കാരണം ‘ഒരു ഗുഹയിലെന്ത് കാണാനിരിക്കുന്നു?

കാലത്തിന്റെ കണക്കുപെട്ടി

ആ കൃഷിഭൂമിക്കടിയിൽ 3 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഭൂഗര്‍ഭഗുഹയാണ് ബേലം ഗുഹ. മൂന്ന് ഇടങ്ങളിൽ വലിയ മൂന്ന് കുഴികളിലൂടെ ഗുഹ ഭൂമിയുടെ ഉപരിതലത്തിലേക്ക് തുറക്കുന്നുണ്ട്. അതിൽ മധ്യത്തിലുള്ള വലിയ കിടങ്ങ് വൃത്തിയാക്കി അതിൽ പടിക്കെട്ടുകൾ തീർത്തിട്ടുണ്ട്. അതിലൂടെയാണ് നമ്മൾ ഗുഹക്കുള്ളിലേക്ക് പ്രവേശിക്കുന്നത്. വെളിച്ചത്തിന് ഹാലജെൻ ലൈറ്റുകളും ശുദ്ധവായുവിനായി വമ്പൻ ബ്ലോവറുകളും ഇടവിട്ട് ഘടിപ്പിച്ചിട്ടുണ്ട്. ഗുഹാകവാടത്തിൽ നിന്ന് മുന്നോട്ട് വെക്കുന്ന ഓരോ ചുവടും അതിപുരാതന ആദിമസംസ്കൃതിയുടെ ഇടനാഴികളിലേയ്ക്കുള്ള തിരിച്ചുനടക്കലായി തോന്നി. ഗുഹാഭിത്തികളിൽ വെറുതെയൊന്ന് പാളിനോക്കി. ഭിത്തിയിലെ അർത്ഥമില്ലാത്ത വരകളും കുറികളും, സംവത്സരങ്ങൾക്ക് മുമ്പെ നടന്നുപോയ ഒരു ജനതയുടെ (മൃഗങ്ങളുടെയും) ഹൃദയരേഖകളാണെന്ന് തോന്നിപ്പോയി. ഉള്ളിൽ ആദിമസംസ്കാരത്തിന്റെ പിറവിക്കൊപ്പം ആരോരുമറിയാതെ തപസ്സിരിക്കുന്ന കാലത്തിന്റെ മദിപ്പിക്കുന്ന ഗന്ധം. ഈ ലോകത്തിന്റെ സർവതും കാലത്തിന് അവകാശപ്പെട്ടതാണെങ്കിൽ സർവതും കാലം ഈ കണക്കുപെട്ടിക്കുള്ളിൽ പൂട്ടിവെച്ചിട്ടുണ്ട്. ദശലക്ഷം വർഷങ്ങളിലൂടെ രൂപപ്പെട്ടതാണ് ബേലംഗുഹ. ഇന്ന് ഏതാണ്ട് മുപ്പതുകിലോമീറ്റർ അപ്പുറത്തുകൂടി ഒഴുകുന്ന ചിത്രാവതിപ്പുഴയുടെ ഏതോ കൈവഴി ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ചുണ്ണാമ്പ്കല്ല്(Limestone) നിറഞ്ഞ ബേലംകരയ്ക്കടിയിലൂടെ ഒഴുകിയൊഴുകി ചുണ്ണാമ്പുകല്ലിനെ മുഴുവൻ ലയിപ്പിച്ച് ഇല്ലാതാക്കി രൂപപ്പെടുത്തിയെടുത്തതാണ് ബേലംഗുഹ. ഗുഹയ്ക്കുള്ളിലൂടെ ഏതാണ്ട് ഒന്നരകിലോമീറ്റർ നടന്ന് അതിന്റെയൊരറ്റത്ത് എത്തുമ്പോൾ അവിടെ പട്ടാലഗംഗ എന്ന പേരിൽ ഒരു ഗുഹാമൂലയുണ്ട്. ഏതാണ്ട് നൂറ്റിയമ്പതടി താഴ്ചയിലാണ് ആ സ്ഥലം. അവിടെയൊരു പാറയിടുക്കിൽ എവിടെ നിന്നോ ഉറവയെടുത്ത് ഒഴുകിവരുന്നൊരു ജലധാരയുണ്ട്. പളുങ്കുപോലെ തിളങ്ങുന്ന ഭൂഗർഭജലധാര! . എന്നാൽ പാറമടയ്ക്കുള്ളിലൂടെ അത് താഴേയ്ക്കൊഴുകി എങ്ങോട്ടോ മറയുന്നു. ഉറവസ്ഥാനവും പതനസ്ഥലവും അറിയിക്കാതെ ഒരു കുഞ്ഞുനദി! കാലം തന്റെ കണക്കുപെട്ടിയിൽ ഇന്നും ഉണങ്ങാതെ സൂക്ഷിക്കുന്ന ചിത്രാവതിനദിയുടെ തിരുശേഷിപ്പാകാം ഈ ഉർവരത!

വിസ്മയങ്ങളുടെ ഗഹ്വരം

ഗുഹാനുഭവത്തെ പകർത്താനോ പറയാനോ പറ്റുമോന്ന് തോന്നുന്നില്ല. കണ്ണും കാതും കൂർപ്പിച്ചാൽ കാലത്തിന്റെ കരുതൽ നമുക്ക് അനുഭവിക്കാനാകും. ക്രിസ്തുവിന് 4500 വർഷം മുമ്പ് ആൾപാർപ്പുണ്ടായിരുന്നതായി നരവംശശാസ്ത്രജ്ഞൻ കണ്ടെത്തിയ ഗുഹയാണ് ബേലം. അന്നവർ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ മറ്റ് ഭൗതികവസ്തുക്കൾ, അവശിഷ്ടങ്ങൾ, ശിലാ രേഖകൾ ഒക്കെയും ഈ ഗുഹയിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അവ അനന്തപൂർ മ്യൂസിയത്തിൽ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഈ ഗുഹയിൽ നാം കാണുന്ന ശേഷിപ്പുകൾ മുഴുവൻ ഏതാണ്ട് രണ്ടായിരും വർഷങ്ങൾക്ക് മുമ്പ് ഇവിടെ താമസിച്ചിരുന്നതായി കരുതപ്പെടുന്ന ബുദ്ധ‑ജൈന സമൂഹത്തിന്റെ സ്മരണാവശിഷ്ടങ്ങളാണ്. ഗുഹാഭിത്തി നിറയെ സർറിയലിസ്റ്റിക്കായ രൂപങ്ങളും ചിത്രങ്ങളും കോറിയിട്ടിരിക്കുന്നു. ഒരുപക്ഷെ അവ കയ്യിൽ കിട്ടിയ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ട് പെരുമാറിയ ‘പാഴ് വേല’ കളായിരിക്കാം. അല്ലെങ്കിൽ തപശക്തിയുള്ള നിഗൂഢമന്ത്രങ്ങളോ അതുമല്ലെങ്കിൽ പാലിക്കേണ്ട ശാസനങ്ങളോ ആവാം. ഗുഹയ്ക്കള്ളിലെ ഓരോ രൂപങ്ങളും പരിചിതങ്ങളായ മറ്റു രൂപങ്ങളായി നമുക്ക് തോന്നുന്നു എന്നതാണ് ബലം ഗുഹയിലെ ഏറ്റവും വലിയ സവിശേഷത. കവാടത്തിന് ഇട്ടിരിക്കുന്ന പേര് ‘പില്ലിദ്വാരം’ എന്നാണ്. ‘മാർജാര കവാടം’ എന്ന് മലയാളം. ദൂരെ നിന്ന് നോക്കുമ്പോൾ ഒരു പൂച്ചയോ പുലിയോ വാപിളർന്നപോലെ തോന്നുന്നതുകൊണ്ടാണിങ്ങനെ പേര് വന്നത്. ഗുഹയ്ക്കുള്ളിൽ ‘കോട്ടിലിംഗ ചേംബർ’ എന്ന ഒരു സ്ഥലമുണ്ട്. ഭിത്തിയിൽ കോടിക്കണക്കിന് ശിവലിംഗ പ്രതിഷ്ഠകൾ സ്ഥാപിച്ചപോലെ തോന്നിക്കും അവിടം. കുറച്ചുകൂടി ഉള്ളിലേക്ക് പോകുമ്പോൾ ‘പൂഡലമാരി’ എന്ന സ്ഥലമാണ്. ഇളംവെളിച്ചത്തിൽ ഒരു വൻ ആൽമരം വിടർന്നുനിൽക്കുന്നതായി തോന്നും. നിറയെ ഇലകളും വമ്പൻവേരുകളും കൈവേരുകളുമുള്ള ഒരു വമ്പൻ ആൽവൃക്ഷം! വാപിളർന്ന സിംഹത്തെ പോലെ തോന്നിക്കുന്ന ഇടത്തിന് ‘സിംഹദ്വാരം’ എന്നാണ് പേര്. പ്രകൃതി ചമച്ച കാഴ്ചയുടെ ഇല്യൂഷനാണ് ഗുഹക്കുള്ളിലാകെ. വർഷങ്ങളായുള്ള ജലപ്രവാഹത്തിൽ ചുണ്ണാമ്പ്കല്ല് തേഞ്ഞ്തേഞ്ഞ് അലിഞ്ഞുണ്ടായ അപൂർവ്വ രൂപങ്ങളാണിവ. ഒരാദിമജനതതിക്കൊപ്പമുണ്ടായിരുന്ന കാലം, കുറുക്കി ഉരുക്കിയുണ്ടാക്കിയ വിസ്മയബിംബങ്ങൾ!

ഗഹ്വരോദരം

കാഴ്ചകളെപ്പോലെ വിസ്മയഭരിതമാണ് ബേലംഗുഹയ്ക്കുള്ളിലൂടെയുള്ള യാത്രയും. ഗുഹയ്ക്ക് മൂന്നേകാൽ കിലോമീറ്ററോളം ദൂരമുണ്ടെങ്കിലും കഷ്ടി ഒന്നരകിലോമീറ്റർ ദൂരം മാത്രമേ സഞ്ചാരികൾക്ക് കാണാനാവൂ. മറ്റ് സ്ഥലങ്ങൾ അതീവ അപകടകരമായതുകൊണ്ടുതന്നെ അവിടേയ്ക്കുള്ള യാത്ര തടഞ്ഞിട്ടുണ്ട്. ഗുഹയ്ക്കുള്ളിലെ പ്രധാനവഴിയിൽ നിന്നും പതിനാറ് കൈവഴികൾ പലയിടങ്ങളിലേയ്ക്ക് പിരിയുന്നുണ്ട്. ആ വഴികളിലൊക്കെയുള്ള നിഗൂഢതകൾ ഇനിയും പുറംലോകം അറിയാനിരിക്കുന്നതേയുള്ളു. നനവുള്ള വഴുവഴുത്ത പാറകളിലൂടെ ചില സാഹസിക കയറ്റിറക്കങ്ങളും ഗുഹക്കുള്ളിൽ നടത്താം. ഏതാണ്ട് രണ്ട് നില പൊക്കത്തിലേക്ക് പടിക്കെട്ടുപോലെ വളഞ്ഞ് വളർന്നുനിൽക്കുന്ന പാറയിലൂടെ കയറി മുകളിൽ ചെന്ന് താഴേക്ക് നോക്കിയാൽ സത്യത്തിൽ ഭയന്നുപോകും. കാരണം ഒരുവേള തോന്നും അരണ്ട വെളിച്ചത്തിൽ താഴെ നീങ്ങുന്നവരൊക്കെയും ‘ഗുഹാമനുഷ്യ’രാണെന്ന്! മുക്കാൽഭാഗം പിന്നിട്ടപ്പോഴേക്കും ഗുഹ അവസാനിക്കുന്നതായി തോന്നി. എന്നാൽ ആ വലിയ ഭിത്തിക്കപ്പുറം മനുഷ്യശബ്ദം കേൾക്കാം. ചെറുവെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോഴാണ് കണ്ടത്, ഒരു ചെറിയ ബോർഡ് ഭിത്തിയിൽ തൂങ്ങുന്നു. ‘അരക്കെട്ട് 35 ഇഞ്ചിൽ കൂടുതലുള്ളവർക്ക് കടക്കാൻ എളുപ്പമാവില്ല’ത്രെ. അടുത്തുചെന്ന് വീണ്ടും നോക്കിയപ്പോഴാണ് കണ്ടത്. രണ്ട് പാറകൾക്കിടയിൽ ഒരു ചെറിയ വിടവ് അതും ഏതാണ്ട് രണ്ട് രണ്ടര മീറ്റലോളം നീളത്തിൽ. ഒരാൾക്ക് കഷ്ടി പോകാവുന്ന ശ്വാസം മുട്ടിക്കുന്ന ഒരിടനാഴി. ‘ചാവേറു‘കളുണ്ടല്ലോ കൂടെ. ഒന്നുമാലോചിച്ചില്ല ഞെങ്ങിഞെരുങ്ങി അപ്പുറം കടന്നു. സത്യത്തിൽ അതായിരുന്നു ഗുഹയ്ക്കുള്ളിലെ അത്ഭുതകവാടം. വിസ്മയിപ്പിച്ചുകൊണ്ട് തൊട്ടുമുന്നിലൊരു വിശാലമായ മണ്ഡപം. ഭിത്തിനിറയെ മനംമയക്കുന്ന ടെക്സ്റ്ററുകളും. ഏതാണ്ട് രണ്ടരനിലയുടെ ഉയരത്തിൽ ഒരു വിശാലമായ മുറി, അല്ല ഒരു ഓഡിറ്റോറിയം തന്നെ. സന്യാസിസമൂഹം കൂടിയാലോചനകളും കൂട്ടപ്രാർത്ഥനകളും സഭകളും കൂടിയിരുന്ന ഇടമായിരിക്കണം അത്. മോഹിപ്പിക്കുന്ന പ്രശാന്തത. ഗുഹ എന്നതിനെപ്പറ്റിയുള്ള പ്രാകൃതവും വന്യവുമായ സങ്കല്പങ്ങളെല്ലാം പൊളിഞ്ഞുവീഴുന്ന ഒരിടം. അൽപംകൂടി മുന്നോട്ട് നടന്നപ്പോൾ ഭിത്തിയിൽ ഒരു മുളങ്കമ്പ് ചാരിവെച്ചിരിക്കുന്നു, സപ്തസ്വരശാലയാണത്! അനാദികാലം മുതലുള്ള ജലപ്രവാഹത്തിൽ അലിഞ്ഞു നേർത്ത ചുണ്ണാമ്പുകല്ലുകൾ ഗുഹാഭിത്തിയോട് ചേർന്ന് തൂണുകൾ പോലെ തൂങ്ങിയിറങ്ങിയിയിരിക്കയാണ്. അതിൽ പതിയെ തട്ടിനോക്കാനാണ് മുളങ്കമ്പുകൾ. ചെറുതായൊന്നു പ്രയോഗിച്ചുനോക്കി പ്രാക്തനമായ സ്വരമാധുരി. ഗുഹയിലെ ‘മ്യൂസിക്ചേംബറാ‘ണത്രെ അവിടം. ഗുഹയ്ക്കുള്ളിൽ ഒരേയോരു കുറവുണ്ടായിരുന്നത് സംഗീതത്തിന്റേതായിരുന്നു, സപ്തസ്വരശാല ആ കുറവും നികത്തിയിരിക്കുന്നു! .

ചരിത്രത്തെ കൂട്ടുപിടിച്ച് ഒരു മടക്കം

‘ബിലം’ എന്ന സംസ്കൃതവാക്കിൽനിന്നാണ് ബേലം എന്ന് ആ ഗുഹയ്ക്ക് പേര് വന്നത്. 1882ൽ റോബർട്ട് ഫൂട്ടെയാണ് ഗുഹ കണ്ടെത്തിയതെങ്കിൽ പിന്നീട് ഒരു നൂറ്റാണ്ട്കാലം അത് ആരാലും തിരിഞ്ഞുനോക്കപ്പെടാതെ അവിടം മണ്ണ് മൂടിക്കിടന്നു. 1983ൽ ഡാനിയൽ ഗബ്ബർ എന്ന ജർമൻകാരനാണ് ബേലം ഗുഹയെ വൃത്തിയാക്കി ഇന്നത്തെ രൂപത്തിലാക്കി അതിന്റെ മാപ്പും തയ്യാറാക്കിയത്. പ്രവേശനകവാടത്തിലെ സ്വീകരണമുറിക്ക് ‘ഗബ്ബർ ചേംബറെ‘ന്നാണ് പേരിട്ടിരിക്കുന്നത്. കണ്‍നിറയെക്കണ്ട് പുറത്തിറങ്ങിയപ്പോഴാണ് ഉള്ളിലെ ചൂടും നടന്ന ദൂരവും അറിഞ്ഞത്. പുറത്തിറങ്ങിയിട്ടും മതിയായില്ല. കവാടത്തിൽ നിന്ന് ഗുഹക്കുള്ളിലേയ്ക്ക് ഒന്ന് തിരിഞ്ഞുനോക്കി. “മണ്ണിന്റെ ഗർഭത്തിൽ ഞാനിനിയും ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിസ്മയങ്ങളും ഗൂഢതകളും കൗശലങ്ങളും ചരിത്രങ്ങളും നീ കാണാത്തതായി ഇനിയുമെത്രയോ ബാക്കിയുണ്ട് ” എന്ന് ആ ഗഹ്വരഭിത്തികൾ വിളിച്ചുപറയുന്ന പോലെ തോന്നി. ‘ഒരു ഗുഹയിൽ കാണാനെന്തിരിക്കുന്നു’ എന്ന പഴയ ചോദ്യത്തിൽ എനിക്കെന്നോടു തന്നെ ലജ്ജ തോന്നി. ബേലം ഗുഹയോട് യാത്ര പറഞ്ഞു; അല്ല വിസ്മയിപ്പിക്കുന്നൊരു മഹാകാലം അധികമാരുമറിയാതെ ക്വാറന്റൈനിലിരിക്കുന്ന സംസ്കൃതിയുടെ ഗർഭഗൃഹത്തോട് ഞങ്ങൾ വിട പറഞ്ഞു. ചിത്രങ്ങൾ: 1.ഗുഹയ്ക്ക് മുന്നിലെ ബുദ്ധപ്രതിമ 2.ലേഖകൻ ഗുഹക്കുള്ളിൽ 3.കോട്ടിലിംഗാല്‍ ചേംബർ 4.ചില കഠിനവഴികൾ 5.ഗുഹാഭിത്തിയിലെ സർറിയലിസ്റ്റ് രൂപങ്ങൾ