Web Desk

ഡെറാഡൂൺ

February 19, 2020, 2:41 pm

വനിതകളെ യുദ്ധമുഖത്തേയ്ക്ക് അയക്കുവാൻ ഇനിയും സമയമായിട്ടില്ലെന്ന് കരസേന വെസ്റ്റേൺ കമാൻഡ് ചീഫ്

Janayugom Online

സൈന്യത്തിൽ അംഗങ്ങളായ വനിതകളെ യുദ്ധമുഖത്തേയ്ക്ക് അയക്കുവാൻ ഇനിയും സമയമായിട്ടില്ലെന്ന് കരസേന വെസ്റ്റേൺ കമാൻഡ് ചീഫ് ലഫ്റ്റനന്റ് ജനറൽ ആർ പി സിങ്. ഡെറാഡൂണിൽ നടന്ന ഒരു സൈനിക ചടങ്ങിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈന്യത്തിൽ വനിതകൾക്ക് തുല്യപദവി നൽകണമെന്ന സുപ്രീംകോടതിയുടെ ഉത്തരവിനെ സൈന്യം സ്വാഗതം ചെയ്യുന്നു. എന്നാൽ സൈനിക പോരാട്ടങ്ങൾ നടക്കുന്നിടത്ത് വനിതകളെ നിയോഗിക്കുന്നതിന് സമയം ഇനിയും പരിണമിക്കേണ്ടിയിരിക്കുന്നു.

സൈന്യത്തിൽ വനിതകൾക്ക് പുരുഷ ജീവനക്കാർക്കൊപ്പം തുല്യത നൽകണമെന്നും സേവനകാലയളവ് മാനദണ്ഡമാക്കാതെ സ്ഥിരം കമ്മിഷൻ നൽകണമെന്നും തിങ്കളാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 2010 ലെ ഡൽഹി ഹൈക്കോടതി വിധിയെ ശരിവച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

”സൈന്യത്തിന്റെ മിക്കവാറും എല്ലാ മേഖലകളിലും വനിതകൾ ജോലിനോക്കുന്നുണ്ട്. അവരുടെ സേവനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധമുഖത്തേക്ക് അയക്കുന്നതിന് കുറച്ചുകൂടി കാലതാമസം വേണ്ടിവരും”. ആർ പി സിങ് പറഞ്ഞു.

Eng­lish Sum­ma­ry; Time not right to grant women com­bat roles says Indi­an Army’s West­ern Com­mand chief