പൈനാപ്പിൾ വിപണിയിൽ വീണ്ടും മധുരിക്കും കാലം. കഴിഞ്ഞ ഡിസംബറിലെ വില തകർച്ചയും മാർച്ച് മേയ് മാസങ്ങളിലെ പൊള്ളുന്ന ചൂടും അതിജീവിച്ച കർഷകർക്ക് ആ ശ്വാസച്ചിരി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള വർധിച്ച ഡിമാന്റാണ് വില വർധനയ്ക്കു കാരണം. സാഹചര്യങ്ങൾ അനുകൂലമായി തുടർന്നു നവംബർ അവസാനം വരെ ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ. പൈനാപ്പിളിന്റെ പ്രധാന വിപണിയായ വാഴക്കുളത്ത് ഇന്നലെ സ്പെഷൽ പച്ചയ്ക്ക് 56 രൂപയും പച്ചയ്ക്ക് 54 രൂപയും പഴത്തിനു 59 രൂപയുമായിരുന്നു. കാര്യമായ കുറവില്ലാത്ത വിലയ്ക്കായിരുന്നു ജില്ലയിലും കച്ചവടം. കഴിഞ്ഞ വർഷം ഇതേ സമയം യഥാക്രമം 39, 37, 47 എന്നിങ്ങനെയായിരുന്നു വില. അതേസമയം, ചില്ലറ വിപണിയിൽ വില ഇതിലൂമേറെ ഉയരെയാണ്. വില ഉയർന്നു നിൽക്കുന്നതു കൂടുതൽ കർഷകർ ഈ മേഖലയിലേക്കു വരാൻ കാരണമാകും.
എറണാകുളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ കൃഷി നടക്കുന്ന ജില്ലകളിലൊന്നു കോട്ടയമാണ്. കഴിഞ്ഞ ഡിസംബറിൽ സ്പെഷൽ ഗ്രേഡ് പോലും കിലോയ്ക്കു 20 രൂപയ്ക്കു വിൽക്കേണ്ടി വന്നതു പല കർഷകരെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു പൈനാപ്പിൾ വിൽപ്പനയ്ക്കു തയാറാകുമ്പോൾ 30 രൂപ ചെലവാകുമെന്നാണു കർഷകരുടെ കണക്ക്. ശരാശരി 40 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ നഷ്ടമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രതികൂല കാലാവസ്ഥയാണു കർഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി കഴിഞ്ഞ വേനൽക്കാലത്തു പലയിടങ്ങളിലും തോട്ടങ്ങളിൽ കർഷകർ കൃത്രിമജലസേചന മാർഗങ്ങൾ ഒരുക്കിയിരുന്നു. ഉണക്കു ബാധിക്കാതിരിക്കാൻ തോട്ടത്തിനു മുകളിൽ പച്ച നെറ്റ് വിരിച്ച വകയിലും വൻ ബാധ്യതയുണ്ടായി. വേനലിന്റെ ആഘാതം ഈ സീസണിൽ ഉൽപാദനത്തിൽ വൻ കുറവിനു കാരണമാകുമെന്ന ആശങ്കയും കർഷകർക്കുണ്ട്. കൃഷി വർധിച്ചതോടെ കാനി (നടീൽവസ്തു)യുടെ വില ഇരട്ടിയിലേറെ ഉയർന്നു 15 രൂപ വരെയെത്തിയതും കർഷകർക്കു തിരിച്ചടിയായി.
കൃഷി ലാഭകരമെന്നു വന്നതോടെ, പല കർഷകരും റബർ കൃഷി പൂർണമായി ഒഴിവാക്കി പൈനാപ്പിളിലേക്കു മാത്രമായി തിരിഞ്ഞിരുന്നു. ഉത്തരേന്ത്യൻ കാലാവസ്ഥ അനുകൂലമായാൽ ഡിസംബറിലും വിലയിൽ കാര്യമായ കുറവു കർഷകർ പ്രതീക്ഷിക്കുന്നില്ല. പിന്നാലെ, റംസാൻ നോമ്പ് കാലത്തു വീണ്ടും ഡിമാന്റ് വർധിക്കും. ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ ഈ സമയത്ത് ഓർഡർ ലഭിക്കും. തുടർച്ചയായ മാസങ്ങളിൽ മികച്ച വില ലഭിച്ചാൽ നഷ്ടമില്ലാതെ കൃഷിയുമായി മുന്നോട്ടുപോകാൻ കഴിയുമെന്നു കർഷകർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.