ഐക്യത്തോടെ വ്യത്യസ്തമായി ചിന്തിക്കാനുള്ള സമയം

Web Desk
Posted on May 24, 2020, 2:15 am

കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ മോഡി സർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോൾ സംഘപരിവാറിൽ ഒരു വിഭാഗം അതിൽ അത്യുത്സാഹം പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുടെ ‘ആത്മനിർഭർ ഭാരത്’ ആണ് സംഘപരിവാറുകാരെ ആകൃഷ്ടരാക്കിയത്. ഇന്ത്യ ഉടൻ തന്നെ നിലവിലുള്ള പാതയിൽ നിന്നും പൂർണമായി വ്യതിചലിച്ച് സ്വയം പര്യാപ്തമായ ഇന്ത്യ എന്ന ലക്ഷ്യത്തിലെത്തുമെന്ന ധാരണയിൽ അവർ എത്തി. വിദേശ കുത്തകകളോടും മേലുള്ള അന്യായമായ വിധേയത്വം അവസാനിക്കുമെന്നും അവർ സ്വപ്നംകണ്ടു. എന്നാൽ ഇത്തരം സ്വപ്നങ്ങളും പ്രചാരണങ്ങളും അല്പായുസ്സുക്കളായിമാറി. ആത്മനിർഭർ ഭാരത് എന്ന ആശയം ഒരിക്കലും നടക്കില്ലെന്ന് 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ വിശകലനത്തിൽ നിന്നും വ്യക്തമായി.

ആത്മനിർഭർ ഭാരത് വാർത്തെടുക്കാനായി ധനമന്ത്രി അഞ്ച് ദിവസമായി നടത്തിയ അധരവ്യായാമം നിരർത്ഥക് ഭാരതമാക്കി മാറ്റി. 20 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് കേവലം പൊള്ളയാണെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കി. കോവിഡിന് ശേഷമുള്ള ഇന്ത്യ വാർത്തെടുക്കുന്നതിന് ജിഡിപിയുടെ പത്ത് ശതമാനമാണ് വിനിയോഗിക്കുന്നതെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ യഥർത്ഥത്തിൽ ജിഡിപിയുടെ ഒന്നോ രണ്ടോ ശതമാനം മാത്രമാണ് വിനിയോഗിക്കുന്നത്. രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണം, പാർപ്പിടം, സുരക്ഷ എന്നിവ ഉറപ്പാക്കുമെന്ന് സ്വതസിദ്ധശൈലിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു. എന്നാൽ ഈ പാക്കേജിന്റെ വിശദാംശങ്ങൾ പരിശോധിച്ചാൽ ഇത് നിരർത്ഥകമാണെന്ന് വ്യക്തമാകും. ഇതിനുള്ള ഏറ്റവും ഉത്തമ ദൃഷ്ടാന്തമാണ് കുടിയേറ്റ തൊഴിലാളികളോടുള്ള മോഡി സർക്കാരിന്റെ സമീപനം.

രാജ്യത്തെ തൊഴിലാളികളുടെ 95 ശതമാനത്തോളം വരുന്ന നഗര- ഗ്രാമീണ മേഖലയിലെ പാവങ്ങൾ, കർഷക തൊഴിലാളികൾ, തൊഴിൽ രഹിതർ, ചെറുകിട ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, റിക്ഷാ വലിക്കുന്നവർ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ കഷ്ടതകൾ അറുതിയില്ലാതെ തുടരുന്നു. ആദിവാസികൾ, ദളിതർ, ഭിന്നലിംഗക്കാർ എന്നിവരും ദുരിതത്തിലാണ്. കോടികൾ വരുന്ന ഈ പട്ടിണിപ്പാവങ്ങളെ മറന്നുള്ളതായിരുന്നു ആ ഉത്തേജക പാക്കേജ്. ഔറംഗാബാദിലെ റയിൽ ട്രാക്കിൽ ചിതറിയ റൊട്ടി കഷണങ്ങളും പഴകിയ തുണികളും രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയാണ് തുറന്നുകാട്ടുന്നത്. സർക്കാരും അവരുടെ പാക്കേജും ഈ പാവങ്ങളെ അവഗണിച്ചു. അവരുടെ അവസ്ഥയിലുള്ള ആകാംക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങി. ഈ പാവങ്ങൾക്കായി സോഷ്യലിസ്റ്റ് വീക്ഷണത്തോടെയുള്ള ഒന്നും മോഡി സർക്കാരിൽ നിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ഇവരുടെ സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും തികച്ചും അപരിഷ്കൃതമാണ്.

മുതലാളിത്ത ആശയങ്ങളിൽ അധിഷ്ഠിതമായ ആശയങ്ങളാണ് ഇവർ പിന്തുടരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഇത്തരത്തിലുള്ള ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ച് കൈകഴുന്നത് മുതലാളിത്ത വ്യവസ്ഥയുടെ പ്രത്യേകതയാണ്. ജോൺ മെയ്നാർഡ് കെയിൻസ് ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ രീതികൾ നിരവധി സാഹചര്യങ്ങളിൽ മുതലാളിത്ത ഭരണ സംവിധാനങ്ങൾ അവംലബിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ, നൊബേൽ സമ്മാന ജേതാക്കളായ അമർത്യാ സെൻ, അഭിജിത് ബാനർജി എന്നിവർ മുന്നോട്ടുവച്ച ആശയങ്ങൾ ഉൾക്കൊള്ളാൻ മോഡി സർക്കാർ തയ്യാറായില്ല. കുടിയേറ്റ തൊഴിലാളികൾക്ക് 7,500 രൂപ വീതം നൽകണമെന്ന ആവശ്യം അംഗീകരിച്ചില്ല. അതിന് പകരം മോഡി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിരൂപയുടെ പാക്കേജിൽ അഞ്ച് കിലോ അരി, ഒരു കിലോ പയറുവർഗങ്ങൾ എന്നിവ രണ്ട് മാസത്തേയ്ക്ക് നൽകാൻ തീരുമാനിച്ചു. ഇത് രാജ്യത്തെ ദരിദ്രനോടുള്ള അവഹേളനയാണ്. പാവപ്പെട്ട ജനങ്ങളുടെ കയ്യിൽ പണം എത്തുമ്പോഴാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സജീവമാകുന്നത്.

എന്നാൽ കോർപ്പറേറ്റുകളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള തീരുമാനങ്ങളാണ് മോഡി സർക്കാർ ഉത്തജേക പാക്കേജിലൂടെ പ്രഖ്യാപിച്ചത്. ഇതാണ് മോഡി സർക്കാരിന്റെ ജനവിരുദ്ധ, ദേശ വിരുദ്ധ നയം. ഇന്ത്യയും ലോകരാജ്യങ്ങളും നേരിടുന്ന പ്രതിസന്ധികളിൽ നിന്നും പാഠം പഠിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മോഡി സർക്കാരിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ നയങ്ങളുടെ പരാജയം മറയ്ക്കാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. സാധാരണക്കാരന്റെ മേൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിച്ച് കുത്തക മുതലാളിമാരെ സംരക്ഷിക്കുന്ന സമീപനമാണ് സർക്കാരിന്റേത്. അതിസമ്പന്നർക്കുമുന്നിൽ രാജ്യത്തെ പണയം വയ്ക്കുന്ന സമീപനം. ഖനികൾ, വൈദ്യുതി, വ്യോമയാനം, ബഹിരാകാശ പര്യവേഷണം എന്നിവയെല്ലാം കുത്തക മുതലാളിമാർക്ക് കൈമാറുന്നു.

തൊഴിൽ പരിഷ്കാരങ്ങളെന്ന പേരിൽ തൊഴിലാളികളുടെ അവകാശങ്ങൾ കാറ്റിൽ പറത്തുന്നു. ഇത്തരത്തിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങളെ ശക്തമായി പ്രതിരോധിക്കണം. തൊഴിലാളി വർഗത്തിന്റെ ശക്തമായ പ്രതിഷേധങ്ങളാണ് കൊറോണാനന്തര സമൂഹത്തിൽ ഉയർന്നു വരേണ്ടത്. പാവപ്പെട്ട തൊഴിലാളികളുടെ പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും പങ്കെടുക്കും. ഇതോടെ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാകും. ചരിത്രത്തിലെ നിർണായക സാഹചര്യത്തിലുള്ള ഈ പോരാട്ടത്തിന്റെ പ്രാധാന്യം കമ്മ്യൂണിസ്റ്റ് പാർട്ടിയും ഇടതുപക്ഷവും മനസിലാക്കുന്നു. ഈ സമരങ്ങൾക്ക് വിശാലമായ ഐക്യം അനിവാര്യമാണ്. ഭരണഘടനയോട് വിധേയത്വം കാണിക്കുന്ന എല്ലാ വിഭാഗങ്ങളും ഇക്കാര്യത്തിനായി ഒരുമിച്ച് ചേരണം. മതേതരത്വം, ജനാധിപത്യം, രാജ്യത്തിന്റെ പരമാധികാരം എന്നിവ സംരക്ഷിക്കുന്നതിനൊപ്പം സാമ്പത്തിക സമത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകണം. രാജ്യം തികച്ചും നിർണായകമായ വഴിത്തിരിവിലാണെന്ന് എല്ലാ പ്രതിപക്ഷ പാർട്ടികളും ഉൾക്കൊള്ളണം.