ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്റ്റ് റാങ്കിങ്ങിൽ (ടിഎച്ച്ഇ) കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ആഗോളതലത്തിൽ 401–600 ബാൻഡിൽ ഇടം പിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ കുതിപ്പിന് ൻതിളക്കമേകിയിരിക്കുകയാണ് കുസാറ്റ് ഈ വർഷത്തെ ടിഎച്ച്ഇ റാങ്കിങ്ങിൽ നേടിയ ആഗോള നേട്ടമെന്നും മന്ത്രി പറഞ്ഞു. ടൈംസ് റാങ്കിങ്ങിൽ ഇന്ത്യയിൽ പതിനേഴാം സ്ഥാനത്തും കേരളത്തിൽ ഒന്നാമതുമാണ് കുസാറ്റ്. 2025 ലെ ക്യുഎസ് റാങ്കിലും ലോകത്തെ മികച്ച ആയിരം സ്ഥാപനങ്ങളിൽ ഒന്നായിരുന്നു കുസാറ്റെന്നും മന്ത്രി അറിയിച്ചു.
വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ മികച്ച റാങ്കിങ് കുസാറ്റ് നേടി. വെള്ളത്തിനടിയിലെ ജീവൻ എന്ന വിഭാഗത്തിലാണ് ഏറ്റവും മികച്ച നേട്ടം.
ആഗോളതലത്തിൽ അമ്പത്തിയെട്ടാം സ്ഥാനവും ദേശീയ‑സംസ്ഥാനതലങ്ങളിൽ ഒന്നാം സ്ഥാനവുമാണ് കുസാറ്റിന്. ശക്തമായ മറൈൻ സയൻസ് വകുപ്പുകളും മികച്ച ഗവേഷണ പ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തനങ്ങളും സമുദ്രസംരക്ഷണ ആവാസവ്യവസ്ഥാ സംരക്ഷണ പ്രവർത്തനങ്ങളും സർവകലാശാലയ്ക്ക് ഈ മികവ് നേടുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാന്യമായ തൊഴിൽ സാമ്പത്തികവളർച്ച എന്ന വിഭാഗത്തിൽ 301–400 ബാൻഡിലുൾപ്പെട്ട കുസാറ്റ്, ദേശീയ‑സംസ്ഥാനതലങ്ങളിൽ ഒന്നാം റാങ്കും നേടി. ലിംഗസമത്വത്തിൽ ആഗോളതലത്തിൽ 201–300 ബാൻഡിൽ ഇടവും ദേശീയ തലത്തിൽ ഒൻപതാം റാങ്കും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കും സർവകലാശാലയ്ക്ക് ലഭിച്ചു. സുസ്ഥിര ഗവേഷണം, ഹരിത കാമ്പസ് പ്രവർത്തനങ്ങൾ, ദേശീയ‑അന്തർദേശീയ സഹകരണങ്ങൾ, മേഖലാധിഷ്ഠിത ഇടപെടലുകൾ എന്നിവയിലൂടെയാണ് കുസാറ്റ് ഈ നേട്ടങ്ങൾ കൈവരിച്ചത്. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡുമായി ചേർന്ന് സ്ഥാപിച്ച ജിയോജിത് കുസാറ്റ് സെന്റർ ഓഫ് സസ്‌റ്റെയ്‌നബിലിറ്റി സ്റ്റഡീസ് (ജിസിഒഎസ്എസ്) സുസ്ഥിര വികസന പ്രവർത്തനങ്ങളിൽ കുസാറ്റിന്റെ പ്രധാന മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.