‘കൊറോണ വൈറസിനെ തടയാൻ’ തരംഗമായി ടിന്റുമോൾ

Web Desk

കോട്ടയം:

Posted on May 09, 2020, 9:45 pm

ഒരുമാസക്കാലത്തിലേറെയായി നമുക്ക് ടെലിഫോൺ സംഭാഷണം ആരംഭിക്കണമെങ്കിൽ “നോവൽ കൊറോണ വൈറസ് രോഗം പടരാതെ തടയാനാകും” എന്ന സന്ദേശം കേട്ടതിനു ശേഷമേ സാധിക്കുകയുള്ളൂ. കേരളത്തിൽ ആരെ വിളിച്ചാലും കേൾക്കുന്ന ശുദ്ധമലയാളത്തിലുള്ള ഈ ശബ്ദം ആരുടേതായിരിക്കും എന്നു പലരും ചിന്തിച്ചിട്ടുണ്ടാവും. വോയിസ് ഓവർ ആർട്ടിസ്റ്റായ ടിന്റുമോൾ ജോസഫ് എന്ന പാലാക്കാരിയുടേതാണ് ഈ ശബ്ദസന്ദേശം.

മുണ്ടാക്കൽ തറപ്പേൽ ടി വി ജോസഫിന്റെയും മരങ്ങാട്ടുപള്ളി പൂവത്തിങ്കൽ ആലീസിന്റെയും മകളാണ് ടിന്റുമോൾ. 24 വർഷമായി ടിന്റുമോളുടെ കുടുംബം താമസിക്കുന്നത് കർണ്ണാടകയിലെ സുള്ള്യയിലാണ്. റബ്ബർ കർഷക തൊഴിലാളികളായ മാതാപിതാക്കൾ ടിന്റുമോളുടെ ചെറുപ്പത്തിൽ തന്നെ കർണ്ണാടകയിലേയ്ക്കു കുടിയേറിയെങ്കിലും മാതൃഭാഷ ശ്വാസത്തിനൊപ്പം കൂടെച്ചേര്‍ന്നിരുന്നു. സുള്ള്യയിൽ തന്നെയായിരുന്നു സ്കൂൾ പഠനം. കന്നഡയിലും പ്രാവീണ്യം നേടി.

ഉപരിപഠനാർത്ഥം 2011‑ൽ ഡൽഹിയിൽ എത്തിയ ടിന്റുമോൾ ജവഹർലാൽ നെഹ്റു സർവ്വകലാശാലിൽ ചേർന്നു. പഠനത്തിനു ശേഷം നാടകം, നൃത്തം എന്നിവ അഭ്യസിച്ചു. ഇതിനിടെയാണ് പരസ്യ രംഗത്ത് എത്തിയത്. ദൂരദർശനിലെ പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജനയുടെ പരിപാടിക്കാണ് ആദ്യം ശബ്ദം നൽകിയത്. ഒട്ടേറെ പരസ്യങ്ങളും സർക്കാർ അറിയിപ്പുകളും മലയാളത്തിലേക്കും കന്നഡയിലേക്കും മൊഴിമാറ്റം ചെയ്തു ശബ്ദം നൽകി.

ടി വി, റേഡിയോ പരസ്യങ്ങളിലൂടെ മലയാളികൾക്കു പരിചിതമായ ശബ്ദമാണെങ്കിലും കൊറോണ ബോധവൽക്കരണ പരസ്യ ശബ്ദമാണ് ശ്രോതാക്കളെ ഏറെ ആകർഷിച്ചത്. ആദ്യ ശബ്ദം നൽകിയത് മാർച്ചിലാണ്. ആദ്യ മൂന്നാഴ്ചയ്ക്കുശേഷം അതിൽ മാറ്റം വരുത്തി. കൊറോണ രോഗികളോട് വിവേചനം പാടില്ലെന്ന മൂന്നാമത്തെ സന്ദേശമാണ് ഇപ്പോൾ കേൾക്കുന്നത്. ഗൂഗിൾ ആപ്പിലൂടെയുള്ള കൊറോണ പരിശോധനയുടെ മലയാള ചോദ്യാവലിയും ടിന്റുമോളുടെ ശബ്ദത്തിലാണ് മുഴങ്ങുന്നത്.

ENGLISH SUMMARY: Tin­tu­mol as the wave to ‘pre­vent coro­n­avirus’

YOU MAY ALSO LIKE THIS VIDEO