പ്രളയ പരാമർശത്തിൽ പുലിവാലുപിടിച്ച് തിരുവഞ്ചൂർ; ട്രോൾ പെരുമഴ

Web Desk

തിരുവനന്തപുരം:

Posted on July 05, 2020, 9:05 pm

സ്വന്തം അഭിപ്രായപ്രകടനം കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണന് വീണ്ടും വിനയാകുന്നു. കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിക്കണമെങ്കിൽ പ്രളയവും വരൾച്ചയും അടക്കമുള്ള ദുരന്തങ്ങൾ വരണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്താവന.


കേരളത്തിൽ വീണ്ടും പ്രളയവും വരൾച്ചയും വരുന്നതോടെ എൽഡിഎഫ് സർക്കാരിന് വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാവുമെന്നും തിരുവഞ്ചൂർ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനലിന്റെ സർവേ ഫലം സംബന്ധിച്ച ചർച്ചയിലാണ് തിരുവഞ്ചൂരിന്റെ പരാമർശം. അസ്ഥാനത്തുള്ള തിരുവഞ്ചൂരിന്റെ പരാമർശത്തെത്തുടർന്ന് നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.


സർവേയിൽ എൽഡിഎഫിന് മുൻതൂക്കം പ്രവചിച്ചപ്പോഴായിരുന്നു പ്രളയവും വരൾച്ചയും സർക്കാരിന്റെ തലയിൽവച്ച് തെരഞ്ഞെടുപ്പിൽ പ്രചാരണമാക്കുമെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവന. ‘നിയമസഭാ തെരഞ്ഞെടുപ്പിന് പതിനൊന്നു മാസം കൂടിയുണ്ടെന്നും അതിനിടയ്ക്ക് ഉടനെ ഒരു പ്രളയം വരും, പിന്നെ വരൾച്ച വരും അതോടെ പിണറായി വിജയനും സർക്കാരിനും വന്നിട്ടുള്ള മേൽക്കൈ ഇല്ലാതാകും. സാമ്പത്തികമായി എല്ലാവരും തകരും. അത് യുഡിഎഫിനു മേൽക്കോയ്മ നേടിത്തരുമെന്നുമായിരുന്നു’ തിരുവഞ്ചൂർ പറഞ്ഞത്. ഇതിനിടെ വാർത്താ അവതാരകർ അടക്കം പരാമർശത്തിലെ പ്രശ്നം ചൂണ്ടിക്കാണിച്ചെങ്കിലും അതൊന്നും വകവയ്ക്കാതെ തിരുവഞ്ചൂർ മുന്നോട്ട് പോവുകയായിരുന്നു.


കഴിഞ്ഞ ദിവസം കോവിഡ് രോഗികൾക്ക് പാരാസെറ്റമോൾ ആണ് നൽകുന്നതെന്നും തിരുവഞ്ചൂർ ചാനൽ ചർച്ചയിൽ പറഞ്ഞിരുന്നു. കോവിഡിന് പാരസെറ്റാമോളാണോ കൊടുക്കേണ്ടതെന്ന തിരുവഞ്ചൂരിന്റെ പ്രസ്താവനയെക്കുറിച്ചും നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കോവിഡ് റാണിയെന്നും നിപാ രാജകുമാരിയെന്നും വിളിച്ചത് സാഹിത്യഭാഷയായി കാണണമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടിരുന്നു. തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.

ENGLISH SUMMARY: tiru­van­choor troll

YOU MAY ALSO LIKE THIS VIDEO