ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐ അന്വേഷിക്കും

Web Desk
Posted on September 03, 2019, 9:18 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ വ്യവസായ വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ പ്രതികളായ ടൈറ്റാനിയം അഴിമതിക്കേസ് സിബിഐ അന്വേഷിക്കും. വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന ആരോപണത്തെ തുടര്‍ന്നുള്ള വിജിലന്‍സ് അന്വേഷണമാണ് സിബിഐക്ക് കൈമാറുന്നത്.
2006ല്‍ ടൈറ്റാനിയത്തില്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ വിദേശത്ത് നിന്നും 260 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങാന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തീരുമാനിച്ചിരുന്നു.

86 കോടിയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്‌തെങ്കിലും ഒരു ഉപകരണം പോലും സ്ഥാപിക്കാനായില്ല. ഇതില്‍ വന്‍ അഴിമതി ആരോപിക്കപ്പെടുകയും വിജിലന്‍സ് കേസ് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട കമ്പനികള്‍ വിദേശത്തായതിനാല്‍ ഇന്റര്‍പോളിന്റെ സഹായവും വിജിലന്‍സ് തേടിയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണിനു വേണ്ടി യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്ത മൂന്നു വിദേശ കമ്പനികളുടെ പങ്കാളിത്തത്തെക്കുറിച്ചാണ് അന്വേഷണം നടന്നത്. വിവരങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വഴി സിബിഐ ജോയിന്റ് ഡയറക്ടര്‍ക്കാണ് വിജിലന്‍സ് കത്ത് നല്‍കിയത്. എന്നാല്‍ സിബിഐയാകട്ടെ ഇന്റര്‍പോളില്‍ നിന്നു വിവരം ശേഖരിച്ചു വിജിലന്‍സിനു കൈമാറിയില്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് വിജിലന്‍സ് ശുപാര്‍ശ ചെയ്തത്.

വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹീം കുഞ്ഞ്, അന്നത്തെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍, ഫിന്‍ലാന്റിന്റെ പ്രതിനിധി രാജീവന്‍, പ്രൊജക്ട് മാനേജര്‍ എം ഗംഗാധരന്‍, മെക്കോണ്‍ ഇന്ത്യ ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ കെ ബാബു, മുന്‍ മന്ത്രി സുജനപാല്‍ എന്നിവരെ പ്രതികളാക്കി. അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല സമ്മര്‍ദം ചെലുത്തിയാണ് മെക്കോണ്‍ കമ്പനി വഴി ഫിന്‍ലാന്‍ഡിലെ കമ്പനിക്ക് കരാര്‍ നല്‍കിയതെന്ന ആരോപണത്തെ തുടര്‍ന്നാണ് ചെന്നിത്തലയും പ്രതി പട്ടികയില്‍ വന്നത്. എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം കാര്യമായി നടന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെയും പ്രത്യേക അന്വേഷണ സംഘത്തെയും നിയമിച്ചിരുന്നു.