Web Desk

കോഴിക്കോട് ഡെസ്‍ക്

January 27, 2021, 9:14 pm

‘ആഴിയും തിരയും’ ഗുരുവിന് ആദരമേകി ടി എം കൃഷ്ണ

Janayugom Online

കടലോര നഗരത്തെ ചൈതന്യധന്യമാക്കി ടിഎം കൃഷ്ണ പാടി. ദൈവദശകത്തിന് കർണാടക സംഗീത രാഗത്തിലേക്കു മൊഴിമാറ്റം. ശ്രീനാരായണ ഗുരുവിന്റെ സാന്നിധ്യം നിറയകയായിരുന്നു എങ്ങും. കോഴിക്കോട് കാരപ്പറമ്പ് സ്കൂളിൽ പെയ്തിറങ്ങിയ സ്വരമാധുരി ഹർഷാരവങ്ങളോടെ ആസ്വാദക ഹൃദയം ഏറ്റുവാങ്ങി. ടി. എം. കൃഷ്ണയുടെ ഗുരു സീസൺ റ്റു വിന് കോഴിക്കോട്ട് മെഹഫിലുകളുടെ പുനർജനി. കൊറോണ താഴിട്ട ഇടവേളയ്ക്ക് കഴിഞ്ഞ് കോഴിക്കോട്ട് നടക്കുന്ന ആദ്യ പൊതു സംഗിതപരിപാടിയായി കൃഷ്ണയുടെ രാഗങ്ങൾ ഒഴുകി. പത്തു മാസത്തിനു ശേഷം ടി. എം. കൃഷ്ണയുടെ രണ്ടാമത്തെ കച്ചേരി. കൃഷ്ണയുടെ ആദ്യ കച്ചേരി റിപബ്ലിക് ദിനത്തിൽ കണ്ണൂരിൽ അരങ്ങേറി.

ശ്രീനാരായണ ഗുരുവിന്റെ ഭദ്രകാളി അഷ്ടകം, അനുകമ്പാ ദശകം, ജനനി നവരത്ന മഞ്ജരി, ചിജ്ജഢ ചിന്തനം, ഗംഗാഷ്ടകം, ആത്മോപദേശ ശതകം എന്നീ കൃതികളിൽ നിന്നുള്ള ഭാഗങ്ങളാണ് കൃഷ്ണ ആലപിച്ചത്. വയലിനിൽ അക്കരായ് സുബ്ബലക്ഷ്മി, മൃദംഗത്തിൽ ബി. ശിവരാമൻ, ഘടത്തിൽ എൻ. ഗുരുപ്രസാദ് എന്നിവർ കച്ചേരിയെ മിഴിവുറ്റതാക്കി.

ഗുരുവിന്റെ പ്രസിദ്ധമായ പ്രാർത്ഥനാ കവിതയായ ദൈവദശകം ആസ്പദമാക്കി നിർമിച്ച ‘ആഴിയും തിരയും’ എന്ന സംഗീത പരിപാടിയുടെ രണ്ടാം ഭാഗമായിരുന്നു ഇന്നലെ കോഴിക്കോട് അരങ്ങേറിയത്. ലോകം കടന്നു പോകുന്ന കാലഘട്ടത്തിൽ ഗുരു മുന്നോട്ടു വച്ച സമഭാവന എന്ന ആശയത്തിനു പ്രസക്തിയേറെയെന്ന് ടിഎം കൃഷ്ണ പറഞ്ഞു. ഈ ആശയം മുൻനിർത്തിയാണ് ‘ആഴിയും തിരയും’ എന്ന പ്രമേയം പിറക്കുന്നത്. നൂൽ ആർക്കൈവ്്സും, ബാക്ക് വാട്ടേഴ്സുമാണ് ഇതിന്റെ അണിയറ ശിൽപ്പികൾ. യുആർയു ആർട്ട് ഹാർബർറും (ഉരു), ഡിസൈൻ ആശ്രമവും ചേർന്നാണ് കോഴിക്കോട്ട് പരിപാടി സംഘടിപ്പിച്ചത്.