ഓണം ബംപര്‍: ഒന്നാം സമ്മാനം ആലപ്പുഴയിൽ 

Web Desk
Posted on September 19, 2019, 2:30 pm

തിരുവനന്തപുരം: ഓണം ബംപര്‍ ഒന്നാം സമ്മാനം നറുക്കെടുത്തു. ഒന്നാം സമ്മാനം പന്ത്രണ്ട് കോടി ടി.എം.160869. ആലപ്പുഴയില്‍ വിറ്റ ടിക്കറ്റാണിത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഭാഗ്യശാലിയുടെ കയ്യിലെത്തുന്നത്. 12 കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചയാള്‍ക്കു കിട്ടുക 7.56 കോടി രൂപയാണ്. ഏജന്‍സി കമ്മിഷനും ആദായ നികുതിയും കിഴിച്ചുള്ള തുകയാണിത്. ഏജന്‍സി കമ്മിഷന്‍ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജന്‍സി കമ്മിഷന്‍ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാര്‍ഹനില്‍ നിന്ന് ഈടാക്കും.

ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാര്‍ഹനു ലഭിക്കുക. ഒന്നാം സമ്മാനം 12 കോടി ആയതിനാല്‍ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജന്‍സി കമ്മിഷനായി സമ്മാനത്തുകയില്‍നിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാര്‍ഹനു ലഭിക്കുന്നത്.