മമ്മൂട്ടിയുടെ വാക്കുകള്‍ വളച്ചൊടിച്ച് പ്രതാപന്‍; കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ തലയൂരി

Web Desk
Posted on March 20, 2019, 10:52 pm

മമ്മൂട്ടിയുടെ വാക്കുകളെ വളച്ചൊടിച്ച് ടിഎന്‍ പ്രതാപന്‍റെ വ്യാജ പ്രചരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി എന്‍ പ്രതാപനെക്കുറിച്ച് നടന്‍ മമ്മൂട്ടി പറഞ്ഞുവെന്ന പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചരണവുമായി ടി എന്‍ പ്രതാപന്‍. പ്രതാപന്റെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ മമ്മുട്ടി ഉദ്ഘാടനം നിര്‍വഹിച്ചുവെന്ന പോസ്റ്റിലെ വാചകങ്ങളില്‍ മമ്മുട്ടി പറയാത്ത വാക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് പോസ്റ്റ് ചെയ്തു. പിന്നീട് പോസ്റ്റ് വിവാദമാകുമെന്ന് മനസ്സിലായപ്പോള്‍ എഡിറ്റ് ചെയ്ത് പുതിയവ ചേര്‍ക്കുകയായിരുന്നു.

 

 

ചൊവ്വാഴ്ച ഒമ്പതു മണിയോടെയാണ് പ്രതാപന്റെ ഫേസ്ബുക്ക് പേജില്‍ മമ്മുട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. അതില്‍ ടി എന്‍ പ്രതാപന്‍ ജയിക്കണം അത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതിനാല്‍ തന്റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ടെന്നും, ടി എന്‍ പ്രതാപന്‍ കേവലം ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാനിദ്ധ്യവും നിസ്വാര്‍ത്ഥ സേവനത്തിന്റെ ഉജ്ജ്വല മാതൃകയുമാണ് എന്നെല്ലാം മമ്മുട്ടി പറഞ്ഞുവെന്നായിരുന്നു ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.