Friday
18 Oct 2019

ആ ജയ്‌വിളികളെ ഭയക്കണം

By: Web Desk | Sunday 23 June 2019 10:19 PM IST


valsan-ramakulathതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനവും അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും വരും നാളുകളിലെ അതിഭീകരതയുടെ തുടക്കമാണെന്ന് ആശങ്കപ്പെടുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസി സത്യപ്രതിജ്ഞയ്ക്ക് കയറുമ്പോള്‍ ബിജെപി എംപിമാര്‍ ‘ജയ് ശ്രീറാം’ മന്ത്രം മുഴക്കിയതാണ് ഇങ്ങനെയൊരു ചിന്തയ്ക്കാധാരം.

തങ്ങള്‍ക്കിഷ്ടമല്ലാത്തതൊന്നും പാടില്ലെന്ന് സഭയിലെ സംഘപരിവാര്‍ തീരുമാനിക്കുകയാണിവിടെ. ജനപ്രതിനിധി സഭയില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് എത്തിയവരെ സമാനരായ ഒരുകൂട്ടര്‍ വിലകുറഞ്ഞരീതിയില്‍ വിലക്കാന്‍ തീരുമാനിച്ചാല്‍ ജനാധിപത്യം തീര്‍ച്ചയായും അപായപ്പെടും. ജനപ്രതിനിധി സഭയില്‍ വാക്കുതര്‍ക്കങ്ങളും പോര്‍വിളികളും തടസപ്പെടുത്തലും പതിവൊക്കെത്തന്നെയാണ്. പക്ഷെ, സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് വിഘ്‌നമുണ്ടാക്കുന്നത് ന്യായീകരിക്കാനാവുന്നതല്ല.

ജനപ്രതിനിധികളായി അയച്ചവര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുമ്പോള്‍ അതിന് കാരണക്കാരായ ജനവിഭാഗങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കുന്നത് കീഴ്‌വഴക്കമാണ്. പക്ഷെ, ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം എന്നീ മന്ത്രോച്ചാരണങ്ങളെ മുദ്രാവാക്യങ്ങളായി കാണാനാവില്ല. ഒവൈസി തിരിച്ച് വിളിച്ച ജയ് ഭീം ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍ എന്നതും മുദ്രാവാക്യങ്ങളല്ല. ഇനിയുള്ള ഇന്ത്യ എവിടേയ്‌ക്കെന്ന് നമ്മളെ ചിന്തിപ്പിക്കാന്‍ കഴിയുന്ന മന്ത്രാക്ഷരങ്ങളാണ് ഇവയെല്ലാം. ഇന്‍ക്വിലാബിന്റെ ഈരടികള്‍ കേട്ട ഇന്ത്യന്‍ കാതുകളില്‍ അസ്വസ്ഥതകളുണ്ടാക്കുന്ന ജാതീയ മന്ത്രങ്ങള്‍ പതിക്കുന്നത് ഭീതിതമാണ്. ജനപ്രതിനിധികളെക്കൊണ്ട് കീ ജയ് വിളിപ്പിക്കുന്നത് ജനകീയതയ്ക്ക് വേണ്ടിയല്ല. അവരിപ്പോഴും തങ്ങളുടെ അടിമയാണെന്ന് പറയാതെ പറയുകയാണ് സംഘപരിവാര്‍ നേതൃത്വം.

ജനങ്ങളായാലും ജനപ്രതിനിധികളായാലും സംഘപരിവാരമെന്ന ആഢ്യത്തത്തിന് അടിമകള്‍ തന്നെയെന്ന് ആവര്‍ത്തിക്കുകയാണവര്‍. കേന്ദ്ര മന്ത്രി ബാബൂല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ജയ് ശ്രീറാം വിളികള്‍ മുഴങ്ങിയിരുന്നു. ഈസമയം ജയ് ശ്രീറാം വിളിക്കേണ്ട സ്ഥലം ഇതല്ലെന്ന് തുറന്നുപറഞ്ഞത് നവനീത് റാണയെന്ന അമരാവതിയിലെ പാര്‍ലമെന്റംഗമാണ്. ക്ഷേത്രമാണ് അതിന് ഉചിതം എന്ന് റാണ പറയുമ്പോഴും അത് എത്രമാത്രം സംഘപരിവാര്‍ എംപിമാര്‍ ഉള്‍ക്കൊണ്ടിട്ടുണ്ടാവുമെന്ന് ഊഹിക്കാവുന്നതാണ്. മധുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഐ(എം) എഴുത്തുകാരനും തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ സു വെങ്കടേശന്‍ സത്യപ്രതിജ്ഞയ്ക്ക് ശേഷം ‘തമിഴ് വാഴ്‌കെ, മാര്‍ക്‌സീയം വാഴ്‌കെ’ എന്ന മുദ്രാവാക്യം സ്വയം വിളിച്ചു. ജയ് ശ്രീറാം വിളികള്‍ കേട്ടതില്‍ സ്വാഭാവികമായുണ്ടായ പ്രതിരോധമാണത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇത്തരം പോര്‍വിളികളും മുദ്രാവാക്യങ്ങളും മന്ത്രോച്ചാരണങ്ങളും മുഴങ്ങുന്നത് ചിലതിനെ അംഗീകരിച്ചുകൊടുക്കലും ആവര്‍ത്തിക്കപ്പെടാന്‍ അവസരമൊരുക്കലുമാണ്.

ലോക്‌സഭയ്ക്കും നിയമസഭയ്ക്കും പുറത്തും മുദ്രാവാക്യങ്ങളും മന്ത്രോച്ചാരണവും നാമജപങ്ങളും പതിവുണ്ട്. ഓരോരോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അവരവരുടെ നയങ്ങളിലും ആശയങ്ങളിലും ആവശ്യങ്ങളിലും അധിഷ്ഠിതമായ മുദ്രാവാക്യങ്ങളുണ്ടാക്കും. സംഘപരിവാര്‍ രാഷ്ട്രീയത്തിലും അധികാരത്തിലും കണ്ണുവച്ചതുമുതല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരമ്പരാഗത മുദ്രാവാക്യ ശൈലികളെ ഇവര്‍ തച്ചുടച്ചു. ആചാരങ്ങളും വിശ്വാസങ്ങളും മേമ്പൊടിയാക്കി അധികാരത്തിലേക്കുള്ള കുറക്കുവഴി തേടിക്കൊണ്ട് ഇവര്‍ തുടര്‍ന്ന ദുരാചാരങ്ങളും മന്ത്രോച്ചാരണങ്ങളും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അനശ്വര മുദ്രാവാക്യങ്ങളെ നേരിടും വിധത്തിലാണ്. വിമര്‍ശിക്കുന്നവരുടെ ജീവനെടുക്കുമ്പോഴും അവരെ ആക്രമിച്ചൊതുക്കുമ്പോഴും സംഘപരിവാര്‍ മുഴക്കുന്നത് ദൈവികമായ മന്ത്രോച്ചാരണങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ മതേതര രാജ്യമായ ഇന്ത്യയെ ഭാരതാംബയെന്ന നിലയില്‍ ഹിന്ദുരാഷ്ട്രമാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഭാരത് മാതാ കീ ജയ് എന്ന് സംഘപരിവാര്‍ വിളിപ്പിക്കുന്നതിനൊപ്പം ദേശഭക്തിയുടെ ഗീതമായി ലോകം കേട്ട ‘വന്ദേമാതരം’ തങ്ങളുടേതാക്കാനും ഇവര്‍ ശ്രമിക്കുന്നു.

ഇന്‍ക്വിലാബ് മുഴക്കുന്നതിനിടയില്‍ ഇന്ത്യക്കുവേണ്ടി ജീവിച്ചവരും ജീവിക്കുന്നവരും വന്ദേമാതരം മറന്നതാവാം ഇവരുടെ ഈ പിടിച്ചുപറിക്ക് കാരണം. രാജ്യസ്‌നേഹവും ദേശസ്‌നേഹവും ഒരു കൂട്ടര്‍ക്ക് ഇങ്ങനെ തീറെഴുതിക്കൊടുക്കുന്നത് ദേശദ്രോഹമായി കാണേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ നിലനില്‍പ്പുതന്നെ ആപത്തിലേക്ക് നീങ്ങുന്നു. ഹിന്ദുരാഷ്ട്ര സങ്കല്‍പത്തിനായി ആദ്യം മുസല്‍മാനെയും അടുത്തത് ക്രൈസ്തവരെയും ഒടുവില്‍ കമ്മ്യൂണിസ്റ്റുകളെയും തീര്‍ക്കണമെന്ന് ഇന്ത്യന്‍ ഹിറ്റ്‌ലര്‍ എത്രയോ കാലം മുമ്പേ എഴുതിവച്ചിരിക്കുന്നു. പിന്‍മുറക്കാര്‍ അതേറ്റുപാടുകയും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ നാട് ഭയന്ന് ഉള്‍വലിയരുത്. രക്തസാക്ഷിത്വം വരിച്ച് കല്‍ബുര്‍ഗിയും പന്‍സാരെയുമെല്ലാം മുമ്പേ കടന്നുപോയത് ഈയൊരു പടപ്പുറപ്പാടിന് കരുത്ത് പകര്‍ന്നുകൊണ്ടാണ്. ഇന്‍ക്വിലാബിന്‍ മക്കള്‍ നമ്മള്‍… എന്ന് പാടുമ്പോഴും തോക്കിനുമുന്നില്‍ തോറ്റ് പിടഞ്ഞുവീഴുന്നവരായി ഇനിയും മാറിക്കൂടാ. നെഞ്ചുയര്‍ത്തി സിന്ദാബാദ് വിളിക്കുന്നതിനൊപ്പം നമ്മളാദ്യം പാടിയ വന്ദേമാതരം, ഇന്‍ക്വിലാബിനൊപ്പം നീട്ടി വിളിക്കണം.

ബംഗാളി കവിയും ന്യായാധിപനും അധ്യാപകനുമായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഊര്‍ജ്ജ സ്രോതസായിരുന്നു. ഗാന്ധിയും സുഭാഷ് ചന്ദ്രബോസും തുടങ്ങി ധീരദേശാഭിമാനികളെല്ലാം ഏറ്റുപാടിയ ദേശീയഗീതം. സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷ് ഭരണത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടി പോരാളികള്‍ ഉയര്‍ത്തിയ തീക്ഷ്ണ ശബ്ദമായി വന്ദേമാതരം. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ റാലികളിലും പ്രകടനങ്ങളിലും ‘വന്ദേമാതരം’ മുഴക്കിക്കൊണ്ടാണ് ജനങ്ങള്‍ ദേശസ്‌നേഹം പ്രകടിപ്പിച്ചത്. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെയും ദേശിയ ഐക്യത്തിന്റെയും പ്രതീകമായി വന്ദേമാതരം മാറി. ഇതോടെ വന്ദേമാതരം പരസ്യമായി ആലപിക്കുന്നത് ബ്രിട്ടീഷ് ഭരണകൂടം നിരോധിച്ചു. നിരവധി സ്വാതന്ത്ര്യ സമരസേനാനികള്‍ വന്ദേമാതരം ആലപിച്ച കുറ്റത്തിന് തുറങ്കിലടയ്ക്കപ്പെട്ടു. കോണ്‍ഗ്രസിന്റെ 1896ലെ കൊല്‍ക്കത്ത സമ്മേളനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ ഈ ഗാനമാലപിച്ചു. ഒരു രാഷ്ട്രീയ പൊതുവേദിയില്‍ വന്ദേമാതരം ആലപിക്കപ്പെട്ട ആദ്യത്തെ സന്ദര്‍ഭമായിരുന്നു അത്. സ്വാതന്ത്ര്യ സമരത്തിലും പിന്നീടിങ്ങോട്ടും ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ തങ്ങളുടെ വേദികളിലെല്ലാം വന്ദേമാതരം മുഖ്യമാക്കി.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരായ സമരത്തെ പ്രചണ്ഡവും പ്രബുദ്ധവുമാക്കി തീര്‍ത്ത വന്ദേമാതരം വര്‍ഗീയവാദികള്‍ക്ക് മന്ത്രമാക്കാന്‍ വിട്ടുകൊടുക്കാനുള്ളതല്ല. ഇന്ത്യന്‍ ചരിത്രത്തെ വളച്ചൊടിച്ച് സംഘപരിവാര്‍ അജണ്ട തിരുകിക്കൊണ്ടിരിക്കുന്നത് രാജ്യം ചര്‍ച്ചചെയ്യുന്നതാണ് സന്ദര്‍ഭം. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെയും വന്ദേമാതരത്തിന്റെ പിറവിയുടെയും ചരിത്രത്തില്‍ സംഘപരിവാര്‍ ബുദ്ധിജീവികള്‍ കൈവച്ച് വര്‍ഗീയ ഭിന്നതയിലേക്ക് എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഈ അജണ്ടയാണ് വന്ദേമാതരം ബ്രിട്ടീഷുകാര്‍ക്കെതിരെ അല്ല എന്ന വാദം ശക്തിപ്പെടുത്തുന്നതിന്റെയും പിറകിലുള്ളത്. ജനപ്രതിനിധി സഭകളിലെ മന്ത്രോച്ചാരണങ്ങളും പുറത്ത് ഇവയെ കൊലവിളികളുമാക്കുന്ന സംഘപരിവാര്‍ നിലപാടുകളെ നേരിടണം. അതിനായി നീട്ടി വിളിക്കാം നമുക്ക് ഇന്‍ക്വിലാബ് സിന്ദാബാദിനൊപ്പം വന്ദേമാതരവും. ദേശസ്‌നേഹം തുറന്നുപറയുന്ന പന്‍സാരെയും കല്‍ബുര്‍ഗിയും ഇനിയും കൊല്ലപ്പെടാതിരിക്കട്ടെ. ദേശീയ രാഷ്ട്രീയ നെറികേടിനെ തുറന്നുകാട്ടുന്ന ക്യാമ്പസുകള്‍ രാജ്യദ്രോഹികളുടെ താവളമെന്ന് മുദ്രകുത്തപ്പെടാതിരിക്കട്ടെ. ഇന്ത്യയെ അപകടപ്പെടുത്താനും ഭിന്നിപ്പിക്കാനും മുതിരുന്നവര്‍ ഭയക്കണം ഇന്‍ക്വിലാബിനൊപ്പമുള്ള വന്ദേമാതര ഗീതികളെ.

Related News