Janayugom Online
വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിച്ച ഐ എ എല്‍ ഭാരവാഹികള്‍ മക്കള്‍ അമര്‍ദീപ്, അനാമിക എന്നിവരോടൊപ്പം

ഭീകരാക്രമണത്തില്‍ അപലപിച്ചാല്‍ പോര; സൈനികരുടെ സുരക്ഷ ഉറപ്പാക്കണം

Web Desk
Posted on February 24, 2019, 9:50 pm

കോഴിക്കോട്: പുല്‍വാമ തീവ്രവാദി അക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്തകുമാറിന്റെ വീട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ എ എല്‍) സംസ്ഥാന ഭാരവാഹികള്‍ സന്ദര്‍ശിച്ച് സന്തപ്ത കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഭൂ പരമായ ഐക്യത്തിനും നേരെ ഉയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ സൈന്യത്തോടൊപ്പം ജനങ്ങളും സജ്ജരാകണമെന്ന് ഐ എ എല്‍ ദേശീയ സെക്രട്ടറി അഡ്വ. എ ജയശങ്കര്‍ ആഹ്വാനം ചെയ്തു. ഭീകരാക്രമണത്തെ അപലപിക്കുന്നതിനോടൊപ്പം സൈനികരുടെ സുരക്ഷ ഉറപ്പാക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അക്കാര്യത്തില്‍ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എ അസീസ്, ജനറല്‍ സെക്രട്ടറി അഡ്വ. സി ബി സ്വാമിനാഥന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. കെ എം തോമസ്, കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. എ കെ സുകുമാരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.