ഭീതിയുടെ നാളുകളെ കരുതലോടെ നേരിടാൻ

Web Desk
Posted on August 04, 2020, 3:00 am

ജനാരോഗ്യം കോവിഡിൽ ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. പ്രത്യേകിച്ച് മഴ ശക്തിപ്രാപിച്ചുകൊണ്ടിരിക്കേ. പതിവ് പകർച്ചവ്യാധികളെക്കൂടി പ്രതീക്ഷിക്കേണ്ടുന്ന സന്ദർഭം. സർക്കാരും ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങളും നിസ്സഹായരാകും വിധമാണ് സാമൂഹിക പശ്ചാത്തലം. കോവിഡ് വ്യാപനത്തിന്റെ ഭീതിദമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടതിന്റെ നല്ലൊരു പങ്കും സമൂഹം സ്വയം വരുത്തിവച്ചതെന്ന് പറയേണ്ടിവരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ തോപ്പുംപടി ബിഒടി പാലത്തിലുണ്ടായത്. കോവിഡ് പടർന്നുപിടിക്കുന്നതിനെ നേരിടുന്നതിന്റെ ഭാഗമായാണ് കൊച്ചി കോർപറേഷന്റെ പശ്ചിമകൊച്ചി മേഖലയായ ഒന്നുമുതൽ 28 വരെയുള്ള ഡിവിഷനുകൾ സമ്പൂർണ ലോക്ഡൗൺ ആക്കുവാൻ തീരുമാനിച്ചതും ഞായറാഴ്ച വൈകുന്നേരത്തോടെ പാലം അടച്ചിട്ടതും. ഇന്നലെ രാവിലെ പാലം തുറന്നിട്ടതായി ശ്രദ്ധയിൽപ്പെട്ടവരെല്ലാം നിമിഷനേരംകൊണ്ട് അക്കാര്യം നാടൊട്ടുക്ക് പ്രചരിപ്പിച്ചു. സ്വകാര്യ ബസുകളുൾപ്പെടെ സകലമാന വാഹനങ്ങളും തലങ്ങുംവിലങ്ങും ഓടി. ആയിരക്കണക്കിനാളുകളാണ് രോഗഭീതിയും വ്യാപനവും മറന്ന് പുറത്തിറങ്ങിയത്.

രോഗ്യവ്യാപന മേഖലകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നതും കർശനനിയന്ത്രണങ്ങൾ കൊണ്ടുവരുന്നതും ബന്ധപ്പെട്ട കേന്ദ്രങ്ങൾ അടിച്ചേൽപ്പിക്കുന്ന ഒന്നാണെന്ന മിഥ്യാബോധത്തിലാണ് പലരും. താന്താങ്ങൾക്ക് രോഗം പിടിപെടാതിരിക്കാനുള്ള കരുതൽ ആരും സ്വമേധയാ സ്വീകരിക്കുന്നില്ല. ആപത്ത് പിണഞ്ഞാൽ ഭരണകർത്താക്കൾക്കെതിരെ പഴിയുമായി തിരിയുന്ന രീതിയെ സമൂഹം തന്നെ നേരിടണം. ജാഗ്രത മറന്നുള്ള പ്രവൃത്തികളെ നേരിടുന്നതിൽ ഭരണകൂടം വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണം. കേവലം ജാഗ്രതക്കുറവെന്നോ അശ്രദ്ധയെന്നോ എന്ന നിലയിൽ കാണാതെ നിയമലംഘനമായി കണ്ട് ഇതിനെ കൈകാര്യം ചെയ്യണം. എതിർപ്പുകളെയും പരാതികളെയും ഭയന്ന് വിട്ടുവീഴ്ചയ്ക്ക് മുതിരുന്നത് രോഗവ്യാപനം കൂട്ടാനേ ഉപകരിക്കൂ. പൊലീസിന്റെ ഇടപെടൽ ശക്തമാക്കണം. ജാഗ്രത കൈവിടാതിരിക്കാനുള്ള ബോധവത്കരണത്തിന് സന്നദ്ധപ്രവര്‍ത്തകരുടെ ഇടപെടലും വേണം. കോവിഡ് 19ന്റെ സമൂഹവ്യാപനം കണ്ടെത്തിയ സംസ്ഥാനമാണ് കേരളം. നാൾക്കുനാൾ രോഗികളുടെ എണ്ണം പെരുകുന്നു. സമ്പർക്കത്തിലൂടെ രോഗം പിടിപെടുന്നവരുടെ എണ്ണവും വർധിക്കുന്നു. ഈ ഘട്ടത്തിൽ എല്ലാ പരിമിതികളെയും അവഗണിച്ച്, പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാറ്റി സർക്കാർ സംവിധാനങ്ങളപ്പാടെ പ്രതിരോധപ്രവർത്തനത്തിന്റെ മുൻപന്തിയിൽ തന്നെയാണ്.

കോവിഡ് രോഗം നിര്‍ണയിക്കപ്പെട്ടവരിൽ ആശുപത്രിയിൽ നിരീക്ഷണം ഏർപ്പെടുത്തേണ്ട കേസുകളും അധികരിക്കുന്നു. കോവിഡ് രോഗചികിത്സയ്ക്കും ഇതര രോഗശാന്തിക്കുമായി ഒരേ ആശുപത്രിയിൽ എത്തുന്നത് സങ്കീർണതകളുണ്ടാക്കുന്നുണ്ട്. ജനങ്ങളുടെ ഈ പ്രയാസം മുന്നിൽ കണ്ടാണ് സംസ്ഥാന സർക്കാർ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ വ്യാപകമാക്കാൻ തീരുമാനിച്ചതും നടപ്പാക്കിവരുന്നതും. 101 ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് പ്രവർത്തിക്കുന്നത്. 12,801 കിടക്കകൾ സജ്ജീകരിച്ചിരിക്കുന്ന ഇവിടങ്ങളിൽ 45 ശതമാനം കിടക്കകളിലും ആളുകൾ ഉണ്ട്. 201 ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾകൂടി ഉടൻ സജ്ജമാകും. 30,598 കിടക്കകളാണിവിടങ്ങളിൽ തയ്യാറാക്കുക. മൂന്നാം ഘട്ടത്തിൽ 480 കേന്ദ്രങ്ങളും അതിൽ 36,400 കിടക്കകളും ഉണ്ടാകും. ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും മേൽനോട്ടത്തിൽ 1,571 അംഗ കോവിഡ് ബ്രിഗേഡും രംഗത്തുണ്ട്. ഈ അംഗസംഖ്യയും വർധിപ്പിക്കും. ഇതോടൊപ്പം നവകേരളം കർമ്മപദ്ധതി പ്രകാരം ആവിഷ്കരിച്ച ആർദ്രം മിഷന്റെ ഭാഗമായി വിവിധ ജില്ലകളിൽ സജ്ജമാക്കിയ 102 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഇന്നലെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നു. ആർദ്രം മിഷന്റെ ഒന്നാം ഘട്ടത്തിൽ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയിരുന്നു.

രണ്ടാംഘട്ടത്തിൽ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇതിൽ നിർമ്മാണം പൂർത്തിയാക്കിയവയുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കപ്പെട്ടത്. നിത്യേനയുള്ള ജീവിതശൈലി രോഗങ്ങൾക്കുള്ള ക്ലിനിക്കുകളും സ്വകാര്യതയുള്ള പരിശോധനമുറികളും മാർഗരേഖകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ, ആസ്മ, ശ്വാസതടസം തുടങ്ങിയവയ്ക്കുള്ള ക്ലിനിക്ക്, മാനസികാരോഗ്യ പരിചരണത്തിന് ആശ്വാസ ക്ലിനിക്ക്, എല്ലാദിവസവും ഉച്ചതിരിഞ്ഞ് പ്രവർത്തിക്കുന്ന ഉപകേന്ദ്ര ക്ലിനിക്കുകൾ, ഫീല്‍ഡ് തലത്തിൽ സമ്പൂർണ മാനസികാരോഗ്യപരിപാടി, ഡോക്ടർമാരെ കാണുന്നതിനും മുമ്പേ നഴ്സുമാർ വഴിയുള്ള പ്രീ ചെക്കപ്പിനുള്ള സൗകര്യം, രോഗീസൗഹൃദവും ജനസൗഹൃദവുമായ അന്തരീക്ഷം എന്നിവയാണ് ഈ കേന്ദ്രങ്ങളിലും ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നത്. ജനങ്ങൾക്ക് പ്രാദേശികതലം മുതൽ മികച്ച ചികിത്സ ഉറപ്പാക്കുന്നതിനാണ് സർക്കാര്‍ ഇതിലൂടെയെല്ലാം ഊന്നൽനൽകുന്നത്. ആരോഗ്യപരിപാലനത്തിൽ പലമേഖലയിലും നിലനിൽക്കുന്ന പോരായ്മകൾ കോവിഡ്കാലത്ത് ഉണ്ടായിക്കൂട എന്ന വിശാലമായ കാഴ്ചപ്പാടുകൂടിയാണിത്. ഈ ഘട്ടത്തിൽ സമൂഹത്തിന്റേതായ കരുതൽ കൂടി ഉണ്ടാവേണ്ടത് അനിവാര്യമാണ്.