Monday
20 May 2019

മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കാന്‍

By: Web Desk | Tuesday 9 April 2019 10:20 PM IST


പ്രത്യേക ലേഖകന്‍

കേരളത്തിന്റെ ഭാവിക്ക് ഉതകുന്ന ഒരു വാഗ്ദാനമാണ് ഉള്‍നാടന്‍ മത്സ്യബന്ധനമേഖല. നല്ലയിനം മത്സ്യവിത്തുകളുടെ ലഭ്യതക്കുറവ് ഈ മേഖല നേരിടുന്ന ഒരു പ്രധാന പ്രശ്‌നമായി കണക്കാക്കപ്പെടുന്നു. നല്ലയിനം മത്സ്യവിത്തുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും, ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനുമായി നിലവിലുള്ള ഹാച്ചറികള്‍, നഴ്‌സറികള്‍, ഫിഷ്ഫാമുകള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനോടൊപ്പം പുതിയ യൂണിറ്റുകള്‍ നിര്‍മിക്കുകയും വേണം. 2018-19 ല്‍ അക്വാക്കള്‍ച്ചറിന് 48 കോടി രൂപ ഉള്‍പ്പെടുത്തിക്കൊണ്ട് ഉള്‍നാടന്‍ മത്സ്യബന്ധനത്തിനുവേണ്ടി 76.48 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെടുന്നത് അവസാനിപ്പിക്കുന്നതിന് സമുദ്രരക്ഷായാനം കരസ്ഥമാക്കുന്നതിന് അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ താരതമേ്യനയുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി 2015-16ല്‍ സംസ്ഥാനസര്‍ക്കാര്‍ ‘അടിസ്ഥാനസൗകര്യവും മാനവശേഷി വികസനവും’ എന്ന പുതിയ പദ്ധതിക്ക് രൂപം നല്‍കി. 2018-19ല്‍ ഈ പദ്ധതിക്കായി 237.60 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ 150 കോടി രൂപ സമുദ്രതീരത്തിന്റെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന, കടലാക്രമണ ഭീതി നേരിടുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനും ഭൂമി വാങ്ങുന്നതിനും ഭവനനിര്‍മാണത്തിനും വേണ്ടി മാത്രമായി നീക്കി വച്ചിട്ടുള്ളതാണ്.

2017-18ല്‍ മത്സ്യബന്ധനത്തിനും തീരദേശ വികസനത്തിനുമായി വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയത് 461.58 കോടി രൂപയാണ്. റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ചെലവ്തുക 405.25 കോടി രൂപ. ഇത് മേഖലയുടെ പദ്ധതിവിഹിതത്തിന്റെ 88 ശതമാനം ആണ്. കേന്ദ്ര സഹായമുള്ള പദ്ധതികളുടെ വകയിരുത്തല്‍ 99.51 കോടി രൂപയും ചെലവ് 28.66 കോടി രൂപയുമാണ്- 28.80 ശതമാനം. സിഎസ്എസ് പദ്ധതികളില്‍ ഉള്‍പ്പെട്ട എന്‍സിഡിസി സഹായ പദ്ധതിയുടെ വകയിരുത്തല്‍ 17 കോടി രൂപയും ചെലവ് 3.65 കോടി രൂപയുമാണ്- 21.4 ശതമാനം.
മത്സ്യത്തൊഴിലാളികളുടെ പാര്‍പ്പിട മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനായി മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നിര്‍മിക്കാന്‍ നാല് ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. 400 മത്സ്യത്തൊഴിലാളികള്‍ക്ക് ആദ്യഗഡുവും 94 മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാം ഗഡുവും 29 മത്സ്യത്തൊഴിലാളികള്‍ക്ക് മൂന്നാം ഗഡുവും ധനസഹായം നല്‍കി. കടല്‍തീരത്തുനിന്നും 200 മീറ്റര്‍ അകലെയുള്ള സ്ഥങ്ങളിലേയ്ക്ക് മാറിതാമസിക്കാന്‍ തയാറാകുന്നവര്‍ക്ക് സ്ഥലം വാങ്ങുന്നതിനായി പരമാവധി ആറ് ലക്ഷം രൂപ വരെ നല്‍കുന്നുണ്ട്. 750 മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ തീരദേശ അടിസ്ഥാന സൗകര്യവികസനത്തിന് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ തുക ചെലവഴിച്ചു. ദീര്‍ഘകാലമായി പൂര്‍ത്തീകരിക്കാത്ത ധാരാളം പദ്ധതികള്‍ ഉണ്ട്. ഈ പദ്ധതികളുടെ അവസ്ഥ വിലയിരുത്തി, പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയ പട്ടിക തയാറാക്കി, അത് പ്രാബല്യത്തില്‍ വരുത്തുക അനിവാര്യമാണ്.
2017-18ല്‍ മൈക്രോ ഫിനാന്‍സിന്റെ പിന്തുണയോടെ സ്വയംസഹായം വഴി 25,318 ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചു. 12,397 മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശരഹിത വായ്പ അനുവദിച്ചു.

മത്സ്യത്തൊഴിലാളി സമൂഹത്തിന് സാമൂഹിക സുരക്ഷിതത്വവും ഉപജീവനോപാധിയും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഫിഷറീസ് വകുപ്പിന് പുറമെ മത്സ്യഫെഡും, കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡും ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിലെ പല സ്‌കീമുകള്‍ക്കും പ്ലാന്‍ സഹായം ലഭ്യമാണ്. ഇവയില്‍ ചിലത് കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായി ഉപജീവനോപാധികള്‍ നല്‍കുന്ന പദ്ധതികള്‍ക്ക് പുറമേ ഭവനനിര്‍മാണം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ മുതലായവയ്ക്കുള്ള പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായുള്ള ഗ്രൂപ്പ് അപകട ഇന്‍ഷുറന്‍സ് പദ്ധതി മുഖേന 2.36 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിച്ചു. 78,979 അനുബന്ധ മത്സ്യബന്ധന പ്രവര്‍ത്തകര്‍ക്കും ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി മുഖേന പ്രയോജനം ലഭിച്ചു. 50,340 മത്സ്യത്തൊഴിലാളികള്‍ക്ക് വാര്‍ധക്യ പെന്‍ഷന്‍ നല്‍കി. ‘പെന്‍ഷന്‍ ഫോര്‍ വൈവ്‌സ് ഓഫ് ഡിസീസസ് ഫിഷര്‍മെന്‍’ എന്ന പദ്ധതിയുടെ കീഴില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ഈ പദ്ധതി മുഖേന ആനുകൂല്യം ലഭിച്ചു. 8962 പേര്‍ക്കാണ് പ്രയോജനം ലഭിച്ചത്. ‘സേവിംഗ് കം റിലീഫ്’ പദ്ധതിക്ക് കീഴില്‍ 1.9 ലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസ (ഓഫ് സീസണ്‍)ത്തിലേക്ക് വേണ്ട ധനസഹായം അനുവദിച്ചു. മത്സ്യത്തൊഴിലാളി സമൂഹത്തിന് കൂടുതല്‍ സഹായം നല്‍കാനും കൂടുതല്‍ ജനങ്ങളെ സാമൂഹിക സുരക്ഷാപദ്ധതിയുടെ ഭാഗമാക്കാനും സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്.

ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ തകര്‍ത്ത മത്സ്യമേഖലയെ ഉണര്‍വിലേക്ക് നയിക്കുകയാണ് ആയിരം ദിനം പിന്നിട്ട ഇടതു-ജനാധിപത്യ മുന്നണി സര്‍ക്കാര്‍.