നാടുകടത്തലിൽ നിന്നും അഭയാര്‍ത്ഥി കുടുംബത്തിന് അഖണ്ഡ പ്രാത്ഥനയിലൂടെ സംരക്ഷണം ഒരുക്കി ഡച്ച് പള്ളി

Web Desk
Posted on December 05, 2018, 6:53 pm

ഭയാര്‍ത്ഥികളായ അര്‍മേനിയന്‍ കുടുംബത്തെ  നാടുകടത്താനുള്ള നീക്കത്തിനെതിരെ അഖണ്ഡ പ്രാത്ഥനയിലൂടെ സംരക്ഷണം ഒരുക്കി ഡച്ച് സഭ. കഴിഞ്ഞ ഒമ്പത് വര്‍ഷമായി നെതര്‍ലന്‍ഡ്‌സില്‍ കഴിയുന്ന തംരസ്യൻ  കുടുംബം ഒക്ടോബര്‍ 26 മുതല്‍ ഹേഗിലുള്ള ബഥേൽ സഭയുടെ സംരക്ഷണത്തിലാണ്. തുടര്‍ച്ചയായി ആരാധനകള്‍ നടത്തി ഈ കുടുംബത്തെ സംരക്ഷിക്കാനാണ് ഡച്ച് പ്രൊട്ടസ്റ്റന്റ് സഭ തീരുമാനിച്ചിരിക്കുന്നത്.

ഇവരുടെ സംരക്ഷണം നാല്‍പ്പതാം ദിനത്തിലേക്കു കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഇരുപത്തിനാല് മണിക്കൂറും പള്ളിയില്‍ പ്രാര്‍ത്ഥന തുടരുന്നു. 2010 മുതൽ രാജ്യത്തു താമസിക്കുന്ന കുടുംബം  വംശീയ ഭീഷണിയെതുടർന്നാണ്  അർമേനിയ  വിട്ടത്.21, 19, 14 വയസ്സ് പ്രായമുള്ള മൂന്നു കുട്ടികളും മാതാപിതാക്കളും അടങ്ങുന്നതാണ് ഈ കുടുംബം.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഇമിഗ്രേഷന്‍ അധികാരികള്‍ക്കും ആരാധന നടക്കുന്ന അവസരത്തില്‍ ആരാധനാലയത്തില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന പഴയ ഡച്ച് നിയമത്തെ പ്രയോജനപ്പെടുത്തികൊണ്ടാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കിയിരിക്കുന്നത്.

അടുത്തകാലത്തായി യൂറോപ്പില്‍ ഉടനീളം വ്യാപകമാകുന്ന കുടിയേറ്റ വിരുദ്ധ മനോഭാവത്തിന് അറുതി വരുത്തുക എന്ന ആശയം മുന്‍നിര്‍ത്തിയാണ് പള്ളി അതിശക്തമായ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇത്തരത്തില്‍ അഭയാര്‍ത്ഥി കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിന് കാരണം കുട്ടികള്‍ക്ക് അവരുടെ ഭാവി നഷ്ടപ്പെടുന്നു എന്നത് തന്നെയാണ്, പള്ളിയുടെ ജനറല്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ തിയോ ഹെറ്റിമ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്തിനകത്തു നിന്നും അയല്‍രാജ്യമായ ബെല്‍ജിയത്തില്‍ നിന്നുമായി 500 വൊളണ്ടിയര്‍മാരെ ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. രാത്രിയും പകലും  ഇവര്‍ പ്രാര്‍ത്ഥനയും ആരാധനയുമായി പള്ളിയില്‍ സേവനം അനുഷ്ഠിക്കുകയാണ്.