25 April 2024, Thursday

Related news

September 11, 2023
September 10, 2023
September 10, 2023
September 9, 2023
September 8, 2023
September 7, 2023
September 7, 2023
September 6, 2023
September 4, 2023
September 4, 2023

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍; കൈകോര്‍ത്ത് ജി20

Janayugom Webdesk
റോം, ലണ്ടൻ
October 31, 2021 10:57 pm

മാനവരാശിയുടെ നിലനില്പിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിന് കൈകോര്‍ത്ത് ജി20 രാജ്യങ്ങള്‍. നിലവിലെ രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് ആഗോള താപനം 1.5 ഡിഗ്രിയായി കുറയ്ക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കാന്‍ ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ സംരക്ഷണത്തില്‍ തീരുമാനം ചരിത്ര മുന്നേറ്റമായി മാറും.

80 ശതമാനം ഹരിതഗൃഹ വാതകവും പുറന്തള്ളുന്നത് ജി20 രാജ്യങ്ങളാണ്. കല്‍ക്കരി ഉപയോഗം നിയന്ത്രിച്ച് കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുമെന്ന് ഉച്ചകോടിയില്‍ രാജ്യങ്ങള്‍ ഉറപ്പു നല്‍കി. ആഗോള താപന നിരക്ക് കുറയ്ക്കുന്നതിനായി പാരിസ് ഉടമ്പടികള്‍ മുന്നോട്ടുവച്ചതിനേക്കാള്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയാറാണെന്നും ലോക നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ലക്ഷ്യത്തിലേക്ക് ഒരു നിശ്ചിത കാലപരിധി നിശ്ചയിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് വിവിധ പരിസ്ഥിതി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

ഹരിതഗൃഹ വാതകങ്ങള്‍ ഇപ്പോഴത്തെ നിലയില്‍ പുറന്തള്ളിയാല്‍ 2030നും 2052നും ഇടയില്‍ ആഗോളതാപനം വ്യവസായ വിപ്ലവത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഗോള താപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിനുള്ളില്‍ നിര്‍ത്തണമെന്നാണ് 2015ലെ പാരിസ് ഉടമ്പടിയും ലക്ഷ്യംവയ്ക്കുന്നത്. എന്നാല്‍ രാജ്യങ്ങളുടെ വ്യാവസായിക താല്പര്യങ്ങള്‍ ഇതിന് തിരിച്ചടിയായി. ഓരോ ദശകത്തിലും 0.32 ഫാരന്‍ഹീറ്റ് ചൂട് കൂടുന്നുവെന്നാണ് ശാസ്ത്രലോകം കണക്കാക്കിയിട്ടുള്ളത്.

ഹ്രസ്വകാല മാറ്റങ്ങളിലൂടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള നടപടികളാണ് രാജ്യങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കി വരുന്ന 100 ബില്യണ്‍ സമാഹരിക്കുന്ന പ്രവര്‍ത്തനം തുടരണമെന്ന ആവശ്യവും ഉച്ചകോടിയില്‍ ഉയര്‍ന്നു. കോര്‍പറേറ്റ് നികുതി 15 ശതമാനമായി നിജപ്പെടുത്തുന്നതിനും ഉച്ചകോടി അംഗീകാരം നല്‍കിയിട്ടുണ്ട്.

കല്‍ക്കരി പ്ലാന്റുകള്‍ക്കുള്ള ധനസഹായം നിര്‍ത്തും

ഈ വര്‍ഷം അവസാനത്തോടെ കല്‍ക്കരി പ്ലാന്റുകള്‍ക്കുള്ള ധനസഹായം നിര്‍ത്തുമെന്ന് വികസിത രാജ്യങ്ങള്‍. ജി20 ഉച്ചകോടിയില്‍ ലോക നേതാക്കള്‍ ഇതുസംബന്ധിച്ച് കരട് പ്രസ്താവന ഇറക്കി. 2050 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനു വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം. എന്നാല്‍ താപവൈദ്യുതിയെ ഏറെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കും ഇത് തിരിച്ചടിയായേക്കും. ആഭ്യന്തരമായി കല്‍ക്കരി ഉല്പാദനം കുറയ്ക്കണമെന്ന ശുപാര്‍ശയെ ഇന്ത്യയും ചൈനയും എതിര്‍ത്തിരുന്നു.

കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം

ഐക്യരാഷ്ട്രസഭയുടെ 26-ാം കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കമായി. സ്കോട്ട്ൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പെടെ 126 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ പറയുന്ന ലക്ഷ്യങ്ങൾ പ്രാവർത്തികമാക്കാൻ രാജ്യങ്ങൾ കൈക്കൊണ്ട നടപടികളുടെ പുരോഗതി ഉച്ചകോടിയില്‍ വിലയിരുത്തും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനു വേണ്ടി പാരിസ് ഉടമ്പടി പ്രകാരം അംഗീകരിച്ചതിനേക്കാള്‍ കൂടുതല്‍ കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഉയര്‍ന്നു വന്നേക്കും.

eng­lish summary:To reduce car­bon emissions;G20
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.