Sunday
25 Aug 2019

രക്ഷിക്കണം ജനാധിപത്യത്തേയും തെരഞ്ഞെടുപ്പ് കമ്മിഷനേയും

By: Web Desk | Saturday 11 May 2019 9:56 PM IST


new-age editorial janayugom

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക നിമിഷം അടുത്തുവരുന്നു. അധികാരത്തില്‍ നിന്നും പുറത്താകാനുള്ള സാധ്യതയും നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. ശരിയായ വിധത്തിലും നിഷ്പക്ഷമായും തെരഞ്ഞെടുപ്പ് നടത്തേണ്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികാരി വര്‍ഗത്തിന് എല്ലാ ഒത്താശയും ചെയ്യുന്നുവെന്നത് ഏറെ ഉല്‍ക്കണ്ഠ ഉളവാക്കുന്ന കാര്യമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ ബിജെപി നേതാക്കളോട് പക്ഷപാതപരവും അനുകൂലവുമായ നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്നത്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മാതൃകാ പെരുമാറ്റചട്ടം അര്‍ഥശൂന്യമാണ്. ഇവരെ സംരക്ഷിക്കുന്നതിലൂടെ മതത്തിന്റേയും ദേശസുരക്ഷയുടേയും പേരില്‍ വോട്ട് ധ്രൂവീകരണം നടത്താനുള്ള എല്ലാ സഹായങ്ങളുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയ്യുന്നത്.

2019ല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, ചില സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ് വേളയില്‍തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിഭാഗീയ നിലപാട് വ്യക്തമായതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തസ്, വിശ്വാസ്യത എന്നിവ നഷ്ടപ്പെടുത്തുന്ന തീരുമാനങ്ങളും സമീപനങ്ങളുമാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ പൊതുതെരഞ്ഞെടുപ്പ് രണ്ടുമാസത്തെ സമയപരിധിയില്‍ ഏഴ് ഘട്ടങ്ങളായാണ് നടക്കുന്നത്. ഇതിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിഭാഗീയ നിലപാട് ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നു. ഇതിലൂടെ വിവിധ സ്ഥലങ്ങളില്‍ വിവിധ നിലപാടുകള്‍ സ്വീകരിക്കാന്‍ ബിജെപിയെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സഹായിക്കുന്നു. പലപ്പോഴും രാജ്യത്തെ വോട്ടര്‍മാരെ അങ്കലാപ്പിലാക്കുന്ന വിധത്തില്‍ ഇരട്ട നിലപാട് സ്വീകരിക്കുന്നു.

നരേന്ദ്ര മോഡിയെ പോലെ അപമാനിതനായ മറ്റൊരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്താണ് മോഡി അധികാരമേറ്റത്. എന്നാല്‍ അദ്ദേഹം തന്നെ ഭരണഘടനയെ ബോധപൂര്‍വം നോക്കുകുത്തിയാക്കുന്നു. ഭരണഘടനാ മൂല്യങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, നിയമവാഴ്ച, എന്നിവയെ അവമതിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അദ്ദേഹത്തിന്റെ ഓഫീസ്, മന്ത്രിമാര്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നത്. അതിന്റെ ഭാഗമായി തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അടിച്ചമര്‍ത്തുന്നു. ഭൂരിഭാഗം ഭരണഘടനാ സ്ഥാപനങ്ങളും ഇത്തരത്തില്‍ അധഃപതിച്ചുവെന്നത് ദുഃഖകരമായ വസ്തുതയാണ്. യജമാനന്റെ വാക്കുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവയായി ഈ സ്ഥാപനങ്ങള്‍ അധഃപതിച്ചു.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനും വോട്ട് ധ്രൂവീകരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും മതപരമായ വിഷയങ്ങള്‍ പ്രചാരണത്തിന്റെ ആദ്യംമുതല്‍ തന്നെ ആരംഭിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളെ അവഹേളിക്കുന്ന വിധത്തിലായിരുന്നു പ്രചാരണം. ഭൂരിപക്ഷ വിഭാഗങ്ങളെ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാക്കുക, സായുധ സേനയേയും അവരുടെ വീരകൃത്യങ്ങളേയും വോട്ട് നേടുന്നതിന് ഉപയോഗിക്കുക, സൈന്യത്തിന്റെ പ്രവൃത്തികളുടെ കീര്‍ത്തി സ്വന്തമാക്കുക, വോട്ടര്‍മാരില്‍ ഭീതി ജനിപ്പിക്കുന്നതിനായി ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തുക തുടങ്ങിയ മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങള്‍ എല്ലാംതന്നെ വര്‍ഗീയ വിഷം നിറച്ചവയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ നഗ്നമായ ചട്ടലംഘനങ്ങളെ ഗൗരവത്തിലെടുക്കാന്‍ തയ്യാറാകുന്നില്ല. ഭരിക്കുന്ന പാര്‍ട്ടിക്ക് ഒരു നിയമം പ്രതിപക്ഷങ്ങള്‍ക്ക് മറ്റൊരു നിയമം എന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്നത്.
പ്രധാനമന്ത്രി, മറ്റ് എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ നടത്തുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ പരാതി നല്‍കിയിരുന്നു. പ്രതിപക്ഷപാര്‍ട്ടി നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തു. എന്നാല്‍ പ്രധാനമന്ത്രി, ബിജെപി അധ്യക്ഷന്‍ എന്നിവരോട് അനുകൂല നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് പ്രശ്‌നം സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിസംഗ നിലപാടിനെ സുപ്രീം കോടതി ശാസിച്ചു. തുടര്‍ന്ന് നാണക്കേട് തോന്നിപ്പിക്കുന്ന വിധത്തില്‍ പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലീന്‍ ചിറ്റ് നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നിലപാട് പക്ഷപാതപരമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ആര്‍ക്കും പറയാവുന്ന അവസ്ഥയിലെത്തി.

നടപടിയെടുക്കാനുള്ള അധികാരവും മാര്‍ഗങ്ങളും തങ്ങള്‍ക്കില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. ചട്ടലംഘനങ്ങളില്‍ നോട്ടീസ് നല്‍കാറുണ്ട്. ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് പരാതി ഫയല്‍ ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ നടത്തിയ ചട്ടലംഘനങ്ങള്‍ക്ക് നടപടിയെടുക്കാത്തത് തെരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം പരമ ദയനീയമാണ്. എങ്ങനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നടപടിയെടുക്കാന്‍ പല്ലും നഖവും ഇല്ലെന്ന് പറയാന്‍ കഴിയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1999ല്‍ ഇതേ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെയാണ് ബാല്‍ താക്കറെക്കെതിരെ നടപടിയെടുത്തത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും നീക്കിയെന്ന് മാത്രമല്ല ആറ് വര്‍ഷത്തേയ്ക്ക് വോട്ട് ചെയ്യാനുള്ള അവകാശത്തിനും വിലക്ക് ഏര്‍പ്പെടുത്തി. അദ്ദേഹം നടത്തിയ വര്‍ഗീയ പ്രസംഗം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മായാവതി, യോഗി ആദിത്യനാഥ്, മുഹമ്മദ് അസംഖാന്‍ എന്നിവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിലക്കാന്‍ അധികാരമുണ്ടെങ്കില്‍ നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ എന്തുകൊണ്ട് കഴിയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്തേണ്ട ഗുരുതരമായ പെരുമാറ്റ ചട്ടലംഘനങ്ങളാണ് ഇരുവരും നടത്തുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച പരാതികളെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവഗണിക്കുന്നു. നടപടിയെടുക്കുന്നതിന് പകരം ഭരണവര്‍ഗത്തെ സഹായിക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിക്കുന്നത്. ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിഷ്പക്ഷത തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. നരേന്ദ്ര മോഡി, അമിത് ഷാ എന്നിവര്‍ക്ക് എല്ലാ തരത്തിലുള്ള ചട്ടലംഘനങ്ങളും നടത്താം. എത്ര ധാര്‍ഷ്ട്യത്തോടെയും ഇതൊക്കെ തുടരാം.
ഇതൊക്കെ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍, ജനാധിപത്യ സംവിധാനം, ഭരണഘടന എന്നിവയെ സംരക്ഷിക്കുന്നതിനായി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മാഫിയ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും നിഷ്‌കാസനം ചെയ്യണം.