16 November 2025, Sunday

സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം

Janayugom Webdesk
ന്യൂഡൽഹി
August 17, 2023 10:59 pm

അപ്രതീക്ഷിതമായി ജാഗ്രതാസന്ദേശം മൊബൈല്‍ ഫോണ്‍ സ്ക്രീനില്‍ മിന്നിമറഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി. രാജ്യവ്യാപകമായി സ്മാര്‍ട്ട് ഫോണുകളിലേക്ക് അടിയന്തര ഘട്ടങ്ങളില്‍ മുന്നറിയിപ്പ് സന്ദേശമെത്തുന്ന സംവിധാനത്തിന്റെ പരീക്ഷണമായിരുന്നു ഇതെന്ന് പിന്നീട് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണമുണ്ടായി. ആറുമുതല്‍ എട്ടുമാസങ്ങള്‍ക്കുള്ളില്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.
ആൻഡ്രോയിഡ് ഫോണുകളിൽ ഇന്നലെ ഉച്ചയ്ക്ക് 1.35 നാണ് ഫ്ലാഷ് സന്ദേശം ലഭിച്ചത്. ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോട് കൂടിയായിരുന്നു സന്ദേശം. സെൽ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വഴി കേന്ദ്രസർക്കാരിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ ആണ് സന്ദേശം അയച്ചത്.

നേരത്തെ ജൂലൈ 20നും ഇത്തരത്തില്‍ പരീക്ഷണം നടത്തിയിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായി മുന്നറിയിപ്പ് നൽകാനും ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം. ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാൻ മുന്നറിയിപ്പ് സംവിധാനം കരുത്തായി മാറും.
ഇന്ത്യ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ്, സെൻട്രൽ വാട്ടർ കമ്മിഷൻ, ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്, ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ വകുപ്പുകള്‍ എന്നിവയെല്ലാം ചേരുന്ന രീതിയിലാണ് പുതിയ സംവിധാനം. ടെലിവിഷൻ, റേഡിയോ, മറ്റ് മാധ്യമങ്ങൾ എന്നിവയിലേക്ക് മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കാനും എന്‍ഡിഎംഎ പദ്ധതിയിടുന്നു.

Eng­lish sum­ma­ry; to smart phones Emer­gency warn­ing message
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.