Web Desk

ന്യൂഡല്‍ഹി

January 13, 2021, 10:39 pm

വ്യോമസേനയ്ക്ക് കരുത്തേകാന്‍ 48,000 കോടിയുടെ ആയുധ ഇടപാട്

Janayugom Online

വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്‌എഎല്‍) നിന്നും 83 അത്യാധുനിക തേജസ് യുദ്ധവിമാനങ്ങൾകൂടി വാങ്ങാന്‍ തീരുമാനം. 48,000 കോടി രൂപയുടെ കരാറിന് സുരക്ഷാകാര്യങ്ങളുടെ മന്ത്രിസഭാ സമിതി അനുമതി നല്‍കി. സൈനിക മേഖലയിലെ ഏറ്റവും വലിയ തദ്ദേശ കരാറിന്റെ ഭാഗമായി 73 യുദ്ധവിമാനങ്ങളും 10 പരിശീലന വിമാനങ്ങളുമാണ് പുതുതായി വാങ്ങുക. 

തദ്ദേശീയമായി നിര്‍മ്മിക്കുന്ന നാലാം തലമുറ ലൈറ്റ് കോംപാക്‌ട് പോര്‍വിമാനമായ തേജസ് എംകെ-1എയില്‍ ആക്ടീവ് ഇലക്‌ട്രോണിക്കലി സ്‌കാന്‍ഡ് അറെ (എഇഎസ്‌എ) റഡാര്‍, ഇലക്‌ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ട്, എയര്‍-ടു-എയര്‍ റീഫ്യൂവലിങ് എന്നിവ സജ്ജമാക്കും. ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മ്മാണത്തില്‍ സ്വാശ്രയത്വത്തിലേക്കുള്ള മാറ്റമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് പോര്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രന്‍ കഴിഞ്ഞ വര്‍ഷം മേയില്‍ വ്യോമസേനയുടെ ഭാഗമായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനു സമീപം സുളുരിലെ നമ്പര്‍ 18 സ്‌ക്വാഡ്രന്‍ — ‘ദ ഫ്‌ളൈയിങ് ബുള്ളറ്റി‘ലാണ് ഈ പോര്‍വിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. 40 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് നേരത്തെയുള്ള കരാറിന് പുറമേയാണ് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ വ്യോമസേനയിലേക്ക് 83 തദ്ദേശ യുദ്ധവിമാനങ്ങൾ കൂടി ചേരുക. 

ENGLISH SUMMARY:To strength­en the Air Force; 48,000 crore arms deal
You may also like this video