കെ രംഗനാഥ്

തിരുവനന്തപുരം

July 03, 2021, 10:17 pm

ബിജെപിയെ വിഴുങ്ങാന്‍ ആര്‍എസ്എസ്

Janayugom Online

തെരഞ്ഞെടുപ്പിലെ പടുതോല്‍വിക്കും കുഴല്‍പ്പണക്കേസിലും ബിജെപി സംസ്ഥാനഘടകം ആടിയുലയുന്നതിനിടെ നേതൃത്വം പിടിച്ചെടുക്കാന്‍ ആര്‍എസ്എസിന്റെ ആസൂത്രിത പദ്ധതി. കഴിഞ്ഞദിവസം ചേര്‍ന്ന ആര്‍എസ്എസ് പ്രചാരക ബെെഠക് യോഗം ഇതുസംബന്ധിച്ച കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയെന്നാണ് സൂചന. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഘടകങ്ങളെ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് സംസ്ഥാന ഘടകങ്ങളാണെങ്കിലും കേരളത്തില്‍ സ്ഥിതി മറിച്ചാണ്. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുധാകരനുമടങ്ങുന്ന അച്ചുതണ്ട് ആര്‍എസ്എസ് പക്ഷക്കാരനായ വിമതപക്ഷ നേതാക്കന്മാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാലുവാരാന്‍ ആസൂത്രണ വെെഭവത്തോടെ കരുക്കള്‍ നീക്കിയെന്ന ആരോപണം തോറ്റ നേതാക്കള്‍ പരസ്യമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കൂനിന്മേല്‍ കുരുവെന്നപോലെ കെ സുരേന്ദ്രനടക്കം പ്രതിസ്ഥാനത്തുനില്ക്കുന്ന കുഴല്‍പ്പണക്കേസുകൂടി വന്നതോടെ ഇതില്‍നിന്നെല്ലാം തലയൂരാന്‍ തങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള നീക്കങ്ങളാണ് ആര്‍എസ്എസിനെ പ്രകോപിപ്പിച്ചത്.

ഉത്തരവാദിത്തം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശനെ തിരികെ വിളിക്കണമെന്ന് സുരേന്ദ്രന്‍-മുരളിപക്ഷം ആവശ്യപ്പെട്ടിരുന്നു. എല്ലാ സംസ്ഥാനങ്ങളിലേയും സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍ ആര്‍എസ്എസ് നിയോഗിക്കുന്നവരാണ്. ഇവിടെയും അപ്രകാരം തന്നെ. സംഘടനാ സെക്രട്ടറിക്ക് പ്രസിഡന്റിനേയും മറ്റു ജനറല്‍ സെക്രട്ടറിമാരെയും അപേക്ഷിച്ച് ഉയര്‍ന്ന അധികാരങ്ങളുമാണുള്ളത്. എന്നാല്‍ ഈ ആവശ്യം പ്രചാരക് ബെെഠക് യോഗം അപ്പാടെ തള്ളിയത് ബിജെപിയുടെ കടിഞ്ഞാണ്‍ വീണ്ടെടുക്കാനുള്ള നീക്കമായാണ് ചൂണ്ടിക്കാണിക്കുന്നത്. ബിജെപിയുടെ പ്രസക്തിതന്നെ നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ സംസ്ഥാന പ്രസിഡന്റും ആര്‍എസ്എസിന്റെ മുന്‍ ദക്ഷിണേന്ത്യന്‍ മേധാവിയുമായ പി പി മുകുന്ദന്റെ പ്രതികരണത്തിന്റെ ചുവടുപിടിച്ചായിരുന്നു പ്രചാരക് ബെെഠകിന്റെ വിലയിരുത്തലുകളെന്നതും ശ്രദ്ധേയം.

പക്വതയും പരിചയസമ്പന്നതയുമുള്ള നേതൃത്വം അനിവാര്യമായ ഒരു സന്ദിഗ്ധഘട്ടത്തിലാണ് പാര്‍ട്ടി എത്തിനില്‍ക്കുന്നതെന്ന് ബെെഠക് യോഗം അഭിപ്രായപ്പെട്ടു. എതിരുനില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരേയും പുകച്ചു പുറത്തുചാടിക്കുന്നുവെന്ന ബെെഠകിന്റെ ആരോപണം സംസ്ഥാനവ്യാപകമായി ജില്ലാ, പ്രാദേശികതലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാജിപ്രളയത്തെ പരാമര്‍ശിച്ചായിരുന്നു. പണമുണ്ടാക്കലാണ് ചില നേതാക്കളുടെ മുഖ്യലക്ഷ്യമെന്ന ബെെഠകിന്റെ ആരോണം ചെന്നുകൊള്ളുന്നതാകട്ടെ മുരളീധര‑സുരേന്ദ്രന്മാരിലേക്കും. ഇതിനിടെ സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനെ പുറത്താക്കാന്‍ ശോഭാസുരേന്ദ്രന്‍ പക്ഷം ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സമിതി അംഗങ്ങള്‍ക്കിടയില്‍ നടക്കുന്ന ഈ ഒപ്പുശേഖരണത്തിന് വന്‍ പിന്തുണയാണു ലഭിക്കുന്നതെന്നും സൂചനയുണ്ട്. കുഴല്‍പ്പണക്കേസ് കൂടുതല്‍ ചൂടുപിടിക്കുന്നതോടെ വമ്പിച്ച ഒരു പൊട്ടിത്തെറിയിലേക്കാണ് സംസ്ഥാന ബിജെപി നീങ്ങാന്‍ പോകുന്നതെന്നും നിരീക്ഷകര്‍ കരുതുന്നു.

Eng­lish sum­ma­ry;To swal­low the BJP RSS

you may also like this video;