പൊതുമുതലും മുസ്‌ലിം പള്ളികളടക്കമുള്ള ആരാധനാലയങ്ങളും നൂറുകണക്കിന് കാറുകളും വാനുകളും ഇരുചക്ര വാഹനങ്ങളും വീടുകളും കടമുറികളും അഗ്നിക്കരിയാക്കുന്ന ഒരു കൂട്ടം ആയുധധാരികളായ ഗുണ്ടകളുടെ അതിക്രമങ്ങളാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അരങ്ങേറിയത്. ആള്‍ക്കൂട്ടങ്ങള്‍ കല്ലേറില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെയും ഒഴിവാക്കിയില്ല. ഇത്തരം തീര്‍ത്തും അധാര്‍മ്മികമായ നടപടികള്‍ അരങ്ങേറുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ‍് ട്രംപിന് പ്രഥമ സന്ദര്‍ശനവേളയില്‍ അത്യാഡംബരപൂര്‍ണമായ സ്വീകരണം ഒരുക്കിയിരുന്ന വേദി വെറും 16 കിലോമീറ്റര്‍ അകലെ മാത്രമാമായിരുന്നു. തലസ്ഥാന നഗരത്തിന്റെ ക്രമസമാധാനം സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ പൊലീസ് സേനയുടെ പരിപൂര്‍ണ നിയന്ത്രണം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേരിട്ടുള്ള ചുമതലയിലുമാണ്. സ്വാഭാവികമായും ആഭ്യന്തര ഭരണകേന്ദ്രത്തിന്റെ വിളിപ്പാടകലെ എന്നുപോലും വിശേഷിപ്പിക്കാവുന്ന ആ പ്രദേശത്ത് സംഘപരിവാര്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടം നടക്കാന്‍ പോകുന്നു എന്ന വിവരം സംബന്ധിച്ച് രഹസ്യാന്വേഷണ വിവരം കിട്ടിയിരുന്നില്ലെന്നു കരുതാനാവില്ല. അക്രമികള്‍ ഡല്‍ഹിക്കു വെളിയില്‍ നിന്നും യു പി മുഖ്യന്‍ ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണമോ അറിവോടെയോ കൈത്തോക്കുകള്‍ ഉള്‍പ്പെടെ സകലവിധ മാരകായുധങ്ങളുമായാണ് പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭണം നടത്തുന്ന ജനങ്ങള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കി പാഞ്ഞടുക്കുന്നത്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പു വേളയില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂര്‍ നിരവധി പൊതു യോഗങ്ങളില്‍ സമരക്കാരെ വെടിവച്ചുകൊല്ലണമെന്ന ആഹ്വാനവുമായി പ്രത്യക്ഷപ്പെട്ടകാര്യം നമുക്കറിയാം. ‘ഗോലിമാരോ’ എന്ന ഈ മുദ്രാവാക്യത്തിന്റെ ആദ്യത്തെ പ്രതികരണമായി ഷഹീന്‍ ബാഗ് സമരക്കാര്‍ക്കു നേരെ ഒരു സംഘപരിവാര്‍ ഗുണ്ട വെടിയുണ്ട പായിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നനിലയില്‍ യു പി മുഖ്യന്‍ ആദിത്യനാഥും സമരക്കാര്‍ക്കുള്ള മറുപടി വെടിയുണ്ടകളാണെന്ന് ആവര്‍ത്തിക്കുകയുണ്ടായി. ഈ ആഹ്വാനങ്ങള്‍ ഏറ്റുപിടിച്ചാണ് ബിജെപിയിലെ പുത്തന്‍കൂറ്റുകാരന്‍ കപില്‍ മിശ്രയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്. തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേന്ദ്ര മന്ത്രി താക്കൂറിനും കപില്‍മിശ്രക്കും പരിമിതകാലത്തേയ്ക്ക് പ്രചരണരംഗത്ത് വിലക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയാണെങ്കില്‍ പൊലീസിന് മൂക്കുകയറുമായി രംഗത്തുവരിക മാത്രമല്ല, ആക്രമണങ്ങള്‍ക്ക് പ്രകോപനം സൃഷ്ടിക്കാനിടയായ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ബിജെപി നേതാക്കളായ കപില്‍മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരായാണ് കേസ് എടുക്കേണ്ടത്.
1984ലെ സിഖ് കൂട്ടക്കൊലക്കു സമാനമോ അതിലേറെ വ്യാപകമായ ആക്രമണങ്ങളോ ആണ് ഡല്‍ഹിയില്‍ അരങ്ങേറിയതെന്നു ഹൈക്കോടതി ജസ്റ്റിസ് മുരളീധറിന്റെ നിലപാടില്‍ പ്രകോപിതനായ സുപ്രീംകോടതി കൊളീജിയം അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നും ഛത്തീസ്ഗഡിലേക്കു സ്ഥലംമാറ്റാനുള്ള മുന്‍തീരുമാനം 2020 ഫെബ്രുവരി 27 അര്‍ദ്ധരാത്രിതന്നെ നടപ്പാക്കി. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ഡല്‍ഹി ഹൈക്കോടതി ബെഞ്ച് മുന്‍ ജഡ്ജിയുടെ തീരുമാനം നടപ്പാക്കുന്നത് ഒന്നര മാസത്തേക്ക് നീട്ടിവയ്ക്കുകയും ചെയ്തു. ഇപ്പോഴത്തെ മുസ്‌ലിം വിരുദ്ധത സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പ്രതികരണമാണെങ്കിലും അതിനെ 1984ലെ കോണ്‍ഗ്രസിന്റെ സിഖ് വിരുദ്ധ കലാപവുമായി തുലനം ചെയ്യുന്നത് സംഘപരിവാര്‍കാര്‍ക്ക് പൊറുക്കാന്‍ കഴിയില്ല. മതാടിസ്ഥാനത്തില്‍ പൗരന്മാരെ തിരിച്ചറിയാന്‍ വസ്ത്രധാരണരീതി ശ്രദ്ധിച്ചാല്‍ മതിയാകുമെന്നു പറഞ്ഞ പ്രധാനമന്ത്രി ഭരിക്കുന്നൊരു രാജ്യത്ത്, വസ്ത്രധാരണരീതികൊണ്ടും മതം തിരിച്ചറിയാന്‍ കഴിയാതെ വന്നപ്പോള്‍ അത്തരം പൗരന്മാരെ വിവസ്ത്രരാക്കാനും ശ്രമങ്ങള്‍ നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അക്രമണം നടത്തുന്നതിനു മുമ്പ് പേരു ചോദിച്ചറിഞ്ഞ് മതം എന്തെന്ന് കണ്ടെത്തിയ അനുഭവങ്ങളും ഏറെയാണ്. ‘ടൈംസ് ഓഫ് ഇന്ത്യ’ ദിനപത്രത്തിന്റെ ലേഖകനും ഈ അനുഭവമുണ്ടായത്രെ!
ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരമനുസരിച്ച് ഡല്‍ഹിയിലെ വിവിധ കലാപകേന്ദ്രങ്ങളില്‍ അതിക്രമങ്ങള്‍ നടത്തിയത് സമീപ സംസ്ഥാനമായ ആദിത്യനാഥിന്റെ ഭരണത്തിലുള്ള യു പിയില്‍ നിന്ന് എത്തിയവരായിരുന്നു എന്നാണ്. മാത്രമല്ല, ഇതിനകം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള 47 പേരുടെ മരണത്തിനിടയാക്കിയ കാരണങ്ങളില്‍ എല്ലാംതന്നെ വെടിവയ്പിനെ തുടര്‍ന്നായിരുന്നു എന്നുമാണ്. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്ന 180 ല്‍പരം പേരുടെ സ്ഥിതിയും ഏറെക്കുറെ സമാനമാണ്. ഇതിനെല്ലാം പുറമെ, നിരവധിപേരെ, വിവിധ ഇടങ്ങളില്‍ നിന്നും കാണാതായിട്ടുമുണ്ടെന്നാണ് വാര്‍ത്തകള്‍. കലഹബാധിത പ്രദേശമായ ശിവവിഹാറില്‍ നിന്നുള്ള 2000 പേര്‍ തൊട്ടടുത്തുള്ള ചമന്‍ പാര്‍ക്കിലെ മൂന്നു വീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. ഈ വിധത്തില്‍ അഭയം നല്‍കിയവര്‍ക്കും ജീവന് ഭീഷണി നിലവിലുണ്ട്. ഈ പ്രദേശത്ത് ആക്രമണത്തിനും തീവെയ്പ്പിനും നേതൃത്വം നല്‍കിയത് മുന്‍ ബിജെപി എംഎല്‍എ ജഗദീഷ് പ്രധാന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 23ന് അര്‍ധരാത്രിയായിരുന്നു. ഷഹീന്‍ ബാഗില്‍ സംഘടിച്ച സമാധാനപ്രിയരായ സമരക്കാരെ പ്രകോപിതരാക്കാന്‍ പ്രയോഗിച്ച ‘ജനങ്ങള്‍ പാകിസ്ഥാന്‍ ബന്ധം’ ഉള്ളവരാണെന്ന ദുഷ്‌പ്രചരണ തന്ത്രത്തിനു പകരം മറ്റൊരു കലാപ ബാധിത പ്രദേശമായ ജാഫ്രാബാദില്‍ ‘ഗോലീമാരോ സാലോന്‍കോ’ എന്ന മുദ്രാവാക്യം എടുത്തിട്ടു.
ആദ്യം ഇത് ചെയ്തത് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ തന്നെ, ഇതാണ് കപില്‍മിശ്ര, പര്‍വേശ് വര്‍മ്മയും ഏറ്റുപിടിച്ചത്. ട്രംപ് മടങ്ങുന്നതുവരെ സമരക്കാരെ ഒഴിപ്പിക്കാന്‍ പൊലീസിനു സമയം നല്‍കും. അതിനുശേഷം സംഘപരിവാര്‍തന്നെ ബലം പ്രയോഗിച്ചും സമരക്കാരെ തുരത്തിയോടിക്കുകയോ, കൊന്നുതള്ളുകയോ ചെയ്യും. ഇതായിരുന്നു കപില്‍ മിശ്ര നടത്തിയ ഭീഷണിയുടെ ധ്വനി. അത് ഫലത്തില്‍ അതേപടി നടപ്പാക്കപ്പെടുകയും ചെയ്തു. ഇപ്പോളിതാ ഈ കപില്‍മിശ്രക്ക് ‘വൈ’ കാറ്റഗറി സുരക്ഷയും നല്‍കപ്പെട്ടിരിക്കുന്നു. കപില്‍ മിശ്രയെ സംബന്ധിച്ച് ഒരു സവിശേഷതകൂടിയുണ്ട്. അദ്ദേഹം എഎപിയില്‍ കെജ്‌രിവാളിന്റെ അടുത്ത അനുയായിയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ ‘മെന്ററു‘ടെ കപട ഹനുമാന്‍ ഭക്തിയും ഡിപ്ലോമസിയും പുതിയ സംഘപരിവാര്‍ സുഹൃത്തുക്കളുടെ ശ്രീരാമന്‍ രാഷ്ട്രീയവും സമന്വയിപ്പിക്കാനുള്ള തന്ത്രം സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുമുള്ളൊരു യുവനേതാവാണ്.
ഡല്‍ഹി ബിജെപിയെ നയിക്കാന്‍ തിവാരി പ്രാപ്തനല്ലെന്നും സംഘപരിവാര്‍ സംസ്കാരം പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെന്ന് പലകുറി വ്യക്തമാക്കിയിട്ടുള്ള ഗൗതം ഗംഭീറിനെ പോലുള്ളവര്‍ക്ക് ‘ന്യൂയിസന്‍സ് വാല്യു’ മാത്രമേ ഉള്ളുവെന്നും വ്യക്തമായിരിക്കെ അടുത്ത ഡല്‍ഹി പ്രദേശ് ബിജെപി അധ്യക്ഷ സ്ഥാനത്തിലാണ് കപില്‍ മിശ്രയുടെ കണ്ണ്. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ തന്റെ ചുമതലയിലുണ്ടായിരുന്ന ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ വന്നതോടെ പുറത്താക്കപ്പെടുമെന്ന് ഉറപ്പാക്കിയ കപില്‍ മിശ്ര ഒരു ‘മിസ്ഡ്കാള്‍’ വഴി ബിജെപിയിലെത്തുകയായിരുന്നു എന്നതുകൂടി ഓര്‍ക്കുന്നത് നന്ന്. അത് ഏതായാലും ആര്‍എസ്എസ് പാരമ്പര്യമുള്ള കപില്‍ മിശ്രക്ക് പുതിയ കാവിരാഷ്ട്രീയം നല്ല മേച്ചില്‍പ്പുറമായേക്കാം. പോരെങ്കില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ഈ പുത്തന്‍ കാവി വിപ്ലവകാരിയെ എന്തുവില കൊടുത്തും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നതും ഉറപ്പാണ്.
(അവസാനിക്കുന്നില്ല)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.