28 March 2024, Thursday

സാഹിത്യവും കലയും സിരകളിൽ ജീവരക്തമാക്കിയ ഘട്ടക്ക്

പി സുനിൽകുമാർ
November 14, 2021 6:49 am

ചോര ചീന്തുന്ന ഓരോ തെരുവുകളും ഒരു മികച്ച കലാകാരനെ സൃഷ്ടിക്കും. അയാളുടെ നെഞ്ചിനെ നീറ്റിയ ഓരോ അനുഭവങ്ങളും അയാളിൽ നിന്നും ജീവിതം സൃഷ്ടിച്ച ഉണങ്ങാത്ത മുറിപ്പാടുകളുടെ ചുടു ചോര പോലെ ധാരയായി പ്രവഹിപ്പിക്കും. കലയുടെ പുത്തൻ ഉറവകളുടെ ഒടുങ്ങാത്ത പറുദീസകളായിരിക്കും അങ്ങനെ സൃഷ്ടിക്കപ്പെടുക. അവ നൽകുന്ന നീറുന്ന അനുഭവ പശ്ചാത്തലങ്ങളിൽ ആസ്വാദകർ ഉമിത്തീ പോലെ വെന്തുരുകും. ഋഥ്വിക് ഘട്ടക്കിനെ പോലെയുള്ള കലാകാരന്മാർ ഭീതിദ ദുരിത സന്ധികളിൽ ജീവിതത്തിന്റെ വികൃത മുഖങ്ങളെ നേരിൽ കണ്ടവരാണ്. ബംഗാളിൽ നേരിട്ട ഭക്ഷ്യ ക്ഷാമത്തിന്റെ കെടുതികൾ ആ യൗവനത്തെ അലട്ടിയെങ്കിൽ കുറേക്കൂടി കഴിയുമ്പോൾ രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ, പിന്നാലെ ബംഗാൾ വിഭജനം, പിന്നെ പിറന്ന നാട് വിട്ട് കൊൽക്കത്തയിലേക്കുള്ള പലായനം, പിന്നെ തന്റെ ജന്മനാട് മറ്റൊരു രാജ്യമായി മാറി എന്ന ഉൾക്കൊള്ളാനാവാത്ത ബോധ്യപ്പെടൽ… ഉയർന്ന ധിഷണയുടെ ഉത്തുംഗങ്ങളിൽ വിഹരിക്കുന്ന, സാഹിത്യവും കലയും സിരകളിൽ ജീവരക്തമായി ഒഴുകുന്ന ഒരു ചെറുപ്പക്കാരൻ എങ്ങനെ സാമൂഹിക സാഹചര്യങ്ങളെ നിഷേധിക്കുന്ന ഒരാളായി ഈ സാഹചര്യത്തിൽ മാറാതിരിക്കും? ബംഗാളിഹിന്ദി സിനിമാ ലോകത്ത് മാറ്റങ്ങളുടെ സുബർണ്ണ രേഖ വരച്ച ഋതിക് ഘട്ടക് എന്ന പ്രതിഭ 1925 നവംബർ നാലിന് ബ്രിട്ടീഷ് ഇന്ത്യയിൽ അന്നത്തെ ബംഗാൾ പ്രെസിഡൻസിയിൽ ഇന്നത്തെ ബംഗ്ളാദേശിലെ ഢാക്കയില്‍ ജനിച്ചു. നിരവധി സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നഗരത്തിലെ ബാല്യകാല അനുഭവങ്ങൾ അദ്ദേഹത്തിലെ കലാകാരന്റെ ജീവിതാവസാനം വരെയുള്ള ഓരോ പ്രവൃത്തിയിലും ഊർജ്ജമായി.

1947 ൽ നടന്ന ബംഗാൾ വിഭജനത്തിന്റെ ചോര ചിന്തിയ കാഴ്ചകൾ തന്റെ ജീവിതത്തിൽ വൈകാരികമായി സമ്മാനിച്ച അനുഭവങ്ങൾ ആ കലാകാരന്റെ മാനസിക വ്യഥകളായി എന്നും പിന്തുടർന്നു. പിന്നെ എല്ലാം വലിച്ചെറിഞ്ഞ് കൊൽക്കത്തയുടെ തെരുവുകളിലേക്ക്… അവിടെ നിന്നും കലാ ലോകത്തേക്ക് നിമൽ ഘോഷ് എന്ന സംവിധായകനൊപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയി. 1950 ൽ ചിന്നമൂൽ എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തു. പിന്നെ സിനിമയെന്ന കലാരൂപത്തെ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ. ചെറുപ്പത്തിലേ നാടക ലോകത്തെ വിവിധങ്ങളായ പരിശ്രമങ്ങൾ. ബെത്രോൾഡ് ബ്രഹ്ത്തിലൂടെ നാടകത്തിന്റെ തനത് വഴികൾ തേടി നടന്ന യുവത്വം. വായനയിലൂടെ, കൽക്കത്തയുടെ സാംസ്കാരിക ഇടങ്ങളിലൂടെ ആ ചെറുപ്പക്കാരൻ തന്റെ അസ്തിത്വത്തെ തിരഞ്ഞു നടന്നു. ഉള്ളിലെ തിരതള്ളലുകൾ കൃത്യതയോടെ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാതെ അയാൾ കുഴങ്ങി. ജനങ്ങൾക്കൊപ്പം എപ്പോഴും ജീവിച്ചു. തിരക്കു പിടിച്ച റോഡിൽ തെരുവ് ജീവിതങ്ങളിൽ, ചായം തേച്ചു പിടിപ്പിച്ച നഗര പരിസരങ്ങളിൽ ഒക്കെ തന്റെ കലഹിക്കുന്ന മനസ്സുമായി അയാൾ നടന്നു. തനിക്ക് ചുറ്റും കണ്ട ജീവിതങ്ങളിൽ കലയുടെ ആത്മാംശമുണ്ടെന്ന തിരിച്ചറിവിൽ ആ സന്ദേഹി തന്നോട് തന്നെ ഉള്ളാലെ യുദ്ധം പ്രഖ്യാപിച്ചു. സാമൂഹിക യാഥാർഥ്യങ്ങൾ, സ്ത്രീ സ്വാതന്ത്ര്യം, വിഭജനത്തിന്റെ മുറിവുകൾ, പലായനം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എല്ലാം അദ്ദേഹം തന്റെ കലയിലൂടെ ജനങ്ങളുമായി സംവദിച്ചു. ചലച്ചിത്ര നിർമാണം കലയുടെ പ്രകാശനം ആണെന്നും അതിലൂടെ ജനസേവനം നടത്താമെന്നും തന്റെ ആത്‍മരോഷവും ദുഖങ്ങളും ജനങ്ങളുടെ ദുരിതവും പ്രകാശിപ്പിക്കാൻ മികച്ച മാർഗം ഇതാണെന്നും ആ കലാകാരൻ വിശ്വസിച്ചു.

സിനിമ, നാടകം, കവിത, ഗാനങ്ങൾ ഇവയെ സംബന്ധിച്ച് അൻപതിലധികം ലേഖനങ്ങൾ, കഥകൾ, നിരവധി തിരക്കഥകൾ, പതിമൂന്ന് ലഘു ചിത്രങ്ങൾ അങ്ങനെ പോകുന്നു കലാ പ്രവർത്തനങ്ങൾ. തെരുവ് പ്രതികരണങ്ങൾക്കുള്ള മികച്ച വേദിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ആയിരത്തി തൊള്ളായിരത്തി നാൽപ്പതിന്റെ അവസാനം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ ഘട്ടക്ക് ഇടത് കലാകാരന്മാരുടെ സംഘടനയായ ഇപ്റ്റയുടെ സജീവ പ്രവർത്തകനായി. കലയോടുള്ള തികഞ്ഞ അഭിനിവേശം പോലെ തന്നെ രാഷ്ട്രീയ പ്രവർത്തനത്തിലും കടുത്ത ജനപക്ഷ ആഭിമുഖ്യം അദ്ദേഹം പുലർത്തി. കലഹവും അച്ചടക്ക രാഹിത്യവും നിറഞ്ഞ ജീവിതം കാരണം പൂർത്തീകരിക്കാത്ത ആറ് സിനിമകൾ, വഴിയിൽ ഉപേക്ഷിക്കപ്പെട്ട ഇരുപതിൽ അധികം സ്ക്രിപ്റ്റുകൾ ഒക്കെ അദ്ദേഹത്തിന്റേതായി ഉണ്ട്. 1952 ൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ‘നാഗരിക്’ പുറത്തിറങ്ങിയത് അദ്ദേഹം മരിച്ച ശേഷം പിറ്റേ വർഷം 1977 ൽ ആണ്. പിന്നാലെ ചെയ്ത ‘അജാന്ത്രിക്’ എന്ന ചിത്രം സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വാഹനം മുഖ്യ കഥാപാത്രമായി രംഗത്ത് വന്നു എന്ന പ്രത്യേകത ഉള്ളതാണ്. 1952 ൽ ‘നാഗരിക് ’ പുറത്തിറങ്ങിയിരുന്നെങ്കിൽ ആദ്യ നവതരംഗ സിനിമ എന്ന ഖ്യാതിക്ക് അർഹമായേനെ. ജീവിതത്തിൽ പല ഭാഗ്യങ്ങളും നഷ്ടപ്പെട്ട ഘട്ടക്കിന് ഇതും അക്കൂട്ടത്തിൽ എഴുതി ചേർക്കേണ്ടി വന്ന ദൗർഭാഗ്യമാണ്. 1960, 61,62 വർഷങ്ങളിൽ തുടർച്ചയായി ഇറങ്ങിയ ‘മേഖേ താക്കെ ധാര’, ‘കോമൾ ഗാന്ധർ’, ‘സുബർണ രേഖ’ എന്നിവ ചലച്ചിത്രത്രയങ്ങൾ ആയി വിലയിരുത്തപ്പെടുന്നു. ഒൻപത് ചിത്രങ്ങൾ പൂർത്തീകരിച്ച് പുറത്തിറങ്ങി. ഘട്ടക്കിനെ കൊണ്ട് ബിമൽ റോയ് എന്ന പ്രശസ്ത സംവിധായകൻ തന്റെ ചിത്രമായ ‘മധുമതി‘ക്ക് (1958)തിരക്കഥ എഴുതിച്ചിരുന്നു. പുനർജന്മം വിഷയമായ ആ സിനിമയുടെ ചുവട് പിടിച്ച് നിരവധി ചിത്രങ്ങൾ പിന്നീട് ഇറങ്ങി.

1970 ൽ രാജ്യം അതുല്യനായ ഈ കലാകാരന് പദ്മശ്രീ നൽകി ആദരിച്ചു പിന്നാലെ മികച്ച കഥയ്ക്ക് 1974 ൽ രജതകമൽ പുരസ്ക്കാരവും ലഭിച്ചു. ഘട്ടക്ക് രചിച്ച ‘സിനിമയും ഞാനും’ എന്ന പുസ്തകം സിനിമയുടെ എല്ലാ വശങ്ങളും വ്യക്തമായി വിവരിക്കുന്ന ആധികാരിക ഗ്രന്ഥമാണ്. ‘മേഖേ താക്കെ ധാര’ എന്ന അദ്ദേഹത്തിന്റെ ചിത്രം അഭയാർഥികളായി മാറിയ കുടുംബത്തിന്റെ കഥ പറഞ്ഞപ്പോൾ ഋഥ്വിക് ഘട്ടക്കിന്റെ ഉള്ളുരുക്കം പ്രേക്ഷകൻ കണ്ടു. താൻ അനുഭവിച്ച നിരവധിയായ വേദനകൾ തന്റെ കലാരൂപങ്ങളായി അദ്ദേഹം അവതരിപ്പിച്ചപ്പോൾ ഭാഷയ്ക്ക് അതീതമായി അത് ആഗോള സിനിമാ പ്രേക്ഷകരുടെ വേദനയായി മാറി. അതാവാം പ്രശസ്ത സിനിമാ നിരൂപകൻ ഡറിക് മാൽക്കം പറഞ്ഞത് “ഘട്ടക്ക് തന്റെ രാജ്യത്തെ പ്രശ്നങ്ങൾ തീവ്രമായി പറയാൻ ശ്രമിക്കുമ്പോൾ തന്നെ തികച്ചും അന്താരാഷ്ട്ര തലത്തിലേക്ക് ഉയരുകയാണ് “എന്ന്. ഘട്ടക്കിന്റെ മരണ ശേഷം പലരും അദ്ദേഹത്തിന്റെ പ്രശസ്തി ആഗോള തലത്തിൽ എത്തിക്കാൻ വേണ്ടി പരിശ്രമിച്ചിട്ടുണ്ട്. ജീവിച്ചിരുന്നപ്പോൾ സ്വയം പുകഴ്ത്താനും സ്ഥാനങ്ങൾ നേടാനും അദ്ദേഹത്തിന് താൽപ്പര്യം ഉണ്ടായിരുന്നില്ല. മാനവികതയുടെ ആത്മബോധം നിലനിർത്തിയ കലാകാരൻ തന്റെ ജീവിതത്തെ കുറേശ്ശെയായി ലഹരിയിൽ മുക്കി കളഞ്ഞു എന്നത് കിട്ടേണ്ടിയിരുന്ന ഖ്യാതികൾ നഷ്ടപ്പെടാനും പലരുടെയും അനിഷ്ടങ്ങൾക്കും കാരണമായി.

മരണ ശേഷം 31 വർഷങ്ങൾക്കിപ്പുറം ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിന്റെ 1973 ലെ ചിത്രമായ ‘തിതാസ് ഏക് ദി നാദിൽ നാം’ നെ ലോകത്തെ മികച്ച പത്തു ചിത്രങ്ങളിൽ ഒന്നായി തെരഞ്ഞെടുത്തു. ‘അറിയപ്പെടാത്ത ഘട്ടക്കിൽ നിന്ന് വിശ്വോത്തര ഘട്ടക്കിലേക്ക് ‘എന്ന പേരിൽ അദ്ദേഹത്തിന്റെ സിനിമകൾ പല ഫെസ്റ്റിവലുകളിലും പ്രദർശനവിധേയമായി. ഇൻഡ്യൻ സിനിമയിലെ പ്രശ്നക്കാരനായ കുട്ടിയായി അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചു. പലരും അകറ്റി നിർത്തിയ ചലച്ചിത്ര പ്രതിഭ. ദുർഗ്രാഹ്യത, ഇരുൾ മൂടിയ ദൃശ്യങ്ങൾ, അപര ദർശിത്വം, അതിഭാവുകത്വം, ചിട്ടയില്ലായ്മ, യുക്തിരാഹിത്യം തുടങ്ങി നിരവധി ആരോപണങ്ങൾ അദ്ദേഹത്തിന് കേൾക്കേണ്ടി വന്നു. ജന്മ നാടിന് ലഭിച്ച സ്വാതന്ത്ര്യം അദ്ദേഹം അനുഭവിക്കാൻ ഇഷ്ടപ്പെട്ടില്ല ഒപ്പം അത് നേടാനായി നാം കൊടുത്ത വില വളരെ വലുതായിരുന്നു എന്ന് അവസാന ശ്വാസം വരെ ഈ കലാകാരൻ അഭിപ്രായപ്പെട്ടു. “എന്റെ കല എന്റെ ഉള്ളുരുക്കങ്ങളുടെ ഉലയിൽ നിന്നും ഉരുവം കൊണ്ട കടുത്ത ദേഷ്യത്തിന്റെ പ്രതിഫലനമാണ് അത് എന്റെ നാടിന്റെ സ്പന്ദനമാണ് “എന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ട് നമുക്കിടയിൽ ഓർമകളായി ഋഥ്വിക് ഘട്ടക്ക് ജീവിക്കുന്നു. നവംബർ നാല് ഘട്ടക്കിന്റെ ജന്മ ദിനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.