Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
റെജി കുര്യൻ

ന്യൂഡൽഹി

July 22, 2021, 8:38 am

കർഷകരുടെ പാർലമെന്റ് മാർച്ചിനും ഉപരോധത്തിനും ഇന്ന് തുടക്കം

Janayugom Online

കേന്ദ്ര സർക്കാരിന്റെ കാർഷിക കരിനിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യവുമായി കർഷകർ മാസങ്ങളായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജന്തർമന്ദിറിൽ നടക്കുന്ന കർഷക പാർലമെന്റിനും ഉപരോധത്തിനും ഡൽഹി സർക്കാരിന് പുറമെ പൊലീസും അനുമതി നൽകിയെന്ന് റിപ്പോർട്ടുകൾ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രതിഷേധ സമരം. സമരം അക്രമാസക്തമാകാതിരിക്കാൻ വൻ മുന്നൊരുക്കങ്ങളാണ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് സ്വീകരിച്ചിരിക്കുന്നത്. 

കർഷക സമരം തുടരുന്ന സിംഘു അതിർത്തിയിൽ നിന്നും 200 വീതം കർഷകരാകും പാർലമെന്റ് മാർച്ചും ഉപരോധവുമായി ഡൽഹിയിലേക്ക് പ്രവേശിക്കുക. പൊലീസ് അകമ്പടിയോടെയാകും കർഷക പ്രക്ഷോഭകർ സമരവേദിയായ ജന്തർമന്ദറിലേക്ക് എത്തുക. സമരത്തിന് സംവിധാനവും അനുമതിയും ഒരുക്കാനായി കോവിഡിന്റെ പശ്ചാത്തലത്തിൽ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് നിയമവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവുകളിൽ ഡൽഹി സർക്കാർ ഇളവുകൾ വരുത്തും. 

കർഷകരുടെ പാർലമെന്റ് ഉപരോധം സംബന്ധിച്ച വിഷയങ്ങൾ സംയുക്ത കിസാൻ മോർച്ച നേതാക്കൾ വിശദമായി ചർച്ച ചെയ്തു. സിംഘു അതിർത്തിയിൽ നിന്നും നാലു ബസുകളിലായാകും കർഷകർ സമരവേദിയായ ജന്തർ മന്ദറിലേക്ക് പോകുക. പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്ന ഓഗസ്റ്റ് 13 വരെ ഡൽഹിയിൽ കർഷക പ്രക്ഷോഭകർ തുടരും. കർഷക പാർലമെന്റിന് നിലവിലെ പാർലമെന്റിന്റെ രീതിയിൽ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഉണ്ടാകുമെന്നും കർഷക പാർലമെന്റ് സാധ്യമാകുമെന്നും സംയുക്ത് കിസാൻ മോർച്ച നേതാവ് മന്‍ജിത് സിങ് റായ് വ്യക്തമാക്കി. 

കർഷകരുടെ സമരം ഡൽഹിലേക്ക് വ്യാപിപ്പിക്കുമ്പോൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകും. പൊലീസ് ഉപരോധം സൃഷ്ടിക്കുന്ന പക്ഷം പൊലീസിനു കീഴടങ്ങുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി. ഡൽഹി സമരത്തിൽ പങ്കെടുക്കുന്ന കർഷക പ്രക്ഷോഭകരോട് ആറു മാസം ജയിലിൽ കിടക്കാൻ സന്നദ്ധത ഉള്ളവർ മാത്രം ഇതിൽ പങ്കെടുത്താൽ മതിയെന്ന നിർദ്ദേശത്തിന് കർഷകർ വൻ പിന്തുണയാണ് നൽകിയതെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് മന്‍ജിത് സിങ് റായ് വ്യക്തമാക്കി.

ENGLISH SUMMARY:Today farm­ers’ par­lia­ment march
You may also like this video