Saturday
19 Oct 2019

ഇന്ന് ലോക പരിസ്ഥിതി ദിനം; വായുമലിനീകരണം തടയാം

By: Web Desk | Wednesday 5 June 2019 8:31 AM IST


1972 ല്‍ സ്റ്റോക്‌ഹോമില്‍ ചേര്‍ന്ന ആദ്യ ഭൗമ ഉച്ചകോടിയിലാണ് പ്രകൃതിയെയും പരിസ്ഥിതി സംരക്ഷണത്തെയും ആസ്പദമാക്കി രാഷ്ട്രത്തലവന്മാരും വിദഗ്ധരും ഒത്തുകൂടി ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ പ്രായോഗികപരിപാടികള്‍ക്ക് രൂപം നല്‍കുകയും ചെയ്തത്. അതിന്റെ ചുവടുപിടിച്ചാണ് 1974 മുതല്‍ ആഗോളാടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനം വിവിധ പ്രായോഗിക പ്രവര്‍ത്തനങ്ങളോടെയും അവബോധ പ്രചരണത്തോടെയും ആചരിച്ച് വരുന്നത്. ഈ വര്‍ഷത്തെ പരിസ്ഥിതി ദിന സന്ദേശം വായുമലിനീകരണം ഇല്ലാതാക്കുക എന്നതാണ്.

മനുഷ്യരും പ്രകൃതിയും തമ്മിലുള്ള പൊക്കിള്‍ക്കൊടിബന്ധമാണ് പരിസ്ഥിതി എന്നത്. അതിനിടയിലുണ്ടാകുന്ന വൈരുദ്ധ്യാത്മകത മനുഷ്യവംശത്തിനുപോലും ഭീഷണിയുയര്‍ത്തുന്നു. മനുഷ്യര്‍ പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ക്ഷതങ്ങള്‍ നാള്‍ക്കുനാള്‍ ഏറിവരികയാണ്. ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തം ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവുമാണ്. കേരളം കഴിഞ്ഞ പ്രളയകാലത്ത് നേരിട്ടനുഭവിച്ചതാണ്. 2015 പാരീസ് കണ്‍വന്‍ഷനില്‍ ഒപ്പുവച്ച ഉടമ്പടിയില്‍ നിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പ് വേളയിലും അധികാരമേറ്റതിനുശേഷവും നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്താവനകളാണ്. 2017ല്‍ അമേരിക്ക ഏകപക്ഷീയമായി അതില്‍നിന്നുള്ള പിന്മാറ്റം നടത്തി. 147 രാജ്യങ്ങള്‍ കരാര്‍പ്രകാരം ഭൗമതാപനിലയില്‍ വര്‍ധന രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ അധികമാകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പാരീസ് ഉടമ്പടിയുടെ കാതലായ ഭാഗം. 11 പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയപ്പോള്‍ അതൊരു മിഥ്യാധാരണയാണെന്ന വാദഗതിയുമായാണ് സമ്പന്ന രാജ്യങ്ങള്‍ നേരിട്ടത്.

ഐക്യരാഷ്ട്രസഭയുടെയും ലോക കാലാവസ്ഥാ സംഘടന (വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍)യുടെയും കീഴില്‍ 1988 ലാണ് രാജ്യാന്തര കാലാവസ്ഥ വ്യതിയാന പാനല്‍ (ഐപിസിസി) ആഗോളതാപനവും അതുമൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനവും സംബന്ധിച്ച ശാസ്ത്രീയവും സാങ്കേതികവുമായ വിവരങ്ങളും സാമൂഹ്യ സാമ്പത്തിക രംഗത്ത് അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോര്‍ട്ട് ക്രോഡീകരിച്ച് ലോകസമക്ഷം അവതരിപ്പിച്ചത്. ലോകത്ത് ആസന്നമായിരിക്കുന്ന മരണത്തെപ്പറ്റിയും അന്നോളം ലോകത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

1993 ഡിസംബര്‍ 11ന് ജപ്പാനിലെ ക്യോട്ടോയില്‍ ചേര്‍ന്ന കാലാവസ്ഥ സമ്മേളനം ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു. അവിടെ പങ്കെടുത്ത 62 രാജ്യങ്ങള്‍ ഒപ്പിട്ട ക്യോട്ടോ പ്രോട്ടോകോള്‍ അന്തരീക്ഷ മരിനീകരണം തടയാനും മാനവരാശിയെ കാലാവസ്ഥ ദുരന്തങ്ങളില്‍ നിന്ന് രക്ഷിക്കാനുമുള്ള രാജ്യങ്ങളുടെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നതാണ്. എന്നാല്‍ ക്യോട്ടോ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നു മാത്രമല്ല, കണ്‍വന്‍ഷന്‍ തന്നെ ബഹിഷ്‌കരിക്കുകയാണ് അമേരിക്ക ചെയ്തത്. 1985 മുതല്‍ ഇങ്ങോട്ട് എല്ലാ വര്‍ഷവും യുണൈറ്റഡ് നേഷന്‍സ് ഫ്രെയിംവര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ കണ്‍വന്‍ഷനുകള്‍ ചേരുകയും സ്ഥിതിഗതികള്‍ അവലോകനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ കരാറുകള്‍ പുതുക്കുകയും ചെയ്യാറുണ്ട്. ക്യോട്ടോ മുതല്‍ ഇതഃപര്യന്തം നടന്ന കാലാവസ്ഥാവ്യതിയാന സമ്മേളനങ്ങളുടെയെല്ലാം അന്തഃസത്തയെയും കരാറിനെയും റദ്ദാക്കുന്ന നിലപാട് സ്വീകരിക്കുകയാണുണ്ടായത്.

വ്യവസായ വിപ്ലവത്തെ തുടര്‍ന്നുള്ള രണ്ടു നൂറ്റാണ്ടുകളിലായി നടക്കുന്ന ഉല്‍പാദന പ്രവര്‍ത്തനങ്ങളും ഫോസില്‍ ഉല്‍പന്നങ്ങളുടെ ക്രമാതീതമായ ഉല്‍പാദനവും ഉപഭോഗവുമാണ് ആഗോളതാപനത്തിനു കാരണം. കമ്പോളം കീഴടക്കാനുളള ലോകശക്തികളുടെ മത്സര ഓട്ടത്തില്‍ പ്രകൃതിക്ക് ഏല്‍ക്കുന്ന ആഘാതം ഈ ശക്തികള്‍ മൂലധനതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി അവഗണിക്കുകയാണ്. ഭൗമാന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, മീഥേന്‍ എന്നീ വാതകങ്ങള്‍ പുറന്തള്ളുന്നതിലുണ്ടായ ഭീമമായ വര്‍ധനയ്ക്ക് കാരണക്കാര്‍ അമേരിക്കയും വന്‍കിട രാഷ്ട്രങ്ങളുമാണ്.

ലോകജനസംഖ്യയില്‍ 2.5 ശതമാനത്തിനു താഴെവരുന്ന അമേരിക്കയാണ് മൊത്തം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് 23 ശതമാനവും പുറന്തള്ളുന്നത്. മറ്റ് വികസിത രാജ്യങ്ങളുടെ പങ്കും ഒട്ടും കുറവല്ല. അതുകൊണ്ടാണ് കാലാവസ്ഥാവ്യതിയാനത്തിന്റെ ഉത്തരവാദിത്തം സമ്പന്ന രാഷ്ട്രങ്ങള്‍ക്കാണെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കുറ്റപ്പെടുത്തുന്നത്. കേരളത്തില്‍ കഴിഞ്ഞ 115 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വരള്‍ച്ചയും വെള്ളപ്പൊക്കവുമാണ് അനുഭവപ്പെട്ടത്. കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന ഘടകങ്ങളെ കണ്ടെത്തുകയും അതിനെ ക്രിയാത്മകമായി അഭിമുഖീകരിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ മുന്നിലുള്ള കടമ. 143 രാജ്യങ്ങള്‍ അണിചേരുന്ന ലോകപരിസ്ഥിതി ദിനത്തില്‍ ഓരോ വര്‍ഷവും ഓരോ സന്ദേശങ്ങള്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ക്കും ക്രിയാത്മക പ്രവൃത്തികള്‍ക്കുമായി മുന്നോട്ടുവയ്ക്കാറുണ്ട്.

കാലാവസ്ഥാവ്യതിയാനത്തിനും ആഗോളതാപനത്തിനും പ്രധാന കാരണമായി വര്‍ത്തിക്കുന്ന ഹരിതഗൃഹ വാതകങ്ങള്‍കൊണ്ട് അന്തരീക്ഷമാകെ മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു വശത്ത് ഹരിതഗൃഹവാതകങ്ങളുടെ അനിയന്ത്രിതമായ നിര്‍ഗമനം തടയുന്നതിനുവേണ്ടി ശ്രമം നടത്തുമ്പോള്‍ ഹരിതഗൃഹ വാതകങ്ങള്‍ ഓരോ നിമിഷംകൊണ്ടും ഭയാനകമായി വര്‍ധിക്കുകയും ചെയ്യുന്നു.അതുകൊണ്ടാണ് 2019 ജൂണ്‍ അഞ്ചിന്റെ പരിസ്ഥിതിദിന സന്ദേശം വായുമലിനീകരണത്തെ ചെറുക്കൂ എന്നതും അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനയെ ഈ ദിനത്തിന്റെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നതും. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ട്രൈ ഓക്‌സൈഡ് തുടങ്ങിയ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ച് ദൂഷിതവലയം തന്നെ സൃഷ്ടിക്കുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ ദൂഷിത വലയത്തില്‍പ്പെട്ട് നട്ടംതിരിയുന്ന ഒരു രാജ്യമാണ് ഇന്ത്യ. ലോകത്ത് വായുമലിനീകരണം ഏറ്റവും കൂടിയ നഗരങ്ങളുടെ ലിസ്റ്റില്‍ ആദ്യത്തെ പത്ത് നഗരങ്ങളെടുത്താല്‍ നാല് ഇന്ത്യന്‍ നഗരങ്ങള്‍ അതില്‍പ്പെടുന്നു എന്ന ഭീതിജനകമായ വിവരമാണ് ഏവര്‍ക്കും ലഭിക്കുക. നമ്മുടെ തലസ്ഥാന നഗരമായ ഇന്ദ്രപ്രസ്ഥം എന്ന് വിളിപ്പേരുളള ഡല്‍ഹിയാണ് നാല് നഗരങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നത്. വായു മലിനീകരണത്തിന്റെ തോത് നിശ്ചയിക്കുന്ന മാനദണ്ഡങ്ങളില്‍ അത്യന്തം അപകടകരമായാണ് ഡല്‍ഹിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവരക്കണക്കുകളനുസരിച്ച് വായുമലിനീകരണം മൂലം പ്രതിവര്‍ഷം 70 ലക്ഷം പേര്‍ നിശബ്ദ മരണത്തിന് കീഴടങ്ങുന്നു. ഈ മരണങ്ങള്‍ക്ക് ഹേതുവാകുന്നതാകട്ടെ അന്തരീക്ഷമലിനീകരണം, ശ്വാസകോശ അര്‍ബുദം (29 ശതമാനം), സ്തംഭിതം (24 ശതമാനം), ഹൃദ്‌രോഗം (25 ശതമാനം), മറ്റ് ശ്വസന-അലര്‍ജി രോഗങ്ങള്‍ (43 ശതമാനം) എന്ന ക്രമത്തിലാണ്.
ശുദ്ധമായ വായു എല്ലാ മനുഷ്യരുടെയും അവകാശമാണ്. പക്ഷേ ജനസംഖ്യയിലെ ബഹുഭൂരിപക്ഷത്തിനും അത് നിഷേധിക്കപ്പെടുന്നു. 2017 ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് ഓരോ വര്‍ഷവും ലോകത്തെ എഴുപത് ലക്ഷം പേരുടെ മരണത്തിന് ഹേതുവാകുന്നത് വായുമലിനീകരണമെന്നാണ് ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതില്‍ ഇന്ത്യയുടെ സ്ഥിതി അതിദയനീയമാണ്. 70 ല്‍ 14 ലക്ഷം പേര്‍ മരണപ്പെടുന്നത് ഇന്ത്യയിലാണ്. എന്താണ് അന്തരീക്ഷ മലിനീകരണം? മനുഷ്യനെപ്പോലെതന്നെ മറ്റ് ജീവജാലങ്ങളെ പ്രതികൂലമായി ബാധിക്കുന്നതും അന്തരീക്ഷ സ്വാഭാവികഗുണങ്ങളില്‍ മാറ്റം വരുത്തുന്ന രാസപദാര്‍ഥങ്ങള്‍, ധൂളിപടലങ്ങള്‍, ജൈവപദാര്‍ഥങ്ങള്‍ എന്നിവ വായുവില്‍ കലരുന്നതുകൊണ്ടുണ്ടാകുന്ന മലിനീകരണമാണ് അന്തീക്ഷ മലിനീകരണം അഥവാ വായുമലിനീകരണം. പ്രകൃതിദത്തവും മനുഷ്യജന്യവുമായ കാരണങ്ങള്‍ അന്തരീക്ഷമലിനീകരണത്തിനുണ്ട്.

അഗ്നിപര്‍വതവാതകങ്ങള്‍, ചതുപ്പുനിലവാതകങ്ങള്‍, കാട്ടുതീ, പൊടിക്കാറ്റ്, വാഹനഗതാഗതം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, കീടനാശിനികള്‍, രാസവളങ്ങള്‍, ഖനനം, ലോഹശുദ്ധീകരണം, ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴുണ്ടാകുന്ന പുക, ഗാര്‍ഹിക-വ്യവസായിക ഗതാഗത ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള ഊര്‍ജോല്‍പാദനത്തിനിടയിലുണ്ടാകന്ന വാതകങ്ങള്‍ തുടങ്ങിയവയാണ് വായുമലിനീകരണത്തിന്റെ സ്വാഭാവിക സ്രോതസുകള്‍. ചതുപ്പു നിലങ്ങളില്‍ നിന്നും ഉയരുന്ന മീഥേന്‍ മലിനീകാരിയായ വാതകമാണ്. അത് ശ്വസിച്ചാല്‍ മരണം വരെയും സംഭവിക്കാം. അതുപോലെ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് വാതക മലിനീകാരികളില്‍ 48 ശതമാനവും. ഈ വാതകത്തിന്റെ 82 ശതമാനം പുറന്തള്ളലിന് കാരണം മനുഷ്യജന്യ സ്രോതസുകളാണ്. ഇന്ധനങ്ങളുടെ പൂര്‍ണമാകാത്ത ജ്വലനമാണ് കാര്‍ബണ്‍ മോണോക്‌സൈഡ് ഉല്‍പാദനത്തിന് കാരണം. വാഹനങ്ങളുടെ ഉള്ളിലുള്ള ഇന്ധന ജ്വലനം വഴി മാത്രം 80 ശതമാനം കാര്‍ബണ്‍ മോണോക്‌സൈഡാണ് അന്തരീക്ഷത്തില്‍ ലയിക്കുന്നത്. സള്‍ഫര്‍ ഡൈ ഓക്‌സൈഡ് ഒരളവ് കഴിഞ്ഞ് ശ്വസിച്ചാല്‍ മരണം സുനിശ്ചിതമത്രേ. അതേപോലെ വായുമലിനീകരണത്തില്‍ രണ്ടാം സ്ഥാനത്തുള്ള സള്‍ഫറിന്റെ ഓക്‌സൈഡുകള്‍ 29 ശതമാനത്തോളം വരും. പ്രകൃതി സ്രോതസുകളില്‍ നിന്നും 67 ശതമാനവും 33 ശതമാനം മനുഷ്യനിര്‍മിതവുമാണ്. ഫോസില്‍ ഇന്ധനങ്ങളുടെ പ്രത്യേകിച്ച് കല്‍ക്കരിയുടെ ഉപയോഗവും രാസപ്രക്രിയയുമാണ് സള്‍ഫര്‍ ഓക്‌സൈഡിന്റെ അന്തരീക്ഷത്തിലെ അമിതമായ സാന്നിധ്യത്തിന് കാരണം. സള്‍ഫര്‍ ഡൈ ഓക്‌സൈഡ് അന്തരീക്ഷത്തിലെ നീരാവിയുമായി ചേര്‍ന്ന് സള്‍ഫ്യൂറിക് ആസിഡ് ഉണ്ടാക്കുന്നതാണ് അമ്ലമഴയുടെ കാരണങ്ങളിലൊന്ന്. അലര്‍ജി രോഗങ്ങള്‍, നെഞ്ചുരോഗം, ശ്വസനതടസം, ആസ്ത്മ, കാന്‍സര്‍ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ സള്‍ഫര്‍ ഡയോക്‌സൈഡ് ഉണ്ടാക്കുന്നുണ്ട്. അതുപോലെ വായുവിലുണ്ടാകുന്ന നൈട്രജന്റെ വിവിധ ഓക്‌സൈഡുകളും ശക്തമായ മലിനീകാരികളാണ്. അന്തരീക്ഷ നീരാവിയുമായി ചേരുമ്പോള്‍ നൈട്രജന്‍ ഡയോക്‌സൈഡ് നൈട്രിക് ആസിഡ് ഉണ്ടാക്കുന്നു. അമ്ലമഴയിലെ ഒരു ഘടകം ഈ നൈട്രിക് ആസിഡാണ് പ്രധാനമായും വാഹന എന്‍ജിനുകളിലെ പെട്രോള്‍, ഡീസല്‍ എന്നിവയിലെ ജ്വലനമാണ് നൈട്രജന്‍ ഓക്‌സൈഡുകളുടെ മനുഷ്യ നിര്‍മിത സ്രോതസ്. ഇത് മനുഷ്യാരോഗ്യത്തിന് ഏറെ ഹാനികരമാകുന്നുവെന്നു മാത്രമല്ല ഇവ ഹരിതഗൃഹ വാതകങ്ങളുമാണ്. ധൂളീപടലങ്ങളാണ് വായുമലിനീകരണത്തിന്റെ മറ്റൊരു ഹേതു. ഫോസില്‍ ഇന്ധനങ്ങളുടെ കത്തിക്കല്‍, വ്യവസായശാലകള്‍, ഖനനം, ഗതാഗതം, സ്‌പ്രേ പെയിന്റിംഗ് തുടങ്ങി മനുഷ്യ പ്രവൃത്തികളും പ്രകൃതിപരമായ അഗ്നിപര്‍വതധൂമം, പൊടിക്കാറ്റ്, സമുദ്രജലകണങ്ങള്‍ എന്നിവയും ധൂളിപടലങ്ങളെ അന്തരീക്ഷത്തിലെത്തിക്കുന്നു. പുക, പൊടി, മൂടല്‍മഞ്ഞ്, സ്‌പ്രേ, ധൂമം എന്നിങ്ങനെയുള്ള ധൂളീപടലങ്ങളാണ് മനുഷ്യന് ഏറ്റവും കൂടുതല്‍ അപകടകാരികള്‍. ഇവ ശ്വാസകോശത്തില്‍ ആഴത്തിലെത്തുകയും കടുത്ത നെഞ്ചുരോഗം, കാന്‍സര്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വായുമലിനീകരണത്തിന്റെ മറ്റൊരു ഘടകമാണ് എയ്‌റോസോളുകള്‍. അതിസൂക്ഷ്മമായി വായുവില്‍ ലയിച്ചിരിക്കുന്ന ദ്രവ-ഖര പദാര്‍ഥങ്ങളെയാണ് പൊതുവില്‍ ഏയ്‌റോസോളുകള്‍ എന്നു പറയുക. ധൂളീപടലങ്ങള്‍ ഉണ്ടാകുന്ന സ്രോതസുകള്‍ ആണ് എയ്‌റോസോളുകള്‍ കാരണം നൂറ് മൈക്രോമീറ്ററില്‍ താഴെ മാത്രമാണ് എയ്‌റോസോളുകളുടെ വലിപ്പം. അന്തരീക്ഷതാപം ആഗിരണം ചെയ്ത് ആഗോള താപനത്തില്‍ ഇവയില്‍ ഒരു വിഭാഗം കാരണമാകുന്നു.

അന്തരീക്ഷ മലിനീകരണത്തിന്റെ അഥവാ വായുമലിനീകരണത്തിന്റെ എല്ലാ വശങ്ങളെയുംക്കുറിച്ച് വിസ്താരഭയത്താല്‍ ഇവിടെ പ്രതിപാദിക്കുന്നില്ല. എന്നാല്‍ 1952 മുതല്‍ ലണ്ടന്‍ നഗരത്തിലുണ്ടായ പ്രസിദ്ധമായ ലണ്ടന്‍ സ്‌മോഗ് മുതലിങ്ങോട്ട് ഡല്‍ഹിയില്‍ കഴിഞ്ഞ നാളുകളില്‍ ഡല്‍ഹിയിലുണ്ടായ സ്‌മോഗ് മനുഷ്യജീവിതം ദുസഹമാക്കി. മനുഷ്യര്‍ അഭിമുഖമായി നിന്നാല്‍ തമ്മില്‍ കാണാന്‍ കഴിയാത്ത തരത്തില്‍ ദിവസങ്ങളോളം സ്‌മോഗ് നിലനിന്നു. മിക്ക രാജ്യങ്ങളിലും വായുമലിനീകരണ നിയന്ത്രണനിയമങ്ങളും അത് നടപ്പിലാക്കാനും സ്ഥാപനങ്ങളും ഉണ്ട്. വായു മലിനീകരണ നിയന്ത്രണത്തിന് ഇന്ത്യയില്‍ പാസാക്കപ്പെട്ട നിയമമാണ് 1981 ലെ എയര്‍ ആക്ട് (എയര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍ ആക്ട് 1981). എന്നാല്‍ ഈ നിയമം നിലവിലുള്ളപ്പോഴാണ് രാജ്യതലസ്ഥാനം പോലും മലിനീകരണ പട്ടികയില്‍ ഒന്നാമത് എത്തിനില്‍ക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് ലോക പരിസ്ഥിതിദിനത്തില്‍ വായുമലിനീകരണത്തെ തടയു അഥവാ ചെറുക്കു എന്നര്‍ഥം വരുന്ന ബീറ്റ് ലിവ് എയര്‍ പൊല്യൂഷന്‍ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ആചരണം നടക്കുക. ഈ ദിനം സാര്‍ഥകമാക്കാന്‍ നമുക്കൊരുമിക്കാം. രാജ്യങ്ങള്‍ ഒത്തുചേര്‍ന്ന്, രാഷ്ട്രത്തലവന്മാര്‍ ഒത്തുചേര്‍ന്ന്, ജനങ്ങള്‍ ഒത്തുചേര്‍ന്ന് പരിസ്ഥിതി ദിനം ആചരിക്കാം.