ഇന്ന് ലോക മത്സ്യത്തൊഴിലാളി ദിനം; പ്രതിസന്ധി ഒഴിയാതെ മത്സ്യമേഖല

Web Desk
Posted on November 20, 2017, 9:54 pm

ജിഎസ്ടിയും നോട്ട് നിരോധനവും തിരിച്ചടിയായി

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: ജി എസ് ടിയും നോട്ട് നിരോധനവും മൂലം മത്സ്യമേഖലയില്‍ പ്രതിസന്ധി തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ ജി എസ് ടി നടപ്പാക്കിയതോടെ മത്സ്യമേഖലയിലെ പല ഉപകരണങ്ങളുടേയും വില കുതിച്ചുകയറി. കഴിഞ്ഞ 10ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ മത്സ്യമേഖലയിലെ ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന ആവശ്യം പല സംസ്ഥാനങ്ങളും ഉയര്‍ത്തിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.
ഏറെ പ്രതിസന്ധിയിലായിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നോട്ട് നിരോധനം ഇരുട്ടടിയായി മാറി. ഉല്‍പ്പന്നങ്ങളുടെ വില കുറഞ്ഞതോടെ മുതല്‍മുടക്ക് പോലും ലഭിക്കാതെയായി. ജിഎസ്ടി നടപ്പാക്കിയതോടെ വള്ളങ്ങളുടെ ഔട്ട്‌ബോര്‍ഡ് എഞ്ചിനുകളുടെ നികുതി 14.5 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി ഉയര്‍ന്നു. നിലവില്‍ എഞ്ചിനുകള്‍ ഇറക്കുമതി ചെയ്യുകയാണ്. ഇവയുടെ ചുങ്കം 25 ശതമാനത്തില്‍ നിന്ന് 33 ശതമാനമായും വര്‍ധിച്ചു.
വല പൊങ്ങിക്കിടക്കാന്‍ ഉപയോഗിക്കുന്ന പ്ലോട്ടുകളുടെ നികുതിയിലും വന്‍വര്‍ധനവ് ഉണ്ടായി. 28 ശതമാനമാണ് നിലവിലുള്ള നികുതി. ഐസ് ബോക്‌സുകളുടെ നികുതി 14.5 ശതമാനത്തില്‍ നിന്നും 18 ശതമാനമായി വര്‍ധിച്ചു. നികുതി ഇല്ലാതിരുന്ന വല, ചൂണ്ട, റോപ്പ് എന്നിവയ്ക്കും നികുതി ഈടാക്കി തുടങ്ങി. ഇന്‍ഡോര്‍ വള്ളങ്ങളിലെ പ്രൊപ്പല്ലറിന്റെ ഷാഫ്റ്റുകളുടെ നികുതിയും 12 ശതമാനമായി ഉയര്‍ത്തി. ഇത് പ്ലാസ്റ്റിക് ഉല്‍പ്പന്നമായതിനാല്‍ നികുതി കുറക്കാന്‍ കഴിയില്ലെന്നാണ് അധികൃതരുടെ വാദം. മീന്‍വലയുടെ നികുതി 12 ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കി കുറച്ചതും ഉണക്കമീനിന്റെ നികുതി ഒഴിവാക്കിയതുമാണ് കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ മത്സ്യമേഖലയ്ക്കായി ആകെ ചെയ്തത്. ഇതോടെ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ ജിഎസ്ടി കേരളത്തിന് കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന വാദവും അസ്ഥാനത്തായി.
കേരളത്തിലെ പരമ്പരാഗത തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രതിസന്ധി മത്സ്യക്ഷാമമാണ്. കേരള തീരത്ത് വരള്‍ച്ചയുടെ തോത് അനുദിനം വര്‍ധിക്കുന്നതിനാല്‍ ചാള, അയില, നത്തോലി, എന്നിവയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കുന്നു. 2012 ല്‍ 8.39 ലക്ഷം ടണ്‍ ആയിരുന്നു കേരളത്തിലെ മത്സ്യ ഉല്‍പ്പാദനം. 2016 ല്‍ അത് 5.2 ലക്ഷം ടണ്‍ ആയി കുറഞ്ഞു. മലയാളികളുടെ ഇഷ്ടവിഭമായ ചാളയുടെ ഉല്‍പ്പാദനത്തില്‍ വന്‍ കുറവാണ് ദൃശ്യമാകുന്നത്. 2012 ല്‍ നാല് ലക്ഷം ടണ്‍ ആയിരുന്നത് 2015 ല്‍ 48,000 ടണ്‍ ആയും 2016 ല്‍ 25,000 ടണ്‍ ആയും കുറഞ്ഞു. തമിഴ്‌നാട്, കര്‍ണ്ണാടക തീരങ്ങളില്‍ നിന്നും വന്‍തോതില്‍ ചാള കേരളത്തില്‍ എത്തുന്നതിനാലാണ് മലയാളികള്‍ക്ക് ഇത് ലഭ്യമാകുന്നത്. ചാള അടക്കമുള്ള മത്സ്യങ്ങളുടെ ക്ഷാമത്തോടെ ദുരിതത്തിലായ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുവാന്‍ സമഗ്രമായ നടപടികള്‍ അനിവാര്യമാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.