Monday
27 May 2019

ജനോപകാരപ്രദമായ റവന്യൂ സര്‍വീസ്

By: Web Desk | Saturday 23 February 2019 10:21 PM IST


ഐക്യകേരളത്തെക്കാള്‍ പ്രായമുണ്ട് നമ്മുടെ റവന്യു ഭരണ സംവിധാനത്തിന്. തിരു – കൊച്ചി, മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാര്‍, സൗത്ത് കാനറയുടെ ഭാഗമായിരുന്ന ഇന്നത്തെ കാസര്‍കോട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് 1956-ല്‍ കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടത്. തിരു – കൊച്ചി പ്രദേശത്തെ തിരുവനന്തപുരം ജില്ലയില്‍ അഞ്ചുതെങ്ങ്, കൊല്ലം തങ്കശ്ശേരി, എറണാകുളം ഫോര്‍ട്ട്‌കൊച്ചി എന്നീ പ്രദേശങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലുളളവയായിരുന്നു. ഇവിടെയെല്ലാം വ്യത്യസ്തങ്ങളായ ഭൂസംബന്ധിയായ ഭരണക്രമവും ചട്ടങ്ങളുമായിരുന്നു നിലനിന്നിരുന്നത്. നാടുവാഴികള്‍ ജന്‍മികളില്‍ നിന്നും ഉല്‍പ്പന്നത്തിന്റെ നിശ്ചിത ഭാഗം രാജഭോഗമായി ചുമത്തിയിരുന്ന രീതിയില്‍ നിന്നും വിവിധയിനം നികുതികള്‍ നിശ്ചയിച്ച് പിരിക്കുന്ന രീതിയിലേക്ക് മാറിയത് 1684-ല്‍ തിരുവിതാംകൂറില്‍ രവിവര്‍മ്മ രാജാവിന്റെ കാലത്തായിരുന്നു. തുടര്‍ന്ന്, സ്ഥിരമായ നികുതി ഘടന ലക്ഷ്യമിട്ട് റവന്യൂ സെറ്റില്‍മെന്റ് നടപടികള്‍ 1738-ല്‍ ആരംഭിക്കുകയുണ്ടായി. ശാസ്ത്രീയമായ റവന്യൂ സെറ്റില്‍മെന്റ് മലബാറില്‍ 1888-1904 കാലഘട്ടത്തിലും കൊച്ചിയില്‍ 1898-1907-ലും തിരുവിതാംകൂറില്‍ 1883-1911-ലുമാണ് നടന്നത്. ഇതോടനുബന്ധിച്ച് 1886 ഫെബ്രുവരി 24-ന് തിരുവിതാംകൂര്‍ മഹാരാജാവ് ആയിരുന്ന ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ ട്രാവന്‍കൂര്‍ സെറ്റില്‍മെന്റ് വിളംബരം പുറപ്പെടുവിക്കുകയുണ്ടായി. ഈ വിളംബരത്തിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാവര്‍ഷവും ഫെബ്രുവരി 24-ന് സംസ്ഥാനത്ത് റവന്യൂ ദിനമായി ആചരിച്ചുവരുന്നത്.

സംസ്ഥാന രൂപീകരണത്തിനു മുന്‍പ് റവന്യൂ ഭരണത്തിനു പുറമെ സമൂഹത്തിന്റെ സമസ്തമേഖലകളിലും ഔദ്യോഗികമായി ഇടപെടുന്നതിനുളള ചുമതലകളും അധികാരങ്ങളും വില്ലേജ് ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നു. കാലക്രമത്തില്‍ പുതുതായി അനവധി വകുപ്പുകള്‍ രൂപപ്പെട്ടതോടെ ഇത്തരം പല ചുമതലകളും അതത് വകുപ്പുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. കേരള സംസ്ഥാന രൂപീകരണത്തിനുശേഷവും തുടര്‍ന്ന് വന്നിരുന്ന റവന്യൂ, വില്ലേജ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായുളള റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം 1984-ലെ റവന്യൂ-വില്ലേജ് സംയോജനത്തിലൂടെ ഒന്നായി മാറുകയുണ്ടായി. തുടര്‍ന്ന് 1996-ലെ കേരള റവന്യൂ ബോര്‍ഡ് നിര്‍ത്തലാക്കാന്‍ നിയമ പ്രകാരം റവന്യൂ ബോര്‍ഡ് ഇല്ലാതാവുകയും ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റ് രൂപപ്പെടുകയും ചെയ്തു. ആധുനികകാല സങ്കീര്‍ണ്ണതകളും സാങ്കേതികവിദ്യാ മുന്നേറ്റവും റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തന രീതിയെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ടെങ്കിലും നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ടോയെന്നു ചോദിച്ചാല്‍ ഇന്നും അത് പൂര്‍ണ്ണമല്ല എന്നു പറയേണ്ടിവരും. ഇനിയും ധാരാളം നിയമ നിര്‍മ്മാണങ്ങളും നിയമങ്ങളുടെ ലഘൂകരണവും യുക്തിസഹമാക്കലും ജനകീയവല്‍ക്കരണവും ഈ രംഗത്ത് ആവശ്യമാണ്. ഈ സര്‍ക്കാരിന്റെ 1000 ദിനങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ റവന്യൂ ഓഫീസുകളെ ജനോപകാരപ്രദവും ജനസൗഹാര്‍ദ്ദപരവും ആക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നത് ഉചിതമാണെന്ന് കരുതുന്നു.

സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി ഇതുവരെ 1,03,361 പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി അവസാനത്തോടെ 3000 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യാന്‍ കഴിയും.
കൈവശക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയില്‍ അവശേഷിക്കുന്നവര്‍ക്ക് ഉടന്‍ പട്ടയം നല്‍കുന്നതിന് സത്വര നടപടി സ്വീകരിച്ചു.

ഉപാധിരഹിത പട്ടയമെന്ന ദീര്‍ഘകാല ആവശ്യത്തിന് അംഗീകാരം നല്‍കി.1964-ലെ ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. 1964-ലെ ഭൂമി പതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കൈവശത്തിലുളള ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. കൈവശത്തിലില്ലാത്ത ഭൂമി പതിച്ചു കിട്ടുന്ന സംഗതിയില്‍ കൈമാറ്റത്തിനുളള കാലപരിധി 25 വര്‍ഷത്തില്‍ നിന്നും 12 വര്‍ഷമാക്കി കുറവു ചെയ്തു.

കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചുകിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് എല്ലാതരം ബാങ്കുകളിലും ഈടുവച്ച് ലോണ്‍ എടുക്കുന്നതിനും മറ്റും ഉതകുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തു.

1964-ലെ ചട്ടങ്ങള്‍ പ്രകാരം നല്‍കിയ പട്ടയ ഭൂമിയില്‍ കൃഷിക്കാര്‍ വച്ചുപിടിപ്പിക്കുന്ന ചന്ദനം ഒഴികെയുളള മരങ്ങളുടെ അവകാശം കൃഷിക്കാര്‍ക്കു തന്നെ ലഭിക്കുന്ന തരത്തില്‍ ചട്ടങ്ങള്‍ ഭേദഗതി വരുത്തി.

ഇടുക്കി പദ്ധതി പ്രദേശത്ത് പത്ത് ചങ്ങലയില്‍ മൂന്ന് ചങ്ങല വിട്ടുളള പ്രദേശത്ത് പട്ടയം വിതരണം ചെയ്യുന്നതിനു പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. അരനൂറ്റാണ്ടിലധികം നീണ്ട ആവശ്യത്തിന് ഗുണപരമായ പര്യവസാനമാണ് ഇതുവഴി ഉണ്ടായത്.

മൂന്നു ചങ്ങലയ്ക്കകത്തുളള താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിന് വൈദ്യൂതി ബോര്‍ഡിന്റെ അനുമതി ലഭിക്കുന്നതോടെ തുടര്‍ നടപടി സ്വീകരിക്കാന്‍ തത്വത്തില്‍ തീരുമാനമെടുത്തു.
മൂന്നാറിന് പ്രത്യേക പരിഗണന നല്‍കി പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ക്രിയാത്മക ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തിയത്. അനധികൃത നിര്‍മാണങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. നീലക്കുറിഞ്ഞി മലകളുടെ സംരക്ഷണത്തിനായി നടപടികള്‍ സ്വീകരിച്ചു.
ഹൈക്കോടതിയിലെ മിച്ചഭൂമി കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു. ഗവണ്‍മെന്റ് അഭിഭാഷകരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തി.
155.14 ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തു. 36.50 ഹെക്ടര്‍ ഭൂമി 656 പേര്‍ക്ക് വിതരണം ചെയ്തു.
കാലാവധി കഴിഞ്ഞതും വ്യവസ്ഥകള്‍ ലംഘിച്ചതുമായ പാട്ടഭൂമി തിരിച്ചെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി. .

വിവിധ ജില്ലകളിലായി 1700.69 ഹെക്ടര്‍ ഭൂമി ‘എസ്ചീറ്റ്’ ഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തു.
കൊല്ലം ജില്ലയില്‍ ആര്യങ്കാവ് വില്ലേജില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ നിന്നും വാങ്ങി പ്രിയ റബ്ബര്‍ എസ്റ്റേറ്റ് & പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 492.13 ഏക്കര്‍ ഭൂമി തിരിച്ചെടുത്തു.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുളള തടസ്സങ്ങള്‍ നീക്കാന്‍ സത്വര നടപടി സ്വീകരിച്ചു. പുനരധിവാസ പാക്കേജില്‍ ആകര്‍ഷക മാറ്റം വരുത്തി പുനരധിവാസ നയം രൂപീകരിച്ചു.

കൈയ്യേറ്റം തടയുന്നതിന് ശക്തമായ നടപടി സ്വീകരിച്ചു.
സംസ്ഥാനത്താകെ 605 കേസുകളിലായി 203 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റക്കാരില്‍ നിന്നു ഒഴിപ്പിച്ചെടുത്തു.

റവന്യൂ വിജിലന്‍സ് വിംഗിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കി.
സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുളള ഭൂമി കൈമാറ്റത്തിന് ഗ്രാമ പഞ്ചായത്തിലുളള ഭൂമിയാണെങ്കില്‍ 50 സെന്റും മുനിസിപ്പല്‍ പ്രദേശത്ത് 25 സെന്റും കോര്‍പ്പറേഷന്‍ പ്രദേശത്ത് 10 സെന്റും കൈമാറി നല്‍കുന്നതിന് ജില്ലാകളക്ടര്‍മാര്‍ക്ക് അധികാരം നല്‍കി.
വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തി.

യുഡിഎഫ് ഗവണ്‍മെന്റ് മരവിപ്പിച്ച റീ സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ പുനരാരംഭിച്ചു. സര്‍വ്വെ പൂര്‍ത്തിയാക്കുന്നതിന് സമയബന്ധിത നടപടി സ്വീകരിച്ചു.
തുടക്കം കാസര്‍കോട്, ഇടുക്കി ജില്ലകളില്‍ നടത്തി. കാസര്‍കോട് 21 വില്ലേജുകളിലെ റീ-സര്‍വ്വെ പൂര്‍ത്തിയാക്കി. ഇടുക്കിയില്‍ പ്രവര്‍ത്തനം തുടങ്ങി.

റീ സര്‍വെയുമായി ബന്ധപ്പെട്ട പരാതികളില്‍ ദ്രുതഗതിയില്‍ തീര്‍പ്പ് കല്‍പ്പിച്ചുവരുന്നു.
വില്ലേജ് ഓഫീസുകള്‍ ജനസൗഹൃദമാക്കാനും പരിശോധന ശക്തിപ്പെടുത്തി വില്ലേജ് ഓഫീസുകളിലെ നടപടി ക്രമങ്ങള്‍ സുതാര്യമാക്കാനും അഴിമതി ഇല്ലാതാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിച്ചു.

സംസ്ഥാനത്ത് 2017-2018-ല്‍ 50 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ആക്കുന്നതിനും 100 വില്ലേജ് ഓഫീസുകളില്‍ അഡീഷണല്‍ ആയി ഓരോ റൂം കൂടി പണിയുന്നതിനും 80 വില്ലേജ് ഓഫീസുകള്‍ക്ക് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനും 80 വില്ലേജ് ഓഫീസുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും ഉളള അനുമതി നല്‍കി.
സംസ്ഥാനത്ത് പുതിയ ആറ് റവന്യൂ ഡിവിഷനുകളും രണ്ട് താലൂക്കുകളും പുതുതായി രൂപീകരിച്ചു.

പവര്‍ഗ്രിഡ് കോര്‍പ്പറേഷനുകള്‍, കണ്ണൂര്‍ ഇന്‍ഡസ്ട്രിയല്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, നേമം റെയില്‍വേ ഡബ്ലിംഗ് എന്നിവയ്ക്കായി 4 സ്‌പെഷ്യല്‍ ലാന്‍ഡ് അക്വിസഷന്‍ യൂണിറ്റുകളും അവയ്ക്കായി 320 തസ്തികകളും സൃഷ്ടിച്ചു.
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കൂടുതല്‍ ശക്തമാക്കുന്നതിന് ഭേദഗതി ആക്റ്റ് കൊണ്ടുവന്നു.

അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ ക്രിയാത്മക നടപടികള്‍ക്ക് വ്യവസ്ഥ ചെയ്തു.
നെല്‍വയല്‍ – തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. ഡേറ്റാ ബാങ്ക് സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി. അപേക്ഷ സമര്‍പ്പിക്കുന്നതിന് 6 മാസത്തെ സമയം അനുവദിച്ചു..

റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്ന പരാതികളും നിവേദനങ്ങളും നിലവില്‍ തപാല്‍ മാര്‍ഗം വിവിധ ഓഫീസുകളില്‍ അയച്ചാണ് പരിഹാരം തേടുന്നത്. ഇത് വളരെയേറെ കാലതാമസത്തിന് കാരണമാകുന്നുണ്ട്. ആയത് പരിഹരിക്കുന്നതിന് അതാത് ഓഫീസുകളിലേക്ക് ഓണ്‍ലൈനായി പരാതികളും നിവേദനങ്ങളും കൈമാറുന്നതിനുളള ആര്‍എംഒ കേരള എന്ന മേല്‍വിലാസം റവന്യൂ പോര്‍ട്ടലില്‍ ഉള്‍ക്കൊളളിക്കുന്നതിനുളള നടപടികളും അന്തിമഘട്ടത്തിലാണ്.

ശൈശവാവസ്ഥയിലായിരുന്നു എന്ന് കോടതി പോലും നിരീക്ഷിച്ച സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനം രണ്ടു വര്‍ഷങ്ങള്‍കൊണ്ട് കാര്യക്ഷമതയിലേക്ക് ഉയര്‍ന്നുവന്നു.
”ഓഖി” ദുരന്തകാലത്ത് അഭൂതപൂര്‍വമായ രക്ഷാപ്രവര്‍ത്തനങ്ങളും സമാശ്വാസ നടപടികളുമാണ് ദുരന്ത നിവാരണ രംഗത്ത് നടപ്പാക്കിയത്.

വരള്‍ച്ച കാലത്ത് വന്‍തോതിലുളള കുടിവെളള വിതരണവും, മനുഷ്യരുടെയും കന്നുകാലികളുടെയും മറ്റു മൃഗങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനായുളള നടപടികളും സ്വീകരിക്കുകയുണ്ടായി.

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവും ജനസൗഹൃദപരവും ആക്കുന്നതിന് ഈ നടപടികള്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ട് എന്നാണ് ജനങ്ങളില്‍ നിന്നു കിട്ടുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. ഈ ജനകീയ അംഗീകാരമാണ് ഇനിയും മുന്നോട്ടുപോകാനുളള ഏറ്റവും വലിയ പ്രചോദനം.