Web Desk

ഓക്‌ലാന്‍ഡ്

January 26, 2020, 11:03 am

കോലിപ്പട വീണ്ടും ഓക്ക്‌ലാന്‍ഡിൽ; ജയം തുടരാൻ ഇന്ത്യ

Janayugom Online

വിജയം തുടരാനുറച്ച് ഇന്ത്യ വീണ്ടും ഗ്രൗണ്ടിലിറങ്ങുന്നു. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരം ഇന്ന്. കഴിഞ്ഞ മത്സരം നടന്ന അതേ വേദിയില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.20നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നീലപട്ടാളം ആറു വിക്കറ്റിന്റെ മിന്നുന്ന ജയം ആരാധകർക്ക് സമ്മാനിച്ചിരുന്നു. ഇതാവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാവും വിരാട് കോലിയും സംഘവും മത്സരത്തിനെത്തുന്നത്. എന്നാൽ കറുത്ത തൊപ്പിക്കാരാകട്ടെ സ്വന്തം തട്ടകത്തിലേറ്റ ആദ്യ തോല്‍വിക്കു പ്രതികാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇറങ്ങുക. ആദ്യ മത്സരത്തിലെ അതേ ബാറ്റിങ് നിരയെത്തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. വമ്പൻ സ്കോറിന് മുന്നിൽ പതറാതെ മികച്ചപ്രകടനം നടത്തിയ മുൻനിര ബാറ്റ്സ്മാൻമാരെ മാറ്റംവരുത്തി റിസ്‌കെടുക്കാന്‍ തുനിയില്ല.

ഇതോടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും മലയാളി താരം സഞ്ജു സാംസണിനും ഇന്നും പുറത്തിരിക്കേണ്ടിവന്നേക്കും. ജസ്പ്രീത് ബുംറയെ ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ള ബോളർമാർക്ക് കഴിഞ്ഞമത്സരത്തിൽ കണക്കിന് തല്ലുകിട്ടിയിരുന്നു. അതിനാൽ ബോളിഗിൽ ഒരു മാറ്റം കൊണ്ടുവന്നേക്കും. ആദ്യ മത്സരത്തില്‍ ബൗള്‍ ചെയ്യവെ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു പരിക്കേറ്റിരുന്നെങ്കിലും ഇന്നും കളിക്കാനിറങ്ങിയേക്കും. ബുംറയ്ക്കു കളിക്കാനായില്ലെങ്കില്‍ നവദീപ് സെയ്‌നി പകരക്കാരനാകും. ആദ്യ കളിയില്‍ നല്ല റൺസ് വഴങ്ങിയ ശര്‍ദ്ദുല്‍ താക്കൂറിനെ പുറത്തിരുത്താൻ തീരുമാനിച്ചാലും സെയ്‌നി പകരം ടീമിലെത്തിയേക്കും.

you may also like this video;

ശിവം ദുബൈ ഓൾറൗണ്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ കഴിയുന്ന താരമാണെന്ന് കഴിഞ്ഞ മത്സരം തെളിയിച്ചിട്ടുണ്ട്. മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസർമാരുടെയും രണ്ട് സ്പിന്നർമാരുടെയും കോമ്പിനേഷനാകും ഇന്നും പരീക്ഷിക്കുക. കുൽദീപ് യാദവ്-ചാഹൽ സഖ്യത്തിനൊപ്പം ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും ചേരുമ്പോൾ ബൗളിങിന് വൈവിധ്യമാകും. ഇന്ത്യയുടെ മറ്റൊരു സ്പിന്‍ ഓൾറൗണ്ടറായ വാഷിംഗ്ടൺ സുന്ദറിന് ഇന്നും അവസരം ലഭിച്ചേക്കില്ല. ബാറ്റിങിന് അനുകൂലിക്കുന്ന പിച്ചായതിനാല്‍ ടോസ് ലഭിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ആദ്യ മല്‍സരത്തില്‍ ഇന്ത്യക്കായിരുന്നു ടോസ്.

കിവീസ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും ഇത് കാര്യമായ വെല്ലുവിളിയില്ലാതെ മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. അതുകൊണ്ടു തന്നെ രണ്ടാമത്തെ മത്സരത്തിലും ടോസ് നിര്‍ണായകമായി മാറാനിടയുണ്ട്. ന്യൂസിലാൻഡ് ടീമിലും കാര്യമായ മാറ്റങ്ങൾ ഒന്നുംതന്നെ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിലും കോളിൻ മൺറോയും നൽകിയ മിന്നൽ തുടക്കം കണക്കിലെടുക്കുമ്പോൾ മുൻനിരയിൽ മാറ്റങ്ങൾ ഉണ്ടാകില്ല. സ്ഥാനക്കയറ്റം നേടിയെത്തിയ കോളിൻ ഡി ഗ്രാൻഡ്ഹോം നിരാശപ്പെടുത്തിയിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം റോസ് ടെയ്‌ലർ മികച്ച ഫോമിലേക്ക് എത്തിയത് കിവീസിന് കരുത്താകും.

Eng­lish Sum­ma­ry: Today is the sec­ond match of the T20 series between India and New Zealand.