9 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 14, 2024
November 12, 2024
November 6, 2024
October 18, 2024
October 12, 2024
October 10, 2024
October 6, 2024
October 6, 2024
October 1, 2024

ഇന്ന് ലോക സന്ധിവാതദിനം; 30 കഴിഞ്ഞ സ്ത്രീകളിൽ സന്ധിവാത സാധ്യത കൂടുന്നു

‍ഡോ. ഹരീഷ് ചന്ദ്രന്‍ എംഎസ്
October 12, 2024 12:30 pm

ന്ധികളിൽ നീർക്കെട്ടിനു കാരണമാകുന്ന രോഗാവസ്ഥയാണ് സന്ധിവാതം അഥവാ ആർത്രൈറ്റിസ്. സന്ധികളിലെ തേയ്മാനവും ആർത്രൈറ്റിസിന് കാരണമാകും. സമൂഹത്തിലെ 20 മുതൽ 25 ശതമാനം പ്രായമായ ആളുകളിലും സാധാരണയായി കണ്ടുവരുന്ന രോഗാവസ്ഥയാണ് സന്ധിവാതം. വർഷാവർഷം ലക്ഷക്കണക്കിന് പേർക്ക് ഈ രോഗം ബാധിക്കുന്നുണ്ടെങ്കിലും പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സന്ധിവാതം കൂടുതലായി കാണപ്പെടുന്നത്.
സന്ധിവാതത്തെ പ്രധാനമായും ഡീജനറേറ്റീവ് ആർത്രൈറ്റിസ് (degen­er­a­tive arthri­tis), ഇൻഫ്ലമേറ്ററി ആർത്രൈറ്റിസ് (inflam­ma­to­ry arthri­tis) എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രായാധിക്യം മൂലം സന്ധികളിലുണ്ടാകുന്ന തേയ്മാനം കാരണം ഉണ്ടാകുന്ന രോഗമാണ് ഡീജനറേറ്റീവ് ആർത്രൈറ്റിസ് അഥവാ ഒസ്റ്റിയോ ആർത്രൈറ്റിസ്. നാൽപതു വയസിനു മുകളിലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കാൽമുട്ട്, കഴുത്ത്, നടുവ് എന്നിവിടങ്ങളിലെ സന്ധികളെയാണ് രോഗം പ്രധാനമായും ബാധിക്കുക. ചില ആളുകളിൽ കൈവിരലുകളിലെ സന്ധികളെയും ആർത്രൈറ്റിസ് ബാധിക്കും. അസ്ഥികളെ മൂടി നിൽക്കുന്ന തരുണാസ്ഥിക്ക് (car­ti­lage) പ്രായാധിക്യം മൂലം തേയ്മാനം വരുന്നതാണ് ഓസ്റ്റിയോ ആർത്രൈറ്റിസിലേക്ക് നയിക്കുന്നത്. തരുണാസ്ഥിയിലെ തേയ്മാനം മൂലം എല്ലുകൾ തമ്മിലുള്ള അകലം കുറയും. നടക്കുമ്പോഴും ഇരുന്നിടത്തു നിന്ന് എഴുന്നേൽക്കുമ്പോഴുമൊക്കെ വേദനയുണ്ടാകും. എന്തെങ്കിലും ജോലി ചെയ്യുമ്പോൾ വേദന കൂടുകയും, വിശ്രമിക്കുമ്പോൾ വേദന കുറയുകയും ചെയ്യും.
കാൽമുട്ടിലെ വാതത്തിന് പ്രധാന കാരണം അമിതവണ്ണമാണ്. ചിട്ടയായ വ്യായാമവും മരുന്നുകളും കൊണ്ട് കാൽമുട്ട് വേദനയ്ക്ക് ശമനമുണ്ടാക്കാൻ സാധിക്കും. അതേസമയം തരുണാസ്ഥിയിൽ കാര്യമായ തേ­യ്മാനം ഉണ്ടെങ്കിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യേണ്ടതായി വരും.

ഇൻഫ്ലമേറ്ററി അഥവാ റുമാറ്റോയ്ഡ് ആർത്രൈറ്റിസ് കുറച്ചുകൂടി ഗൗരവമേറിയ രോഗമാണ്. ആമവാതം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഏതു പ്രായക്കാരെയും ബാധിക്കാം എന്ന പ്രത്യേകതയും ഈ വാതരോഗത്തിനുണ്ട്. കുട്ടികളിലും, മുതിർന്നവരിലും ഒരേപോലെ കണ്ടുവരുന്നു. സ്ത്രീകളിലാണ് റുമാറ്റോയ്ഡ് ആർത്രൈറ്റിസ് കൂടുതലായി കണ്ടുവരുന്നത്. ചെറു സന്ധികളിൽ അതായത് കൈകാലുകളിലെ വിരലുകളോടു ചേർന്ന സന്ധികളിലും കൈത്തണ്ടയിലും കാൽക്കുഴയിലും വേദന അനുഭവപ്പെടുന്നതാണ് പ്രധാന ലക്ഷണം. വേദനയുള്ള ഭാഗത്ത് നീർക്കെട്ട് കാണപ്പെട്ടേക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ ഇതേ സന്ധികളിൽ മുറുക്കവും അനുഭവപ്പെട്ടേക്കാം. 

ചിലരിൽ കാൽമുട്ട്, നടുവ്, ഉപ്പൂറ്റി തുടങ്ങിയ വലിയ സന്ധികളെയും ബാധിക്കുന്നതായി കാണാം. ഇതിനെ സീറോനെഗറ്റീവ് ആർത്രൈറ്റിസ് എന്നു പറയും. 15 മുതൽ 40 വയസുവരെയുള്ള ചെറുപ്പക്കാരിലാണ് ഇത് കാണപ്പെടുന്നത്. രാവിലെ എഴുന്നേൽക്കുമ്പോൾ നടുവിന് മുറുക്കം, നീർക്കെട്ട്, കാൽ നിലത്തൂന്നുമ്പോൾ വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കാണുന്നവർ ചികിത്സാ പരിശോധനകൾ നടത്തി ആർത്രൈറ്റിസ് അല്ലാ എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. 

യൂറിക്ക് ആസിഡുമായി ബന്ധപ്പെട്ടു വരുന്ന ഗൗട്ട് എന്ന വാതരോഗവുമുണ്ട്. രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നതാണ് ഈ രോഗത്തിന് കാരണം. അമിത അളവിലുള്ള യൂറിക് ആസിഡ് സന്ധികളിൽ അടിഞ്ഞുകൂടും, ഇത് സന്ധികളിൽ നീർക്കെട്ടിന് കാരണമാകും. പുരുഷൻമാരിലാണ് ഗൗട്ട് രോഗം കൂടുതലായി കണ്ടുവരുന്നത്. അതേസമയം യൂറിക്കാസിഡിന്റെ അളവ് കൂടുതലുള്ള എല്ലാവരിലും ഇത് വരണമെന്നും നിർബന്ധമില്ല. മരുന്ന്, ഭക്ഷണക്രമത്തിലെ മാറ്റം വ്യായാമം എന്നിവകൊണ്ട് രോഗം നിയന്ത്രിച്ചു നിർത്താൻ സാധിക്കും. 

സ്ത്രീകളിലെ സന്ധിവേദന

ഇന്ത്യയിൽ 60 വയസ് പിന്നിട്ട മൂന്നിൽ ഒരു സ്ത്രീക്ക് സന്ധിവാതം മൂലമുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഇരുപതുകളിലും മുപ്പതുകളിലുമുള്ള സ്ത്രീകളിലും സന്ധിവാതം ഇപ്പോൾ കണ്ടുവരുന്നുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് സന്ധികൾ ചെറുതായതിനാൽ തരുണാസ്ഥിയുടെ വലുപ്പം സ്ത്രീകളിൽ കുറവായിരിക്കും. ഇത് സന്ധികൾക്ക് തേയ്മാനം വരാനുള്ള സാധ്യത കൂട്ടുന്നു.
ഈസ്ട്രജൻ, പ്രൊജസ്ട്രോൺ പോലുള്ള ഹോർമോണുകളുടെ തോത് സ്ത്രീകളിൽ അധികമായിരിക്കുന്നത് സന്ധികളുടെ ആരോഗ്യത്തെ ബാധിക്കാം. ഗർഭകാലത്തും ആർത്തവ വിരാമത്തിലും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും സന്ധിവേദനയ്ക്കും, സന്ധികളിലെ പിരിമുറുക്കത്തിനും കാരണമായേക്കാം. ജനിതക പാരമ്പര്യവും സന്ധിവാതത്തിന്റെ കാര്യത്തിൽ ഒരു പ്രധാന ഘടകമാകാറുണ്ട്. കുടുംബപരമായി സന്ധിവേദനയുടെ ചരിത്രമുള്ളവർക്ക് ഈ രോഗം വരാനുള്ള സാധ്യത കൂടുതലാണ്. 

ഫോണ്‍: 6282745556

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.