ചിരിച്ച് ചിരിച്ച് വിപഞ്ചിക ചിരി ക്ലബ്ബ് ഇന്ന് ആഘോഷ തിമിർപ്പിൽ. സൗജന്യ ചിരിയോഗ പരിശീലനത്തിലൂടെയും പ്രചാരണത്തിലൂടെയും പതിനാറ് വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് തുറവൂർ പാട്ടുകുളങ്ങര വിപഞ്ചിക ചിരിക്ലബ്ബ്. ചിരിക്ലബ്ബ് തുടങ്ങിയതിന് പിന്നിലുള്ള ലക്ഷ്യമെന്താണെന്നും ചിരിയിലൂടെ ആരോഗ്യം എങ്ങനെ മാറിമറിയുന്നുവെന്നും പറഞ്ഞുതരികയാണ് പരിശീലകനും ക്ലബ്ബ് സെക്രട്ടറിയുമായ വി വിജയനാഥ്. ബിസിനസ്, ബാങ്കിങ്, ഹോസ്പിറ്റൽ, ഐ റ്റി തുടങ്ങിയ ഇതര തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ദിവസത്തിന്റെ മുക്കാൽഭാഗവും ടെൻഷനാണ്.
പത്ത് മിനിട്ട് സംസാരിക്കുന്നതിനിടെ പലർക്കും ചുരുങ്ങിയത് മൂന്ന് ഫോൺ കോളെങ്കിലും അറ്റൻഡ് ചെയ്യേണ്ടി വരുന്നുണ്ട്. ഈ മാനസിക പിരിമുറുക്കം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് പലതരം രോഗങ്ങളിലേയ്ക്കും. അമിതമായ രക്തസമ്മർദ്ദവും അകാല നരയുമൊക്കെ ടെൻഷനിൽ നിന്ന് ഉണ്ടാകുന്നതാണ്. പ്രമേഹവും രക്തസമ്മർദ്ദവും ആസ്ത്മയും തലവേദനയും വിഷാദരോഗവും ഉൾപ്പെടെ പ്രതിരോധിക്കുവാൻ ചിരി ഉത്തമമാണെന്ന് ചിരിദിനം ഓർമ്മപ്പെടുത്തുന്നുവെന്ന് വിജയനാഥ് പറഞ്ഞു. സംസ്ഥാനത്തെ 600 ൽപ്പരം കേന്ദ്രങ്ങളിൽ വിപഞ്ചിക ചിരിയോഗ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചിരിയോഗ ക്ലാസ് നടത്തുന്നുണ്ട്. തികച്ചും സൗജന്യമാണ് ക്ലാസുകൾ. ഓൺലൈൻവഴിയും പരിശീലനം നൽകുന്നുണ്ട്.
സമ്പൂർണ്ണ ആരോഗ്യം കൈവരിക്കുവാൻ ദിവസേന 20 മിനിട്ടെങ്കിലും ചിരിക്കണം. നവജാത ശിശു പ്രതിദിനം 400 പ്രാവശ്യമെങ്കിലും ചിരിക്കുന്നതാണ് ശിശുവിന്റെ ഊർജ്ജസ്വലതയ്ക്ക് പ്രധാന കാരണം. 50 ൽ പരം വ്യായാമങ്ങളാണ് ചിരിയോഗയിലൂടെ വിപഞ്ചികയിൽ പരിശീലിപ്പിക്കുന്നത്. ഛായചിരി, സിംഹചിരി, നാണചിരി, പക്ഷിച്ചിരി, മൊബൈൽ ഫോൺ ചിരി, ഒരുമീറ്റർ ചിരി, കോക്രി ചിരി, തീവണ്ടി ചിരി, താമരചിരി, ജാക്ക് പോട്ട് ചിരി, വിസ കാർഡ് ചിരി എന്നിങ്ങനെ നീളുന്ന ചിരിയിലെ വൈവിധ്യം.
വിപഞ്ചികയുടെ ക്ലാസ്സുകളിൽ ഇവയെല്ലാം പരിശീലിപ്പിക്കുന്നുണ്ട്. എത്ര ഗൗരവക്കാരനാണെങ്കിലും ചിരിയോഗ ശീലിച്ചാൽ ചിരിച്ച് ഉല്ലാസവാനാകുമെന്ന് ഉറപ്പുണ്ടെന്ന് വിജയനാഥ് പറയുന്നു. ചിരിക്കുമ്പോൾ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഹോർമോൺ ആരോഗ്യവും ശാന്തിയും പ്രദാനം ചെയ്യുന്നു. 1995 ൽ മുംബൈക്കാരനായ ഡോ. മദൻ കതാരിയയാണ് ചിരിക്ലബ്ബ് രൂപീകരിച്ചത്. പിന്നീട് ലോകത്തെമ്പാടും വ്യാപിച്ചു. കോളജുകളിലും സ്കൂളുകളിലും വിപഞ്ചികയുടെ നേതൃത്വത്തിൽ ചിരിക്ലബ്ബുകളുണ്ട്. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഇവിടെ ചിരിയോഗ പരിശീലിക്കുന്നുണ്ട്.
English summary;Today is World laugh day
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.