March 30, 2023 Thursday

Related news

June 7, 2022
May 31, 2022
October 31, 2021
September 25, 2021
February 28, 2021
February 6, 2021
October 10, 2020

ഇന്ന് ലോക ഫാര്‍മസിസ്റ്റ് ദിനം; മഹാമാരിക്കാലത്തെ ഫാര്‍മസിസ്റ്റുകള്‍

ഉണ്ണികൃഷ്ണപ്പണിക്കര്‍ എം കെ
September 25, 2021 5:31 am

ലോകം കോവിഡ്-19 എന്ന ആഗോള പകര്‍ച്ചവ്യാധിയുടെ മുമ്പില്‍ പകച്ചു നില്ക്കുമ്പോള്‍ ഒരു ലോക ഫാര്‍മസിസ്റ്റ് ദിനം ആഗതമാവുകയാണ്. ഏതൊരു രാഷ്ട്രത്തിന്റെയും പ്രാഥമിക ധര്‍മ്മം അവിടുത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്നതാണല്ലോ. ജനത്തിന്റെ ആരോഗ്യമാണ് രാജ്യത്തിന്റെ സമ്പത്ത്. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21ല്‍ ഇതു പ്രതിപാദിച്ചിട്ടുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും മുക്തി നേടുവാന്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും-ഭരണകര്‍ത്താക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി എല്ലാവരും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ടുന്ന സമയമാണിത്.

ഈ സന്ദര്‍ഭത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടത്തില്‍പ്പെടുന്ന ഫാര്‍മസിസ്റ്റുകളുടെ ധര്‍മ്മം, കര്‍ത്തവ്യം, ചുമതലാബോധം എന്നിവ പരമപ്രധാനമാണ്.

ഫാര്‍മസിസ്റ്റുകളുടെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫാര്‍മസിസ്റ്റിന്റെ (എഫ്ഐപി) 1912 സെപ്റ്റംബര്‍ 25ന് ടര്‍ക്കിയില്‍ വച്ച് രൂപം കൊണ്ടു. ഇപ്പോള്‍ ഈ സംഘടനയില്‍ ഇന്ത്യ ഉള്‍പ്പെടെ 130നു മേല്‍ രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്. സംഘടന രൂപം കൊണ്ട സെപ്റ്റംബര്‍ 25 ഫാര്‍മസിസ്റ്റ് ദിനമായി ആചരിക്കാന്‍ 2009ല്‍ ഇസ്താന്‍ബൂളില്‍ കൂടിയ എഫ്ഐപിയുടെ യോഗം തീരുമാനിക്കുകയുണ്ടായി. ഇന്ത്യയില്‍ 2013 മുതല്‍ ലോക ഫാര്‍മസിസ്റ്റ് ദിനം ആചരിച്ചുവരുന്നു. അന്ന് കേരളത്തെ പ്രതിനിധീകരിച്ച് ലേഖകന് പങ്കെടുക്കാന്‍ സാധിച്ചു. എല്ലാ വര്‍ഷവും ഓരോ പ്രത്യേക ആശയം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഫാര്‍മസിസ്റ്റ് ദിനം ആചരിക്കുന്നത്. ഈ വര്‍ഷത്തെ ആശയം “ഫാര്‍മസി ഓള്‍വേയ്സ് ട്രസ്റ്റഡ് ഫോര്‍ യുവര്‍ ഹെല്‍ത്ത്” അതായത് “നമ്മുടെ ഓരോരുത്തരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഫാര്‍മസിസ്റ്റിനെ വിശ്വാസത്തിലെടുക്കുക” എന്നതാണ്.

 


ഇതുംകൂടി വായിക്കൂ: ഹരിയാനയില്‍ 51.3 ശതമാനം സ്റ്റാഫ് നഴ്സ് തസ്തികകളിലും നിയമനമില്ല


 

വിശദമായി പറഞ്ഞാല്‍ മനുഷ്യബന്ധങ്ങളുടെയും സാമൂഹിക സമ്പദ്‌വ്യവസ്ഥയുടെയും അടിസ്ഥാന ഘടകം വിശ്വാസം (ട്രസ്റ്റ്) ആണ്. രോഗിയുടെ രോഗം പൂര്‍ണമായും ഫലവത്താകുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗിക്കുള്ള വിശ്വാസം വളരെ വിലപ്പെട്ടതാണ്. രോഗത്തെ ചികിത്സിക്കുന്നതു മാത്രമല്ല അത് തൃപ്തികരമായി രോഗിയെ പരിചരിക്കുമ്പോള്‍ അതില്‍ നിന്ന് ഉടലെടുക്കുന്ന രോഗിയുടെ ആത്മവിശ്വാസം ഒരു പ്രധാന ഘടകമാണ്. ഇന്ത്യയില്‍ ദേശീയ സര്‍വേപ്രകാരം വര്‍ഷങ്ങളായി അടിയുറച്ചു വിശ്വസിക്കാവുന്ന അഞ്ച് ആരോഗ്യ പ്രവര്‍ത്തകരുടെ പട്ടികയില്‍ ഫാര്‍മസിസ്റ്റും ഇടം പിടിച്ചിരിക്കുന്നു എന്നത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്ക് പ്രചോദനം നല്കുന്ന ഒന്നാണ്.

കോവിഡ്-19 മഹാമാരി പിടിച്ചുനിര്‍ത്തുന്നതിലുള്ള മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരിലെ മുഖ്യ കണ്ണിയാണ് ഫാര്‍മസിസ്റ്റ്. മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 രോഗികളെ ചികിത്സിക്കാന്‍ പാടുപെടുമ്പോള്‍ ഫാര്‍മസിസ്റ്റുകള്‍ സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ട് രോഗികള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ അവരുടെ രോഗാവസ്ഥയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, അവര്‍ക്കു വേണ്ടിവരുന്ന ശ്രദ്ധ എന്നിവ നല്കുന്നതില്‍ ജാഗരൂകരാകുന്നു. അങ്ങനെ ആരോഗ്യ വകുപ്പിന്റെ തന്നെ ജോലി ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

കോവിഡ്-19 എന്ന പാന്‍ഡമിക് മൂലമുണ്ടായിട്ടുള്ള നിയന്ത്രണങ്ങളെ അതിജീവിച്ച് ഫാര്‍മസിസ്റ്റ് സമൂഹം ഏറ്റവും എളുപ്പം എത്തിപ്പെടാന്‍ പറ്റുന്ന വിഭാഗമായി മാറിയിട്ടുണ്ട്. മറ്റെല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുമ്പോഴും ഫാര്‍മസികള്‍ തുറന്ന് സമൂഹത്തിലെ നിശബ്ദ സേവകരായി ഫാര്‍മസിസ്റ്റ് പ്രവര്‍ത്തിക്കുന്നു.

 


ഇതുംകൂടി വായിക്കൂ: കോവിഡ് മരുന്ന്: അമ്പതോളം ആയൂര്‍വേദ, ഹോമിയോ പരസ്യങ്ങള്‍ക്ക് നിരോധനം


 

കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാരുമായി ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അവരുടെ രോഗലക്ഷണം ചോദിച്ചറിഞ്ഞ് പരിശോധന ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ അതിനായി നിര്‍ദ്ദേശിക്കുന്നു. അല്ലാത്തപക്ഷം രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. കാനഡ പോലുള്ള രാജ്യങ്ങളില്‍ ഫാര്‍മസിസ്റ്റിന്റെ സേവനം വളരെ കൂടുതലായി സര്‍ക്കാര്‍ തന്നെ പ്രയോജനപ്പെടുത്തുന്നു.

മറ്റ് ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം കോവിഡ്-19 പ്രതിരോധിക്കുന്നതില്‍ മരുന്നിന്റെ ലഭ്യത, ചികിത്സാക്രമങ്ങള്‍ രൂപം നല്കുക, ലബോറട്ടറി ഫലങ്ങള്‍ വിശകലനം ചെയ്യുക എന്നീ ജോലികള്‍ ഫാര്‍മസിസ്റ്റ് ഏറ്റെടുക്കുന്നു. കൂടാതെ കോവിഡ് രോഗികളെ ടെലി ഹെല്‍ത്ത് സംവിധാനത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നു, അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്കുന്നു, മരുന്നുകള്‍ പുതുക്കി ഉപയോഗിക്കണമെങ്കില്‍ അതിനുള്ള നിര്‍ദ്ദേശം നല്കുന്നു എന്നീ കര്‍ത്തവ്യങ്ങളും ചെയ്തുവരുന്നു. ന്യൂസിലന്‍ഡില്‍ ഫാര്‍മസിസ്റ്റിന്റെ കോവിഡ് കാലത്തെ പ്രവര്‍ത്തനം കണക്കിലെടുത്ത് അവര്‍ക്ക് അധിക വേതനം നല്കുന്നു എന്നത് ഫാര്‍മസിസ്റ്റിന്റെ സേവനത്തിനുള്ള അംഗീകാരമായി കാണാവുന്നതാണ്. ഈ വര്‍ഷത്തെ ഫാര്‍മസിസ്റ്റ് ദിനത്തിന്റെ ആശയമായ “ഫാര്‍മസി ഓള്‍വേയ്സ് ട്രസ്റ്റഡ് ഫോര്‍ യുവര്‍ ഹെല്‍ത്ത്” എന്നത് ഏറ്റവും കൂടുതല്‍ അര്‍ത്ഥവത്താകുന്നത് ഈ കോവിഡ് സമയത്താണ്. രോഗികളില്‍ നിന്നും ഫീസൊന്നും ഈടാക്കാതെ അവര്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്കുവാന്‍ ഫാര്‍മസിസ്റ്റിന് കഴിയുന്നു. എന്തിന് പിപിഇ പോലും ഇല്ലാതെ രോഗികള്‍ക്കാവശ്യമായ ശ്രദ്ധ കൊടുക്കുവാന്‍ ഫാര്‍മസിസ്റ്റിനു കഴിയുന്നു. സംക്ഷിപ്തമായി പറഞ്ഞാല്‍ ഫാര്‍മസിസ്റ്റിന്റെ ആവശ്യകത ഇപ്രകാരമാണ്.

ഏറ്റവും എളുപ്പത്തില്‍ എത്തിപ്പറ്റുവാന്‍ ഉതകുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ മരുന്നിന്റെ ഡോസ് മുതലായ കാര്യങ്ങളില്‍ ഉപദേശം നല്കുന്നവര്‍ രോഗികളുടെ സംശയങ്ങള്‍ ദുരീകരിക്കുന്നവര്‍ കമ്പ്യൂട്ടര്‍ വഴിയുള്ള, സേവനങ്ങള്‍ ലഭ്യമാക്കുന്നവര്‍, പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആവശ്യമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്കുന്നവര്‍ ആശുപത്രി ഫാര്‍മസികളില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റ് രോഗിയുടെ ചികിത്സാ റിക്കോര്‍ഡ് നോക്കി ആവശ്യമായ മരുന്നുകളുടെയും ആവശ്യമായ ആന്റിബയോട്ടിക്കുകള്‍ പോലുള്ളവയുടെയും ലഭ്യത ഉറപ്പുവരുത്തുന്നു. ചുരുക്കത്തില്‍ ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റുകള്‍ ഡ്രഗ് സ്റ്റോര്‍ മാനേജ് ചെയ്യുന്നു, ചികിത്സാക്രമങ്ങള്‍ രൂപീകരിക്കുന്നു, കോവിഡ്-19 മരുന്നുകള്‍ ലഭ്യമാക്കുന്നു എന്നീ കര്‍ത്തവ്യങ്ങളും നിര്‍വഹിക്കുന്നു. ഹോസ്പിറ്റല്‍ ഫാര്‍മസികളില്‍ ഡോക്ടേഴ്സിനൊപ്പം രോഗികളുടെ അവസ്ഥ അവലോകനം ചെയ്യുന്നതിനും മരുന്നിനെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്കുന്നതിനുമായി എം-ഫാര്‍മസി (ഫാര്‍മസി പ്രാക്ടീസ്) ഫാം-ഡി വിദ്യാഭ്യാസ യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളും ഇന്നുണ്ട്. വികസിത രാജ്യങ്ങളില്‍ ഇത് ഒരു പ്രധാന ഘടകമാണ്. ഇന്ത്യയില്‍ ഫാം-ഡി കോഴ്സ് ഇന്ന് മിക്ക ഫാര്‍മസി കോളജിലും നടത്തുന്നുണ്ട്. ഫാം-ഡി കോഴ്സിന്റെ അവസാന മൂന്നു വര്‍ഷം ആശുപത്രിയില്‍ പഠനവും പരിശീലനവും നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഹോസ്പിറ്റല്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുവാന്‍ എന്തുകൊണ്ടും അനുയോജ്യമാണ്.

 


ഇതുംകൂടി വായിക്കൂ: ഒരു രാജ്യം ഒരു കാർഡ്: ട്രാവൽ കാർഡുമായി കേരളം


 

മരുന്നിന്റെ നിര്‍മ്മാണ ഗവേഷണ മേഖലകളിലും ഫാര്‍മസിയില്‍ ബിരുദാനന്തര ബിരുദവും ഫാം-ഡിയും നേടിയ ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്തുവരുന്നു. വാക്സിന്‍ വികസിപ്പിച്ചെടുക്കുന്നതിലും ക്ലിനിക്കല്‍ ട്രയല്‍സ് നടത്തുന്നതിലും ഫാര്‍മസി ബിരുദ, ബിരുദാനന്തര യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകള്‍ ജോലി ചെയ്തുവരുന്നു. പുതിയ പുതിയ രോഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുമ്പോള്‍ അതിനെ നേരിടുവാനുള്ള മരുന്നുകളുടെ ഗവേഷണത്തിലും യോഗ്യത നേടിയ ഫാര്‍മസിസ്റ്റുകള്‍ സേവനം ചെയ്തുവരുന്നു.

മരുന്നുകളുടെ നിര്‍മ്മാണത്തോടൊപ്പം അതിന്റെ ഗുണനിലവാരം (ക്വാളിറ്റി കണ്‍ട്രോള്‍) പരിശോധിക്കുന്നതും ഫാര്‍മസിസ്റ്റുകളാണ്. ചികിത്സാരംഗത്ത് പ്രാവീണ്യം പല വിഭാഗങ്ങളില്‍— സമ്പാദിച്ച ഡോക്ടര്‍മാര്‍ ഉള്ളതുപോലെ ഫാര്‍മസിയിലും മരുന്നിന്റെ നിര്‍മ്മാണം, പരിശോധന, ഡിസ്പെന്‍സിങ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ഇന്ത്യയിലെ മിക്ക ഫാര്‍മസി കോളജുകളിലുമുണ്ട്. ഇതോടൊപ്പം പറയട്ടെ മരുന്നുകളുടെ വിപണന രംഗത്തും ഫാര്‍മസിസ്റ്റുകള്‍ തങ്ങളുടെ സേവനം നല്കിവരുന്നു. അങ്ങനെ സമൂഹവുമായി ബന്ധപ്പെട്ടും പരോക്ഷമായും പൊതുജനാരോഗ്യ രംഗത്ത് നിസ്തുല നിശബ്ദ സേവനം ചെയ്യുന്ന ഫാര്‍മസിസ്റ്റു കൂട്ടായ്മയെ ആദരിക്കുവാനുള്ള ഒരു ദിനം കൂടിയാണ് ഫാര്‍മസിസ്റ്റ് ദിനം കൊണ്ടാടുന്നത്.

ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുന്നവരുടെ മറ്റൊരു പ്രധാന ജോലി ‘ഫാര്‍മക്കോവിജിലന്‍സ്’ ആണ്. രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ ഏതെങ്കിലും രീതിയിലുള്ള അപ്രതീക്ഷിത പ്രതിപ്രവര്‍ത്തനം (അഡ്‌വേഴ്സ് റിയാക്ഷന്‍) രോഗിയില്‍ ഉണ്ടാകുന്നു എങ്കില്‍ അത് തടയുവാന്‍ വേണ്ടുന്ന നടപടികള്‍ എടുക്കുകയും പ്രസ്തുത കാര്യം അധികാരികളെ അറിയിക്കുക എന്നതാണ് ഫാര്‍മക്കോ വിജിലന്‍സ് വഴി ഉദ്ദേശിക്കുന്നത്. ഫാര്‍മക്കോ വിജിലന്‍സ് കൊണ്ടുള്ള പ്രകാരം റിയാക്ഷന്‍ ഉണ്ടാക്കുന്ന മരുന്നുകളുടെ ഉപയോഗവും വിപണനവും തടയുക, സുരക്ഷിതമായ രീതിയില്‍ ഈ മരുന്നുകളെ നിര്‍മ്മിക്കുവാനുള്ള ഗവേഷണം നടത്തുക എന്നിവയാണ്.

 


ഇതുംകൂടി വായിക്കൂ: ആരോഗ്യ രംഗത്ത് കേരളത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ


 

മരുന്നുകളുടെ നിര്‍മ്മാണവും വിപണനവും നിയന്ത്രിക്കുന്ന ഔഷധ ഗുണനിയന്ത്രണ വകുപ്പു (ഡ്രഗ്സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ്) കളിലും പ്രവര്‍ത്തിക്കുന്നത് ഫാര്‍മസിയില്‍ ബിരുദം നേടിയവരാണ്. കേരളം മരുന്നുകളുടെ ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ഇവിടെ നിര്‍മ്മിക്കുന്ന മരുന്നുകള്‍ ആവശ്യത്തിന് മതിയാവില്ല. അപ്പോള്‍ വിപണനം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാന്‍ ഈ വകുപ്പിന്റെ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ മരുന്നിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുന്നു. (കേരളത്തില്‍ ഒരു മരുന്നു നിര്‍മ്മാണ ശൃംഖല (ഫാര്‍മാ പാര്‍ക്ക്) തന്നെ തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ മുമ്പിലുണ്ട്. കേരളത്തില്‍ ഇപ്പോള്‍ നാല് പരിശോധനാ കേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോന്നി (ഈ അടുത്ത ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു). കേരളത്തില്‍ ആവശ്യമായ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാര്‍ ഇല്ല എന്നതും പരിശോധനക്കായി വേണ്ടത്ര അനലിസ്റ്റുകള്‍ ഇല്ല എന്നതും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്.

(എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ മുന്‍ ഡയറക്ടറാണ് ലേഖകന്‍)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.