Web Desk

തിരുവനന്തപുരം

June 08, 2020, 4:00 am

ഇന്ന് ലോക സമുദ്ര ദിനം, സമുദ്ര ആവാസ വ്യവസ്ഥയും മഹാമാരിയുടെ ഭീതിയിൽ

Janayugom Online

മനുഷ്യന്‍ വീണ്ടുമൊരു മഹാമാരിയെ നേരിടുന്ന ഇതേ സമയത്ത് സമുദ്ര ആവാസ വ്യവസ്ഥയും വലിയ മഹാമാരിയുടെ പിടിയിലാണ്. പ്രളയം പോലെ വലിയ പ്രകൃതിദുരന്തങ്ങളുടെ ഒടുവിലെ ഇരയാവുന്നത് സർവമാലിന്യവും പേറേണ്ടിവരുന്ന സമുദ്രങ്ങളാണ്. കടലിനോടരുചേർന്ന എത്രയെത്ര രാജ്യങ്ങളാണ് നമ്മുടെ കൺമുന്നിൽവച്ച് ദുരന്തങ്ങളെ നേരിട്ടത്. ഈ കൊച്ചുകേരളവും അതീവദുരന്തങ്ങള്‍ അനുഭവിച്ചു. ഇവിടങ്ങളിൽ നിന്നെല്ലാം കുത്തിയിറങ്ങുന്ന മാലിന്യങ്ങൾ കടലിന്റെ സ്വസ്തതയാണ് തകർത്തുകൊണ്ടിരിക്കുന്നതെന്ന് പറയാതെവയ്യ. ലോകം ഇന്ന് വീണ്ടും സമുദ്രദിനം ആചരിക്കുകയാണ്. ‘സുസ്ഥിരമായ സമുദ്ര വികസനം’ എന്നതാണ് ഈ വർഷത്തെ സന്ദേശം.

1992ൽ ബ്രസീലിൽ നടന്ന ഐക്യരാഷ്ട്രസഭ സമ്മേളനത്തില്‍ കാനഡ ഇന്റർനാഷണൽ സെന്റർ ഫോർ ഓഷ്യൻ ഡവലപ്പ്മെന്റ്, ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനഡയും എന്നിവ ചേർന്നാണ് സമുദ്രദിനം എന്ന ആശയം മുന്നോട്ടുവച്ചത്. 2008 ൽ യുഎൻ ഈ നിർദേശം ഔദ്യോഗികമായി അംഗീകരിച്ചു. അന്നു മുതൽ ഓരോ വർഷവും ജൂൺ എട്ടിന് അന്താരാഷ്ട്ര സമുദ്ര ദിനം ആചരിക്കാനും തീരുമാനിച്ചു. സമുദ്രത്തേയും അതിന്റെ ആവാസ വ്യവസ്ഥയേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ശാസ്ത്രീയമല്ലാതെ കുത്തക കമ്പനികൾ ഉൾക്കടലിൽ നടത്തിവരുന്ന വമ്പന്‍ മത്സ്യബന്ധനവും മലിനീകരണവും സമുദ്രത്തിന്റെ പ്രതിരോധ ശക്തിക്ക് വിലങ്ങുതടിയാണ്.

കാലാവസ്ഥ വ്യതിയാനം സമുദ്രോഷ്മാവിൽ വർധനവുണ്ടാക്കുന്നതും കടലിലെ അമ്ലാംശം വർധിപ്പിക്കുന്നതും വിനയാണ്. സമുദ്രോപരിതലത്തിൽ ഏറ്റവും വലിയൊരു അപകടം നേരിട്ടു കൊണ്ടിരിക്കുന്നത് പവിഴപ്പുറ്റുകൾക്കാണ്. കാലാവസ്ഥാ വ്യതിയാനവും യന്ത്രവത്കൃതമത്സ്യബന്ധനവും മലിനീകരണവും മൂലം പകുതി പവിഴപ്പുറ്റുകളും നശിക്കാൻ കാരണമായി എന്നാണ് റിപ്പോർട്ട്. അവശേഷിക്കുന്ന പവിഴപ്പുറ്റുകളെ സംരക്ഷിക്കാൻ ഇനിയും സമയം വൈകിട്ടിയില്ല എന്നും വിദഗ്ധർ പറയുന്നു. സമുദ്രോപരിതലത്തിലെ അത്ഭുതമെന്നതിലുപരി ലോകത്തിലെ ലക്ഷം കോടി ജനങ്ങൾക്ക് ജീവിതോപാധി കൂടിയാണ് പവിഴപ്പുറ്റുകൾ.

1500ലധികം മത്സ്യ ഇനങ്ങളുടെയും 411 ഇനം ഹാർഡ് കോറൽസിന്റെയും വാസസ്ഥലമാണ് ഈ പുറ്റുകൾ. സമുദ്രത്തിൽ ഇവയ്ക്കായി പ്രത്യേകം സംരക്ഷണ മേഖല ഒരുക്കുക, മത്സ്യബന്ധനത്തിന് കടുത്ത നിയന്ത്രണം കൊണ്ടു വരിക എന്നിവയാണ് പുറ്റുകളുടെ സംരക്ഷണത്തിനായി വിദഗ്ധർ നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് നിർദേശങ്ങൾ. ഇത് നടപ്പാക്കിയാൽ പുറ്റുകളുടെ സംരക്ഷണം ഒരു പരിധിവരെ സാധ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിന് ഇപ്പോൾ മുന്നോട്ടു വയ്ക്കുന്ന ഓരോ ചുവടും ഗുണകരമായ അനന്തരഫലം നൽകുമെന്നും അവർ പറയുന്നു.

you may also like this video;