വലിയശാല രാജു

February 02, 2021, 3:23 am

ഭൂമിയുടെ ശുദ്ധീകരണശാലകള്‍

ഇന്ന് ലോക തണ്ണീര്‍ത്തട ദിനം
Janayugom Online

ഭൂമിയെ മനുഷ്യശരീരത്തോട് ഉപമിക്കുകയാണെങ്കില്‍ ശരീരത്തിലെ വൃക്കകളാണ് തണ്ണീര്‍ത്തടങ്ങള്‍. വൃക്കകള്‍ ശരീരത്തിലെ മാലിന്യങ്ങള്‍ അലിച്ച് ശുദ്ധീകരിക്കുന്നതുപോലെ ഭൂമിയെ മാലിന്യവിമുക്തമാക്കി ഓജസുള്ളവയായി നിലനിര്‍ത്തുന്നത് തണ്ണീര്‍ത്തടങ്ങളാണ്. വ്യത്യസ്ഥങ്ങളായ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുവാനും ഭൂമിക്ക് തണുപ്പ് നല്‍കുന്നതിന് സഹായിക്കുന്നതും ഈ തണ്ണീര്‍ത്തടങ്ങളാണ്.

തണ്ണീര്‍ത്തടങ്ങള്‍ എന്നു പറയുന്നത് ഏതൊക്കെ?

വിശാലമായ അര്‍ത്ഥമാണ് തണ്ണീര്‍ത്തടത്തിനുള്ളത്. കായലുകള്‍, പുഴകള്‍, ചതുപ്പുകള്‍, കണ്ടല്‍ക്കാടുകള്‍, അഴിമുഖങ്ങള്‍, നെല്‍വയലുകള്‍, മരുപ്പച്ചകള്‍, കുളങ്ങള്‍, മനുഷ്യനിര്‍മ്മിത ജലസംഭരണികള്‍ ഇതൊക്കെ തണ്ണീര്‍ത്തട നിര്‍വചനത്തില്‍ വരും. ലോകത്താകെ 2065 തണ്ണീര്‍ത്തടങ്ങള്‍ ഉള്ളതായി കണക്കാക്കുന്നു. ഏകദേശം 20 കോടി ഹെക്ടറാണ് ഇവയുടെ ആകെ വിസ്തൃതി. 1960കളില്‍ യൂറോപ്പിലെ തണ്ണീര്‍ത്തടങ്ങളുടെ ശോഷണംമൂലം ഒരുപാട് ജീവജാലങ്ങള്‍ക്ക് എണ്ണത്തില്‍ കുറവ് സംഭവിച്ചതാണ്. പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ മുഖ്യശ്രദ്ധയിലെത്താന്‍ കാരണം ഐക്യരാഷ്ട്രസഭ പരിസ്ഥിതി ഏജന്‍സിയുടെ കണക്കു പ്രകാരം ലോകത്തെ തണ്ണീര്‍ത്തടങ്ങളുടെ പകുതിയും നശിച്ചുകഴിഞ്ഞു എന്നതിനാലാണ്.

തണ്ണീര്‍ത്തടങ്ങളും ആവാസവ്യവസ്ഥയും

ജൈവവൈവിധ്യം എന്ന പദം ആദ്യം ഉപയോഗിക്കുന്നത് 1888ല്‍ ഇ ഒ വില്‍സണ്‍ എന്ന പ്രകൃതിശാസ്ത്രജ്ഞനാണ്. ഓരോ ജീവിക്കും വ്യത്യസ്ഥങ്ങളായ ആവാസസ്ഥലങ്ങളുണ്ട്. വ്യത്യസ്ഥങ്ങളായ ആവാസസ്ഥലങ്ങള്‍ അടങ്ങുന്നതാണ് ആവാസ വൈവിധ്യം. ശാസ്ത്രീയമായി പഠനം നടത്തുമ്പോള്‍ ജൈവവൈവിധ്യത്തിന്റെ പ്രധാനപ്പെട്ട ഒരു തലമാണ് ആവാസവൈവിധ്യം. വിവിധ സൂക്ഷ്മജീവികള്‍, മത്സ്യങ്ങള്‍, സസ്യങ്ങള്‍, ഉരഗങ്ങള്‍, സസ്തനികള്‍, നീര്‍പ്പക്ഷികള്‍ തുടങ്ങി ആവാസ വൈവിധ്യത്തിന്റെ അത്ഭുതപ്പെടുത്തുന്ന ലോകമാണ് ഓരോ തണ്ണീര്‍ത്തടങ്ങളും. മണ്ണൊലിപ്പ് തടയല്‍ മുതല്‍ ജലശുദ്ധീകരണം വരെയുള്ള അമ്പരപ്പിക്കുന്ന സേവനങ്ങളാണ് തണ്ണീര്‍ത്തടങ്ങള്‍ ചെയ്യുന്നത്. ആയിരക്കണക്കിന് ജീവജാലങ്ങളുടെ ജീവകേന്ദ്രങ്ങളും കൂടിയാണ് തണ്ണീര്‍ത്തടം. ഭൂമിയില്‍ അവസാനമായി കുടിയേറിയ മനുഷ്യനാണ് ഇന്ന് തണ്ണീര്‍ത്തടങ്ങള്‍ക്ക് ഭീഷണി. ഭൂമിയിലെ ജീവജാലങ്ങളുടെ ചാക്രിക വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ മുഴുവന്‍ മലിനമാക്കുകയോ നികത്തുകയോ ചെയ്തു. ഇതുമൂലം 10,000ത്തോളം ജീവികളെയെങ്കിലും ഭൂമിയില്‍ നിന്നും ആട്ടിപ്പായിച്ചുകഴിഞ്ഞു. ഈ നില തുടര്‍ന്നാല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോള്‍ ജീവജാലങ്ങള്‍ക്കു പുറമെ 50,000 ത്തോളം സസ്യജാതികളെങ്കിലും ഭൂമിയില്‍ നിന്നും അപ്രത്യക്ഷമാകും. തണ്ണീര്‍ത്തടങ്ങളുടെ നാശം നമ്മുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുക മാത്രമല്ല, ശുദ്ധജല സ്ത്രോതസിനെപ്പോലും ഇല്ലാതാക്കും. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് പ്രകാരം 2050 ആകുമ്പോള്‍ ലോകത്തെ പകുതിയോളം പേര്‍ക്ക് ശുദ്ധജലം അസാധ്യമാകുമെന്നാണ്. ഇപ്പോള്‍തന്നെ മലിനജലം കുടിച്ച് ദിവസവും രണ്ടായിരത്തിലധികം കുട്ടികളാണ് ലോകത്താകെ മരിക്കുന്നത്.

തണ്ണീര്‍ത്തടങ്ങള്‍ക്കുവേണ്ടി ലോക കൂട്ടായ്മ

തണ്ണീര്‍ത്തടങ്ങളുടെ അതിവേഗത്തിലുള്ള നാശം ഭൂമിയുടെ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലെത്തിയതില്‍ നിന്നുള്ള കടുത്ത ആശങ്കകളാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്മാരെയും വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളെയും ഒരു കൂട്ടായ്മയുണ്ടാക്കാന്‍ നിര്‍ബന്ധിച്ചത്. 1971 ഫെബ്രുവരി രണ്ടിന് ഇറാനില്‍ കാസ്പിയന്‍ കടല്‍ത്തീരത്തുള്ള റംസര്‍ എന്ന സ്ഥലത്ത് 18 ലോകരാജ്യങ്ങളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാന്‍ ഒരു ഉടമ്പടിയില്‍ ഏര്‍പ്പെട്ടു. പക്ഷേ, ഉടമ്പടി പ്രാവര്‍ത്തികമായത് 1975 ല്‍ യുനസ്കോയുടെ അംഗീകാരം ഇതിന് കിട്ടിയതിനു ശേഷമാണ്. പിന്നീട് പലപ്രാവശ്യം ഈ ഉടമ്പടിക്ക് ഭേദഗതികള്‍ ഉണ്ടായി. തണ്ണീര്‍ത്തടങ്ങളുടെ വിവേകപൂര്‍ണമായ ഉപയോഗം, സംരക്ഷണം എന്നിവയില്‍ രാജ്യാന്തര സഹകരണമാണ് ഉടമ്പടിയുടെ ലക്ഷ്യം. 18 രാജ്യങ്ങളുമായി തുടങ്ങിയ കൂട്ടായ്മയില്‍ ഇപ്പോള്‍ 195 രാഷ്ട്രങ്ങളുണ്ട്. ഇന്ത്യ 30-ാമത്തെ അംഗമാണ്. 1977 മുതല്‍ ഫെബ്രുവരി രണ്ടിന് എല്ലാ വര്‍ഷവും ലോക തണ്ണീര്‍ത്തട ദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.

തണ്ണീര്‍ത്തടങ്ങളുടെ റംസര്‍ പട്ടിക

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി. ഇതിനെ റംസര്‍ പട്ടിക എന്നാണ് പറയുന്നത്. റംസര്‍ എന്ന സ്ഥലത്തുവച്ച് ഒത്തുചേര്‍ന്ന് ഇങ്ങനെയൊരു പട്ടിക ഉണ്ടാക്കിയതുകൊണ്ടാണ് ആ സ്ഥലനാമം തന്നെ നല്‍കിയത്. തണ്ണീര്‍ത്തടങ്ങളുടെ പട്ടികയില്‍ പറയുന്ന സ്ഥലങ്ങളെ റംസര്‍ സൈറ്റുകള്‍ എന്നു പറയും. ഉടമ്പടിയിലെ അംഗരാജ്യങ്ങള്‍ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നാമനിര്‍ദ്ദേശം ചെയ്യുന്നവയില്‍ നിന്നാണ് റംസര്‍ സൈറ്റുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക. ലോകത്താകെ 2065 റംസര്‍ സൈറ്റുകളില്‍ ഇന്ത്യയില്‍ ഇടം കണ്ടെത്തിയത് 26 സൈറ്റുകളാണ്. അവസാനം പട്ടികയില്‍ എത്തപ്പെട്ടത് ഗുജറാത്തിലെ ‘നല്‍സരോവര്‍’ പക്ഷിസങ്കേതമാണ്.

കേരളവും തണ്ണീര്‍ത്തടങ്ങളും

കേരളത്തില്‍ നിന്നും തണ്ണീര്‍ത്തടങ്ങളുടെ റംസര്‍ സൈറ്റില്‍ നാല് ഇടങ്ങളുണ്ട്. വേമ്പനാട്, ശാസ്താംകോട്ട, അ­ഷ്ടമുടി കയലുകളും തൃശൂര്‍-പൊന്നാനി കോള്‍നിലയങ്ങളും. ഇവയില്‍ ഏറ്റവും വിസ്തൃതിയുള്ള വേമ്പനാട് കായലാണ് റംസര്‍ പട്ടികയില്‍ ആദ്യം ചേര്‍ക്കപ്പെട്ടത്. 1,51,250 ഹെക്ടര്‍ വിസ്തൃതിയില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങി മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 10 നദികള്‍ ഇവിടെ വന്നുചേരുന്നു. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകം കൊല്ലം ജില്ലയില്‍ 373 ഹെക്ടര്‍ വിസ്തൃതിയില്‍ സ്ഥിതിചെയ്യുന്നു. കൊല്ലം ജില്ലയിലെ തന്നെ അഷ്ടമുടിക്കായല്‍ 61,400 ഹെക്ടര്‍ സ്ഥലത്ത് പരന്നുകിടക്കുന്നു.. കണ്ടല്‍ക്കാടുകള്‍ക്ക് പ്രസിദ്ധമാണിവിടം. ജൈവസമ്പത്തുകൊണ്ടും അനുഗ്രഹീതമാണ്. വിവിധയിനം മത്സ്യങ്ങള്‍ക്ക് പേരുകേട്ടതാണ്. സമുദ്രനിരപ്പിൽ നിന്നും താഴെ തൃശൂര്‍-മലപ്പുറം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയൽ പ്രദേശങ്ങളാണ് കോൾനിലങ്ങൾ. 2005 നവംബര്‍ എട്ടിനാണ് സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ കൂടിയായ കോള്‍പ്പാടങ്ങള്‍ റംസര്‍ സൈറ്റില്‍ ഇടംപിടിച്ചത്. ഒട്ടനവധി ജനുസ്സുകളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണിത്.