പിഎസ്എൽവിക്ക് അമ്പതാം ദൗത്യം: റിസാറ്റ് 2 ബിആർ1 ഇന്ന് വിക്ഷേപിക്കും

Web Desk
Posted on December 11, 2019, 8:42 am

ശ്രീഹരിക്കോട്ട: സൈനിക സേവനത്തിനായുള്ള ഇന്ത്യയുടെ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് ‑2ബിആർ1 ഇന്ന് വിക്ഷേപിക്കും. ഐഎസ്ആർഒയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) റോക്കറ്റ് ഉപയോഗിച്ച് വൈകീട്ട് 3.25 നാണ് വിക്ഷേപണം നടത്തുക. പിഎസ്എൽവിയുടെ 50-ാം മത്തെ ദൗത്യമാണിത്. റഡാർ ഇമേജിങ് എർത്ത് ഒബ്സർവേഷൻ സാറ്റലൈറ്റ് ആണ് റിസാറ്റ്-2ബിആർ1. 628 കിലോഗ്രാം ഭാരമാണ് ഇതിനുള്ളത്. 576 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് പിഎസ്എൽവിയുടെ സി48 റോക്കറ്റ് ഉപഗ്രഹത്തെ എത്തിക്കുകയെന്ന് ഐഎസ്ആർഒ അറിയിച്ചു.

you may also like this video


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും നടത്തുന്ന 75-ാമത് വിക്ഷേപണമാണിത്. റിസാറ്റിനൊപ്പം ഒമ്പത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇതിൽ അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങളും, ഇസ്രായേൽ, ഇറ്റലി, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. പിഎൽഎൽവി കുതിച്ചുയർന്ന് 16 മിനിറ്റിന് ശേഷം റിസാറ്റ്-2ബിആർ1 ഭ്രമണപഥത്തിലെത്തിക്കും. 21 മിനിറ്റിനുള്ളിൽ വിക്ഷേപണം പൂർത്തിയാകും. ഈ വർഷം മെയിൽ 615 കിലോഗ്രാം ഭാരമുള്ള റിസാറ്റ് ‑2ബി ഐ വിക്ഷേപിച്ചിരുന്നു. സിന്തറ്റിക് അപ്പർച്വർ റഡാർ സംവിധാനത്തോടുകൂടിയ മറ്റൊരു നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് 2ബിആർ2 ഉടൻ തന്നെ ഐഎസ്ആർഒ വിക്ഷേപിക്കും. മാർച്ച് 2020 ഓടെ 13 ബഹിരാകാശ ദൗത്യങ്ങൾ ഐഎസ് ആർഒ പൂർത്തിയാക്കുമെന്ന് ചെയർമാൻ കെ ശിവൻ നേരത്തേ പറഞ്ഞിരുന്നു.

രണ്ട് പരാജയങ്ങൾ ഒഴിവാക്കിയാൽ ഏറ്റവും ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ വിക്ഷേപണ വാഹനമാണ് പിഎസ്എൽവി. 1994 ലെ ആദ്യ വിക്ഷേപണത്തിനു ശേഷം 2017 വരെ 39 വിജയകരമായ ദൗത്യങ്ങളാണ് ഇത് പൂർത്തിയാക്കിയത്. ഇതിൽ 48 ഇന്ത്യൻ ഉപഗ്രഹങ്ങളും 209 വിദേശ ഉപഗ്രഹങ്ങളും ഉൾപ്പെടും. 2019 നവംബർ 27 ന് പിഎസ്എൽവി-സി 47 സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിച്ചിരുന്നു. കൂടാതെ കാർട്ടോസാറ്റ്-3 ഉൾപ്പെടെ 13 വാണിജ്യ ചെറു ഉപഗ്രഹങ്ങളും ഇവിടെനിന്നും വിക്ഷേപിച്ചു. ഇതുവരെ 310 വിദേശ ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ ഭ്രമണപഥത്തിൽ എത്തിച്ചിട്ടുള്ളത്. ഡിസംബർ 11 ലെ വിക്ഷേപണം പൂർത്തിയാകുന്നതോടെ ഇത് 319 ആയി ഉയരും.