22 March 2025, Saturday
KSFE Galaxy Chits Banner 2

ബാബറി മസ്ജിദ് തകര്‍ത്തതിന് ഇന്ന് 29 വര്‍ഷം

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
December 6, 2021 8:36 am

രാജ്യത്തിന്റെ മുഖമുദ്രയായ മതനിരപേക്ഷതയ്ക്കുമേല്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ കരങ്ങള്‍ പിടിമുറുക്കിയതിന് ഇന്ന് 29 വര്‍ഷം. 1992 ഡിസംബര്‍ ആറിനായിരുന്നു കര്‍സേവകരുടെ ശക്തിക്കുമുന്നില്‍ അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ന്നുവീണത്. ഏകദേശം 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭൂരിപക്ഷ വര്‍ഗീയത തങ്ങളുടെ അധികാരത്തിന്റെ വേരുകള്‍ സമൂഹത്തിലൊന്നാകെ പടര്‍ത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യം തലകുനിച്ച ദിവസമായിരുന്നു അന്ന്. ലോകത്തെ മുഴുവന്‍ മതേതര, ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു ബാബറി മസ്ജിദ് തകര്‍ന്നുവീണത്. തുടര്‍ന്ന് രാജ്യത്ത് പലയിടത്തും സാമുദായിക കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. മുംബൈയില്‍ മാത്രം രണ്ടായിരത്തിലേറെ ജീവനുകള്‍ നഷ്ടമായി. ഈ ധ്വംസനത്തിന് മുഖ്യ കാര്‍മികത്വം വഹിച്ച സംഘടനയും ആശയസംഹിതയും അവര്‍ ലക്ഷ്യമിട്ടതെല്ലാം നേടിയെടുത്തുവെന്നതും ഇന്ത്യയുടെ മതേതരസങ്കല്പത്തിനേറ്റ കറുത്ത പാടുകളായി അവശേഷിക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെട്ടില്ല എന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിക്കും തീരാക്കളങ്കമായി.

ബാബറി മസ്ജിദ് തകര്‍ത്തകേസില്‍ ബിജെപിയുടെ മുതിർന്ന നേതാക്കളായ എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി കഴിഞ്ഞവര്‍ഷം വെറുതെ വിടുകയായിരുന്നു. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ്‌ എന്ന്‌ തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യവിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അഡ്വാനിയും ജോഷിയും ശ്രമിച്ചതെന്നുമുള്ള കണ്ടെത്തലുകളും കോടതി നടത്തിയിരുന്നു. ഭൂമിതര്‍ക്കത്തിന്റെ കേസില്‍ സുപ്രീം കോടതി വിധിയും അനീതിയായി മാറി. തര്‍ക്കസ്ഥലം രാമക്ഷേത്രത്തിനു നല്‍കി, മുസ്‌ലിം സംഘടനകള്‍ക്ക് മറ്റൊരിടത്ത് ഭൂമി കണ്ടെത്തി നല്‍കണം എന്നതായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.
അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. 2024 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ രാമക്ഷേത്രം തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പിന്നാലെ മറ്റ് മുസ്‌ലിം ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടുകൊണ്ട് വര്‍ഗീയത നിലപാടുകളെ സജീവമാക്കി നിര്‍ത്താനും സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. മഥുരയിലെ ഷാഹി ഈദ്ഗാഹിനും താജ്മഹലിനും എതിരെയുള്ള ഭീഷണികളും ഗുരുഗ്രാമിലെ നിസ്കാരത്തിനെതിരെയുള്ള പ്രതിഷേധങ്ങളും ഇവയ്ക്ക് ഉദാഹരണമായി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളും നിരന്തരം ആക്രമിക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍ മതനിരപേക്ഷതയും ഐക്യവും സാഹോദര്യവും കാത്തുസൂക്ഷിക്കാന്‍ ഇനിയും ഏറെ പോരാട്ടങ്ങള്‍ വേണ്ടിവരുമെന്ന തിരിച്ചറിവിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.