Sunday
17 Nov 2019

വീണ്ടും ഒരു അതിജീവനം; പ്രതീക്ഷയുടെ കൈപിടിച്ച് കേരളത്തിന് ഇന്ന് തിരുവോണം

By: Web Desk | Wednesday 11 September 2019 7:03 PM IST


Onam 2018- Janayugom

പി എസ് രശ്മി
തിരുവനന്തപുരം: വീണ്ടും ഒരിക്കല്‍ക്കൂടി പ്രളയ ദുരന്തത്തെ അതിജീവിച്ച് പ്രതീക്ഷയുടെ കൈപിടിച്ചു കേരളത്തിന് ഇന്ന് തിരുവോണം. അതിജീവനത്തിനൊപ്പം പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഓണമാണ് ഇക്കുറി മലയാളിക്ക്. പ്രളയക്കെടുതിയുടെ മുറിപ്പാടുകള്‍ അവശേഷിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളില്‍ ഉള്‍പ്പെടെ ആര്‍ഭാടം കുറച്ചിട്ടുണ്ട്. പ്രളയദുരന്തത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ പൂര്‍ണമായും മാറ്റിവച്ചിരുന്നു. ഇക്കുറിയും ഓണത്തിന്റെ ആഘോഷവേളകളിലും സര്‍ക്കാര്‍ അതിജീവനത്തിനും പുനര്‍നിര്‍മാണത്തിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ആഘാതം മാറും മുന്‍പേ, പുനര്‍നിര്‍മാണപ്രവൃത്തികള്‍ നടക്കുമ്പോള്‍ വീണ്ടും എത്തിയ പ്രളയം ഏല്‍പ്പിച്ച ആഘാതം ചെറുതായിരുന്നില്ല.

നിശ്ചയദാര്‍ഢ്യത്തോടെയുള്ള ഇത്തവണയും സര്‍ക്കാര്‍ ഇടപെടല്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്‍പ്പെടെ സഹായപ്രവാഹം ഇപ്പോഴും തുടരുകയാണ്. ഒരു മാസത്തിനിടെ 265.13 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചു. ഓഗസ്റ്റിലുണ്ടായ ദുരന്തത്തില്‍നിന്ന് പൂര്‍ണമായും കരകയറാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അതിനുള്ള ഊര്‍ജിത ശ്രമത്തിലാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് 20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് നിലവിലെ കണക്ക്. ഒപ്പം റോഡുകളും പാലങ്ങളും തകര്‍ന്നു. കൃഷി, മൃഗസംരക്ഷണം,ജലസേചനം, വൈദ്യുതി തുടങ്ങി എല്ലാ മേഖലയിലും പ്രളയത്തിന്റെ ബാക്കി പത്രമായി ദുരിതം ഉണ്ട്. പ്രളയക്കെടുതിക്കിരയായവര്‍ക്ക് അടിയന്തരധനസഹായം 10,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും ഓണക്കാലത്ത് സാധാരണക്കാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കാനും വിപണിഇടപെടല്‍ നടത്താനും തൊഴിലാളികള്‍ക്ക് ബോണസുള്‍പ്പെടെ അനുവദിക്കാനും സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് സര്‍ക്കാര്‍ 1941 കോടിരൂപയാണ് അനുവദിച്ചത്. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്,സഹകരണസ്ഥാപനങ്ങള്‍ എന്നിവ വഴി 4000 ത്തോളം ഓണച്ചന്തകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. കൃഷിവകുപ്പ് ഹോര്‍ട്ടികോര്‍പ്പ്, വിഎഫ്പിസികെ എന്നിവയുടെ നേതൃത്വത്തില്‍ 2000 പഴം-പച്ചക്കറി ചന്തകള്‍ സംഘടിപ്പിച്ചിരുന്നു. കാര്‍ഷികമേഖലയ്ക്ക് 1351 കോടിയോളം രൂപയുടെ നഷ്ടമാണ് ഇത്തവണ പ്രളയത്തില്‍ ഉണ്ടായത്. കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കാര്‍ഷിക വിപണികളാണ് കൃഷി വകുപ്പ് ആരംഭിച്ചത്. ഇതിലൂടെ വില്‍പ്പനക്കാരായ കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരു പോലെ പ്രയോജനം ലഭിച്ചു.

ദുരിതബാധിതപ്രദേശങ്ങളിലെ 49 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷനും അനുവദിച്ചിട്ടുണ്ട്. പ്രളയത്തില്‍ നഷ്ടമായ പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയവ എത്തിച്ചു നല്‍കിയും മാനസിക ആഘാതം ഒഴിവാക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സലിംഗ് നല്‍കിയും പുതുതലമുറയിലെ കുരുന്നുകള്‍ക്കൊപ്പവും സര്‍ക്കാര്‍ നിന്നു. ഒപ്പം ഓണക്കാലത്ത് പൊതുവിദ്യാലയങ്ങളിലെ 23 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് അഞ്ചുകിലോ അരിവീതം സൗജന്യമായി നല്‍കി.

ദുരിതബാധിതര്‍ക്കുള്ള വീടുള്‍പ്പെടെയുള്ള സഹായങ്ങള്‍ക്കായുള്ള നടപടക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ ക്യാമ്പുകളില്‍ സര്‍ക്കാര്‍ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. കര്‍ഷകരുടെ വായ്പകള്‍ക്കും കൃഷി ഉപജീവനമാര്‍ഗമായുള്ളവരുടെ മറ്റ് വായ്പകള്‍ക്കും ഈ വര്‍ഷം ഓഗസ്റ്റ് 23 മുതല്‍ ഒരു വര്‍ഷമാണ് പുതിയ മൊറട്ടോറിയത്തിന്റെ കാലാവധി.

2018ലെ പ്രളയ കാലത്ത് നടപ്പാക്കിയ മോറട്ടോറിയത്തിന് സമാനമായ മാനദണ്ഡങ്ങളും ആശ്വാസ നടപടികളുമാണ് ഇക്കുറിയും സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്തു പൂര്‍ണമായി തകര്‍ന്ന 16,088 വീടുകളില്‍ 7,555 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. ദുരിതം ആശങ്ക വിതച്ച ഓണത്തിലും സമൃദ്ധിയുടെ നല്ല നാളെയെയാണ് സംസ്ഥാനം വരവേല്‍ക്കുന്നത്.

Related News