ഇന്ന് ദേശവ്യാപക പ്രതിഷേധം

Web Desk
Posted on March 07, 2018, 8:08 am

അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടിവരും: സിപിഐന്യൂഡല്‍ഹി: ത്രിപുരയില്‍ ആര്‍എസ്എസും ബിജെപിയും അഴിച്ചുവിട്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കാന്‍ ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്തു. അക്രമങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് ഇടത് എംപിമാര്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി.

തെരഞ്ഞെടുപ്പ് വിജയത്തില്‍ മതിമറന്ന ബിജെപിയും ആര്‍എസ്എസും ത്രിപുരയില്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ശക്തിയായി പ്രതിഷേധിച്ചു. ബിജെപിയും ആര്‍എസ്എസും സഖ്യ സംഘടനകളും ത്രിപുരയില്‍ തങ്ങളുടെ തനിസ്വഭാവം കാട്ടിക്കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമെതിരെ ഇതുവരെയില്ലാത്ത അക്രമങ്ങളാണ് അഴിച്ചുവിട്ടിരിക്കുന്നത്. നൂറുകണക്കിന് പാര്‍ട്ടി ഓഫീസുകള്‍ ആര്‍എസ്എസ് ഗുണ്ടകള്‍ പിടിച്ചെടുത്തിരിക്കുകയാണ്. വിവിധ പ്രദേശങ്ങളിലെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ക്കുകയും ചെയ്തു. ബുള്‍ഡോസറുകളുപയോഗിച്ച് ലെനിന്‍ പ്രതിമയും മറ്റ് ചരിത്രപുരുഷന്മാരുടെ പ്രതിമകളും തകര്‍ത്തത് അപലപനീയമാണ്. ലെനിനും അദ്ദേഹത്തിന്റെ ആശയങ്ങളും ലോകത്താകെയുള്ള ജനങ്ങളുടെ മനസിലും ചിന്തകളിലും എക്കാലത്തും നിലനില്‍ക്കുന്നതാണ്. ബുള്‍ഡോസറുപയോഗിച്ച് ഒരു പ്രതിമ തകര്‍ക്കുന്നതിലൂടെ അത് ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ത്രിപുരയിലെ അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുന്നില്ലെങ്കില്‍ ഇത് ആശയപരമായ വെല്ലുവിളിയായി ഏറ്റെടുത്ത് കനത്ത തിരിച്ചടി നല്‍കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാമെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന ബിജെപി-ആര്‍എസ്എസ് അക്രമങ്ങളില്‍ സിപിഐ (എം) പോളിറ്റ് ബ്യൂറോ പ്രതിഷേധിച്ചു. പാര്‍ട്ടി ഓഫീസുകള്‍ക്ക് തീയിടുകയും കൊള്ളയടിക്കുകയും ചെയ്ത ഗുണ്ടകള്‍ പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമമാണ് പലയിടത്തും നടത്തിയിരിക്കുന്നത്. പല പ്രവര്‍ത്തകരും മൃതപ്രായമായ അവസ്ഥയിലാണ്. ആര്‍എസ്എസും ബിജെപിയും തങ്ങള്‍ പിന്തുടര്‍ന്നുപോരുന്ന ജനാധിപത്യ വിരുദ്ധ അജന്‍ഡ നടപ്പിലാക്കുന്നതിന് കലാപത്തെ കൂട്ടുപിടിക്കുന്ന സമീപനമാണ് ത്രിപുരയില്‍ കാണുന്നതെന്ന് പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.