Web Desk

തിരുവനന്തപുരം

December 21, 2020, 3:05 pm

ഇന്നാണ് ആ അപൂർവ്വ ആകാശക്കാഴ്ച; ശനിയും വ്യാഴവും ചുംബിക്കുന്ന അത്യപൂർവ്വമുഹൂർത്തം: ഈ മഹാസംഭവം കാണാൻ ഒരു കാരണവശാലും ആരും മറക്കരുതെ !

Janayugom Online

ഇന്നാണ് ആ അപൂർവ്വ ആകാശക്കാഴ്ച – 2020 ഡിസംബർ 21‑ന്. സൗരയൂഥത്തിലെ മഹാഗ്രഹങ്ങളായ വ്യാഴവും ശനിയും ഉമ്മവയ്ക്കാനെന്നോണം അടുത്തെത്തുന്ന കാഴ്ച. ഇരുവരും മുട്ടിയുരുമുന്ന കാഴ്ചയിൽ അതൊരു നീളൻ നക്ഷത്രംപോലെയോ ഇരട്ടഗ്രഹം പോലെയോ തോന്നാം എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എണ്ണൂറുകൊല്ലം മുമ്പാണ് ഇതുപോലൊരു കാഴ്ച ഭൂമിയിലുള്ളവർ കണ്ടത്. ഇനി കാണാൻ കഴിയുന്നത് അറുപതുകൊല്ലം കഴിഞ്ഞ് 2080‑ലും.

ഇവരിങ്ങനെ തൊട്ടുചേർന്നു കാണുന്ന രൂപത്തിൽ വരുമ്പോൾ ടെലസ്കോപ്പിലൂടെ നോക്കിയാൽ ഈ ഗ്രഹങ്ങളയും അവയുടെ കുറെ ഉപഗ്രഹങ്ങളെയുമെല്ലാം ഒറ്റക്കാഴ്ചയിൽ, ഒറ്റ ഫ്രെയിമിൽ, കാണാം. അതും ഒരു അത്യപൂർവ്വ ദൃശ്യമാണ്. [ഇതു കാണാൻ ഇറങ്ങുമ്പോൾ തലയ്ക്ക് ഏതാണ്ടു മുകളിലായി ചെമ്പഴുക്കപോലെ ചുവന്നു കാണുന്ന ചൊവ്വ(Mars)യെയും ഒരു നോക്കു നോക്കാൻ മറക്കണ്ടാ. ]

തലക്കെട്ടു കാണുമ്പോൾ തോന്നുന്നതുപോലെ ശരിക്കും അവർ കൂട്ടിമുട്ടുകയൊന്നുമില്ല. രണ്ടു ഗ്രഹങ്ങൾ തമ്മിൽ മുട്ടിയാൽ പലതും സംഭവിക്കും. ഇവിടെ അങ്ങനെയൊന്നും ഉണ്ടാവില്ല. കാരണം, മുട്ടുന്നു എന്നത് ഭൂമിയിലുള്ളവരുടെ കാഴ്ച മാത്രമാണ്. അവർ അവരവരുടെ പാതയിലൂടെത്തന്നെയാണു സഞ്ചരിക്കുന്നത്. ആ പാതകൾ തമ്മിൽ ശരാശരി 65.7 കോടി കിലോമീറ്റർ അകലമുണ്ട്. എന്നുവച്ചാൽ, സാധാരണനിലയിൽ അവർ എത്ര അടുത്താലും തമ്മിൽ അത്രയും അകലം ഉണ്ടാകും എന്ന്.

അകലം എന്നൊക്കെ വെറുതെയങ്ങു കേട്ടുപോകാതെ അതൊക്കെ ഒന്നു ഭാവനചെയ്തുനോക്കുന്നതുകൂടി നല്ലതാണ്. സൂര്യനിൽനിന്നു വ്യാഴത്തിലേക്ക് 78‑ഉം ശനിയിലേക്ക് 143.7‑ഉം കോടി കിലോമീറ്ററാണ് ദൂരം. ഇവ തമ്മിലുള്ള വ്യത്യാസം ഏതാണ്ട് 4.38 അസ്റ്റ്രോണമിക്കൽ യൂണിറ്റ്. ഒരു അസ്റ്റ്രോണമിക്കൽ യുണീറ്റ് എന്നത് സൂര്യനിൽനിന്നു ഭൂമിയിലേക്കുള്ള ദൂരം ആണല്ലോ. അപ്പോൾ സൂര്യനിൽനിന്നു ഭൂമിയിലേക്കുള്ള അകലത്തിന്റെ 4.38 ഇരട്ടി അകലം വ്യാഴത്തിന്റെയും ശനിയുടെയും സഞ്ചാരപാതകൾ തമ്മിൽത്തന്നെ ഉണ്ട്! ഇതൊക്കെ ഓർക്കുന്നത് സൗരയൂഥം എത്ര വലുതാണെന്നും നമ്മൾ അതിന്റെ എത്രത്തോളം ഉള്ളിലാണെന്നും അപ്പോൾ ബാക്കി പ്രപഞ്ചവസ്തുക്കൾ എത്ര അകലെയാണെന്നുമൊക്കെ ഭാവനചെയ്യാൻ സഹായിക്കും.

കഥ വിശദമായി പറയാം. വ്യാഴം അതിന്റെ പാതയിൽ ഒരു വട്ടം ചുറ്റാൻ എടുക്കുന്നത് വ്യാഴവട്ടം എന്നു നാം വിളിക്കുന്ന 12 കൊല്ലമാണ്. ശനി അതിന്റെ പാതയിലൂടെ ഒരു പ്രദക്ഷിണം പൂർത്തിയാക്കാൻ എടുക്കുന്നത് 30 കൊല്ലവും. (കൃത്യമായി പറഞ്ഞാൽ 29.5 കൊല്ലം). മറ്റൊരുതരത്തിൽ പറഞ്ഞാൽ, വ്യാഴം ഓരോ വർഷവും അതിന്റെ പാതയുടെ 30 ഡിഗ്രിവീതം താണ്ടും. ശനിയാകട്ടെ 12 ഡിഗ്രിയും. ഇപ്പറഞ്ഞതിൽ വലിയ കണ്ടുപിടിത്തമൊന്നും ഇല്ല. 360 ഡിഗ്രിയെ ഒരോ ഗ്രഹത്തിന്റെയും പ്രദക്ഷിണകാലംകൊണ്ട് ഹരിച്ചാൽ കിട്ടുന്ന കണക്കാണിത്. അവരവരുടെ സഞ്ചാരപാതകളിലൂടെ സഞ്ചരിക്കുന്ന അവർ ഓരോ 20 കൊല്ലം കൂടുമ്പോഴും ഇങ്ങനെ അടുത്തെത്താറുണ്ട്. ഗ്രഹങ്ങൾ ഇങ്ങനെ കൂടിച്ചേരുന്നതിനെ Con­junc­tion എന്നാണ് ശാസ്ത്രലോകം വിളിക്കാറ്. വ്യാഴം, ശനി എന്നീ ഭീമൻഗ്രഹങ്ങളുടെ കൂടിച്ചേരലിനെ Great Con­junc­tion എന്നും.

ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റുന്നത് ഒരേ ദിശയിലാണ് എന്ന് അറിയാമല്ലോ. വ്യാഴവും ശനിയും അങ്ങനെ ഏറെക്കുറെ സമാന്തരമായ രണ്ടു പാതകളിൽ ഒരേ ദിശയിൽ താരതമ്യേന രണ്ടു വേഗത്തിൽ സഞ്ചരിക്കുമ്പോൾ ആണ്ടിൽ 30 ഡിഗ്രി താണ്ടുന്നയാൾ 12 ഡിഗ്രി താണ്ടുന്നയാളെ ഇടയ്ക്കിടെ ഓവർട്ടേക്ക് ചെയ്യുമല്ലോ. പിന്നിൽനിന്നെത്തി ഇങ്ങനെ മുന്നിൽ കടക്കുമ്പോൾ ഓരോതവണയും ഇതുപോലെ പരസ്പരം ഇവർ ഇങ്ങനെ തൊട്ടു തൊട്ടില്ല കാഴ്ച ഭൂമിക്കു സമ്മാനിക്കും. എന്നാൽ, ഭൂമി സൂര്യന്റെ മറുവശത്താണെങ്കിൽ ഈ കൂട്ടുചേരൽ നമുക്കു കാഴ്ചയാവില്ല. കാരണം, സൂര്യതേജസിനാൽ ആകാശത്ത് അവയെ കാണാനാവില്ലല്ലോ. തൊട്ടുമുമ്പ് 2000‑ൽ ഇതുണ്ടായപ്പോൾ അതായിരുന്നു സ്ഥിതി. എന്നാൽ, ഭൂമി സൂര്യന്റെ എതിർവശത്ത് അല്ലെങ്കിൽ നമുക്കതു കാണാം. ഇക്കുറി അങ്ങനെയാണ്.

വ്യാഴവും ശനിയും ഭൂമിയുമെല്ലാം ഒരേ തലത്തിലാണു സൂര്യനെ ചുറ്റുന്നതെങ്കിൽ അവർ ഇങ്ങനെ അടുത്തെത്തി ഓവർട്ടേക് ചെയ്യുമ്പോൾ ശനിയെക്കാൾ വലുപ്പം കൂടുതലുള്ള വ്യാഴം ശനിക്കും ഭൂമിക്കും നേരെ ഇടയിൽ വരികയും ശനിയെ മറയ്ക്കുകയും ചെയ്യേണ്ടതാണ്. അപ്പോൾ സംഭവിക്കുന്നത് ഗ്രഹണം (eclipse) ആണ്. മൂന്നു ഗ്രഹങ്ങൾ നേർരേഖയിൽ വരികയും ഇടയിൽ വരുന്ന ഗ്രഹം അപ്പുറത്തുള്ളതിനെ മറയ്ക്കാൻ കഴിയാത്തവിധം ചെറുതായിരിക്കുകയും ചെയ്താൽ ഗ്രഹണം ഉണ്ടാകുകയില്ല. വലിയ ഗ്രഹത്തിന്റെ മുഖത്തുകൂടി ചെറുതു കടന്നു പോകുന്നതായേ കാണൂ. ഗ്രഹസംതരണം (Tran­sit) എന്ന പ്രതിഭാസമാണത്. അതുരണ്ടും ഇവിടെ സംഭവിക്കുന്നില്ല. കാരണം, അവരുടെ സഞ്ചാരതലങ്ങൾ തമ്മിൽ നേരിയ വ്യത്യാസമുണ്ട്. അതുകൊണ്ട് അവർ തൊട്ടുമുകളിൽക്കൂടെയോ തൊട്ടുതാഴെക്കൂടെയോ പരസ്പരം കടന്നുപോകും. അതുകൊണ്ട്, ആ മുറിച്ചുകടക്കൽ സമയത്തുപോലും നമ്മുടെ കാഴ്ചയിൽ അവ തമ്മിൽ അല്പമൊരു അകലം അങ്ങനെയും ഉണ്ടായിരിക്കും.

ആ അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ഒരു കടന്നുപോകലാണ് ഇപ്പോൾ നടക്കുന്നത്. അവ തമ്മിലുള്ള അകലം ഒരു ഡിഗ്രിയുടെയും പത്തിലൊന്നു മാത്രമായിരിക്കും. അത്രയ്ക്ക് അടുത്തെത്തുന്ന സന്ദർഭം മുമ്പ് ഉണ്ടായത് 400 കൊല്ലം മുമ്പ് 1623‑ലാണ്. പക്ഷെ, അന്ന് അതു ഭൂമിയിൽനിന്നു കാണാൻ കഴിയുമായിരുന്നില്ല. ഭൂമിയിൽനിന്നു കാണാൻ കഴിയുമാറ് ഇതുണ്ടായതിന്റെ കാര്യമാണ് തുടക്കത്തിൽ പറഞ്ഞത്, മുമ്പ് 800 കൊല്ലം മുമ്പ് 1226‑ൽ ആയിരുന്നു എന്നും ഇനിയുള്ളത് 60 കൊല്ലം കഴിഞ്ഞ് 2080‑ൽ ആയിരിക്കും എന്നും.

ഒരിക്കൽക്കൂടി ഓർക്കുക, അവർ ഏറ്റവും അടുത്തെത്തുന്ന സമയമല്ല, അവർ അടുത്തെത്തിയതായി ഭൂമിയിൽനിന്നു നോക്കുമ്പോൾ കാണുന്ന സമയമാണ് നാം ഇപ്പറയുന്നത്. സംഭവമല്ല, കാഴ്ചയാണ് വിഷയം എന്ന് അർത്ഥം. അവർ പരസ്പരം മുറിച്ചുകടക്കുന്ന മുഹൂർത്തം നാം അപ്രകാരം കാണുന്നതിനു മുൻപോ പിൻപോ ആകാം. ഭൂമിയുടെ സ്ഥാനത്തിനനുസരിച്ചിരിക്കും അത്. പിന്നെ, അവിടെനിന്നുള്ള പ്രകാശം ഭൂമിയിൽ എത്താനുള്ള സമയവുമൊക്കെ പരിഗണിക്കണമല്ലോ. ശനിയിൽനിന്നു പ്രകാശം ഭൂമിയിലെത്താൻ ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂറും 11 മിനുട്ടും എടുക്കും. എന്നുവച്ചാൽ, നാം നോക്കുമ്പോൾ കാണുന്നത് ഒരു മണിക്കൂറും 11 മിനുട്ടും മുമ്പത്തെ ശനിയെയും അതിന്റെ സ്ഥാനവുമാണ്. വ്യാഴവും അതിന്റെ സ്ഥാനവുമാകട്ടെ 35 മിനുട്ട് മുമ്പുള്ളതും! അപ്പോൾ ശനിയിൽനിന്നു നമ്മുടെ അടുത്തേക്കു വരുന്ന പ്രകാശം വ്യാഴത്തിനടുത്തെത്താൻതന്നെ 36 മിനുട്ടെടുക്കും. അപ്പോഴേക്കു ശനിയും വ്യാഴവും തമ്മിലുള്ള ആപേക്ഷികസ്ഥാനങ്ങൾ അവയുടെ സഞ്ചാരവേഗത്തിനനുസരിച്ചു മാറിയിട്ടുണ്ടാകും. ഈ രണ്ടുസെറ്റ് രശ്മികളും ഒന്നിച്ചു ഭൂയിലെത്തുമ്പോൾ നാം കാണുന്ന കാഴ്ചയിൽ കാണുന്നതുതന്നെ ഒരു പ്രത്യേക മുഹൂർത്തത്തിലെ യഥാർത്ഥ സാഹചര്യമല്ല, ഭൂമിയിൽ കിട്ടുന്ന ഒരു പ്രത്യേക കാഴ്ച മാത്രമാണ്. ആ കാഴ്ചയിലുള്ളത് 35 മിനുട്ടു മുമ്പുള്ള വ്യാഴത്തിന്റെയും ഒരു മണിക്കൂർ 11 മിനുട്ടു മുമ്പുള്ള ശനിയുടെയും സ്ഥാനങ്ങളാണ്. അതേന്നെ, പ്രപഞ്ചത്തിൽ നാം കാണുന്ന കാഴ്ച പലതും യഥാർത്ഥത്തിൽ അങ്ങനെതന്നെ ആകണമെന്നില്ല. എല്ലാം ആപേക്ഷികമാണ്. പക്ഷെ, അതൊന്നും നമുക്കിപ്പോൾ ആലോചിക്കണ്ടാ. അതൊക്കെ ശാസ്ത്രജ്ഞർക്കു വിടാം. നമുക്കു വിഷയം ഈ അപൂർവ്വ ആകാശക്കാഴ കാണുകയാണല്ലോ.

നമുക്ക് ഈ കാഴ്ച കാണാനാവുന്നത് സൂര്യാസ്തമയം കഴിഞ്ഞാലുടൻ പടിഞ്ഞാറെ ആകാശത്ത് തെക്കുഭാഗത്തേക്കു മാറിയാണ്. കഴിഞ്ഞദിവസങ്ങളിൽ സ്ഥലം കണ്ടുപിടിക്കാൻ എളുപ്പമായിരുന്നു. കാരണം ചന്ദ്രക്കല അതിന്റെ അടുത്ത് ആയിരുന്നു. അത് അല്പാല്പം മാറി ഇപ്പോൾ കുറെ കിഴക്കായിട്ടുണ്ട്. സൂര്യവെളിച്ചത്തിന്റെയും ചന്ദ്രവെളിച്ചത്തിന്റെയും അല്പം പ്രശ്നം കാഴ്ചയ്ക്ക് ഉണ്ടാകുമെങ്കിലും മഴക്കാറില്ലെങ്കിൽ നല്ലൊരു കാഴ്ചവിരുന്നുതന്നെ ആയിരിക്കും ഇത്. വ്യാഴത്തെ ഒരു വലിയ നക്ഷത്രത്തോളം ശോഭയിൽ കാണാം. ശനിയെ ലേശം ചെറുതായേ കാണൂ. ഭൂമിയിൽനിന്നു നോക്കുമ്പോൾ ശനിയുടെ 12 ഇരട്ടി ശോഭ വ്യാഴത്തിനുണ്ട് എന്നാണു കണക്കാക്കിയിട്ടുള്ളത്.

ഇക്കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇരുവരും അടുത്തടുത്തു വന്നുകൊണ്ടിരിക്കുകയായിരുന്നു. നന്നേ അടുത്തുതന്നെയായിരുന്നു അപ്പോഴൊക്കെ. സൂര്യവെളിച്ചം കുറഞ്ഞുതുടങ്ങുമ്പോൾ പടിഞ്ഞാറെ ആകാശത്ത് ആദ്യം തെളിയുന്നത് വ്യാഴമാണ്. അതുകൊണ്ട് കണ്ടുപിടിക്കാൻ പ്രയാസമുണ്ടാവില്ല. അഥവാ നോക്കാൻ വൈകിയതിനാൽ നക്ഷത്രങ്ങൾ തെളിഞ്ഞതിനാൽ കണ്ടുപിടിക്കാൻ കഴിയാതെ വന്നാൽ, ഗൂഗിൾ സ്കൈ മാപ് പോലുള്ള സ്മാർട്ട് ഫോൺ ആപ്പുകൾ ഉപയോഗിക്കാം. അതു തുറന്ന് ഫോൺ ആകാശത്തേക്കു പിടിച്ചാൽ ആകാശത്തു ഫോണിനുനേരെ കാണുന്ന ഭാഗമാകും ഫോണിന്റെ സ്ക്രീനിൽ. നിരീക്ഷിക്കാൻ പറ്റിയ നല്ലൊരു സ്ഥലം പകൽതന്നെ കണ്ടുവയ്ക്കൂ!

ഇത്തവണത്തെ ഇവരുടെ സമാഗമത്തിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഉത്തരാർത്ഥഗോളത്തിൽ പകൽ ഏറ്റവും കുറവും രാത്രി ഏറ്റവും കൂടുതലും ആകുകയും ദക്ഷിണാർധഗോളത്തിൽ നേരെ മറിച്ചാകുകയും ചെയ്യുന്ന, സൂര്യന്റെ തെക്കോട്ടുള്ള അയനം അവസാനിച്ചു വടക്കോട്ടു മടങ്ങിത്തുടങ്ങുന്ന, ദക്ഷിണായനാന്തദിനം കൂടിയാണ് ഡിസംബർ 21.വിന്റർ സോൾസ്റ്റിസ് എന്നു വിളിക്കുന്ന ദിനം. അന്നുതന്നെ ഈ മഹാസംയോഗം ഉണ്ടായത് ഒരു യാദൃച്ഛികതയാണ്. ആ യാദൃച്ഛികതയോടെ ഈ മഹാസംഭവം കാണാൻ ഒരു കാരണവശാലും ആരും മറക്കരുത്.

https://www.facebook.com/ManojK.Puthiavila/posts/10222129100789263