January 28, 2023 Saturday

തൊഴിലും തൊഴിൽ മേഖലയും ഇല്ലാതാകുന്ന കള്ളുചെത്ത് വ്യവസായം

ജയ്സൺ ജോസഫ്
കോട്ടയം
April 2, 2020 9:24 am

സംസ്ഥാന സർക്കാരിന്റെ ശാസ്ത്രീയ സമീപനങ്ങളോടു ചേർന്ന ജനപക്ഷ ഇടപെടലുകളും പൊതുജനത്തിന്റെ സഹകരണവും കോവിഡ്19 തീർക്കുന്ന കരിനിഴലിനെ സംസ്ഥാനത്തു നിന്നും പൂർണ്ണമായും അകറ്റും. എന്നാൽ സംസ്ഥാനത്തെ കള്ളുചെത്തു തൊഴിലാളികളുടെ തൊഴിലും തൊഴിൽ മേഖലയും പൂർണ്ണമായും കൈമോശപ്പെടുന്ന ദുരവസ്ഥ വന്നിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചെത്ത് അവസാനിപ്പിക്കേണ്ടി വന്നു. ലേലനടപടികൾ പൂർത്തീകരിക്കാത്തതിനാൽ ഷാപ്പുകൾ കരാറുകാർക്കോ തൊഴിലാളി സംഘങ്ങൾക്കോ എറ്റെടുക്കാനുമായിട്ടില്ല.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കള്ളുചെത്ത് പൂർണ്ണമായും നിർത്തേണ്ടി വന്നത്. തൊഴിൽ സംരക്ഷിക്കാൻ പനയാണെങ്കിൽ മാട്ടം നിലനിർത്തിക്കൊണ്ട് ചെത്താൻ അനുവദിക്കുക, തെങ്ങ് ചെത്തി കള്ള് വീശിക്കളയുക തുടങ്ങിയ രീതികൾ ഷാപ്പ് അടയ്ക്കേണ്ടി വന്ന മുൻകാലങ്ങളിൽ അനുവർത്തിച്ചിരുന്നു. എന്നാൽ ഇത്തവണ ചെത്ത് അവസാനിപ്പിക്കാൻ നിർദ്ദേശിച്ചായിരുന്നു എക്സൈസ് ഉത്തരവ്. ചെത്തിയാൽ വ്യാജമദ്യം ഉത്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ജാമ്യമില്ലാ വകുപ്പകളിൽ ഉൾപ്പെടുമെന്നും മൂന്നു മുതൽ അഞ്ചുമാസം വരെ തടവുശിക്ഷയിലേക്ക് കാര്യങ്ങൾ എത്തുമെന്നും എക്സൈസ് ഉത്തരവുകൾ വ്യക്തമാക്കിയിരുന്നു.

ഒരു സ്വിച്ചിട്ടപോലെ നിർത്താനാകുന്ന പ്രക്രിയയല്ല കള്ളുചെത്ത് എന്ന് എക്സൈസ് അധികാരികൾക്ക് അറിയാത്തതല്ല. തെങ്ങാണെങ്കിലും പനയാണെങ്കിലും ദിവസേന രണ്ടു മുതൽ മൂന്നുനേരം ചെത്തി കുലയൊരുക്കിയാൽ മാത്രമേ കള്ള് ഉത്പാദിപ്പിക്കാനാകു. നിർത്തണമെങ്കിൽ ഇതിനായുള്ള മരുന്ന്, ചെത്തുന്ന കുലയിൽ പ്രയോഗിച്ച് കുലയിൽ നിന്നും കള്ള് ഇറ്റ് വീഴുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ കള്ള് തെങ്ങിൻ കവിളിൽവീണ് ക്രമേണ തെങ്ങുതന്നെ നശിക്കും. ഇനി കള്ളു ചെത്താൻ അനുമതി ലഭിച്ചാൽ തന്നെ, ചെത്ത് ആരംഭിക്കേണ്ടത് പുതിയ കുലയിലായിരിക്കണം. പുതിയൊരു കുലയൊരുക്കി കള്ള് ഉത്പാദിപ്പിക്കണമെങ്കിൽ കുറഞ്ഞത് മൂന്നുമാസമെങ്കിലും വേണം. ചുരുക്കത്തിൽ ഷാപ്പുകൾ തുറക്കാൻ അനുമതി ലഭിച്ചാൽ വിറ്റഴിക്കാൻ ഉത്പന്നമില്ല എന്ന കൊടിയ ഗതികേടിലാണ് കള്ളു വ്യവസായം.

തിരുവതാംകൂർ കൊച്ചിൻ മേഖലയിൽ തെങ്ങുകൾ പലതരം രോഗം മൂലം വ്യാപകമായി നശിച്ചു. തൊഴിലാളികൾ പാലക്കാട് മേഖലയിൽ ഷാപ്പുടമകളോ തൊഴിലാളി സംഘങ്ങളോ പാട്ടത്തിനെടുത്ത തെങ്ങൻതോപ്പുകളിൽ താൽക്കാലിക കൂര കെട്ടി അവിടെ താമസിച്ച് കള്ള് ചെത്തുകയാണ് ഇപ്പോൾ രീതി. പുലർച്ചെ അഞ്ചിനുമുമ്പ് കള്ള് ചെത്തി നൽകി അവിടെ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുന്നു. വലിയ തുക സെക്യൂരിറ്റി നൽകിയാണ് ഇവിടെ തെങ്ങിൻതോപ്പുകൾ പാട്ടത്തിനെടുത്തിരിക്കുന്നത്. ശാസ്ത്രീയമായി ചെത്ത് അവസാനിപ്പിക്കാനാകാത്ത അവസ്ഥയിൽ തെങ്ങ് നശിക്കാന്‍ ഇട വന്നാൽ വലിയ തുക നഷ്ട പരിഹാരം നൽകേണ്ടിവരും. മൂന്നുലക്ഷത്തോളം തെങ്ങുകളാണ് സംസ്ഥാനത്ത് ചെത്തി കള്ള് ഉത്പാദിപ്പിച്ച് വന്നിരുന്നത്.

നാടെങ്ങും വീര്യം കൂടിയ മദ്യം വിളമ്പുന്ന ബാറുകളും ബിവറേജ് ഔട്ട് ലെറ്റുകളും നിറഞ്ഞതോടെ ഷാപ്പു് പിടിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. ലൈസൻസുള്ള 1500ലധികം ഷാപ്പുകളാണ് വർഷങ്ങളായി ഏറ്റെടുക്കാൻ ആളില്ലാതെ കിടക്കുന്നത്. തൊഴിലാളി സമിതികൾ ചേർന്ന് വലിയ തുക പിഎഫിലും സെക്യൂരിറ്റിയായും കെട്ടിവെച്ച് ഷാപ്പ് ഏറ്റെടുത്ത് നടത്തുകയാണ് പലയിടങ്ങളിലും. ഈ ദുരിതകാലത്തിൽ ഇതും അസാധ്യമായിരിക്കുന്നു. ഷാപ്പുകളിൽ ജോലിചെയ്യുന്ന മദ്യവ്യവസായ തൊഴിലാളികൾ ഉൾപ്പെടെ 25000 രജിസ്ട്രേഡ് തൊഴിലാളികളും അത്രത്തോളം അൺ രജിസ്ട്രേഡ് തൊഴിലാളികളും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. ഇവരും ഇവരെ ആശ്രയിച്ചു കഴിയുന്ന അനേകരുടെയും ജീവിതമാർഗ്ഗമാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും പാലക്കാടൻ തോപ്പുകളിൽ ചെത്താനെത്തിയ തൊഴിലാളികളിൽ മഹാഭൂരിപക്ഷവും ഇവിടെ കുടുങ്ങി കിടക്കുന്നു എന്നതും അധികാരികൾ മറന്നിരിക്കുന്നു.

ഈ ദുരിത കാലത്ത് തൊഴിലാളികളെ കൈമെയ് മറന്ന് സംരക്ഷിക്കേണ്ട കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് വേണ്ടത്ര ഇടപെടലിനു മടിക്കുന്നു എന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്തെ സമ്പന്നമായ ക്ഷേമനിധി ബോർഡുകളിൽ മുൻപന്തിയിലാണ് കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സ്ഥാനം. കോടികൾ പലപ്പോഴും സർക്കാരിന് വായ്പ കൊടുക്കുന്നു ഈ ബോർഡ്. തൊഴിലാളികൾക്ക് അവരുടെ തനതു ഫണ്ടിന്റെ 40 ശതമാനം വരെ പിൻവലിക്കാമെന്നുള്ളപ്പോൾ 10, 000 രൂപ വരെ തൊഴിലാളികൾക്ക് ആവശ്യമെങ്കിൽ മുൻകൂറായി നൽകാം എന്നതാണ് ബോർഡിന്റെ നിലവിലെ സമീപനം. ഇതിനെതിരെ കനത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു. തൊഴിലാളികൾക്ക് അഡ്വാൻസല്ല കുറഞ്ഞത് 10, 000 രൂപ അടിയന്തര ധസഹായം എത്തിക്കാൻ കഴിയണമെന്ന് സംസ്ഥാന കള്ളു ചെത്ത് തൊഴിലാളി ഫെഡറേഷൻ എഐടിയുസി ആവശ്യപ്പെടുന്നു.

കള്ള് ചെത്തു തൊഴിലാളികൾക്കും വ്യവസായത്തിനും സംരക്ഷണം ഉറപ്പാക്കിയുള്ള ഒരു സമഗ്രപാക്കേജ് നടപ്പാക്കണമെന്നുള്ള നിവേദനം എഐടിയുസി സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. നിലവിൽ ഉരുത്തിരിഞ്ഞ പ്രതിസന്ധിയെ തുടർന്ന് കള്ളുത്പാദനത്തിന് ചെത്താൻ പകരം തെങ്ങുകൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിലും ഷാപ്പുകൾക്ക് സർക്കാർ കെട്ടിടം പണിതു നൽകണം എന്ന അനിവാര്യതയും ആവർത്തിച്ച് ആവശ്യപ്പെട്ടാണ് സർക്കാരിനെയും ക്ഷേമനിധിബോർഡിനെയും സമീപിച്ചിരിക്കുന്നതെന്ന് കള്ളുചെത്ത് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രൻ വ്യക്തമാക്കി.

നാടിന്റെ തനതുപാനീമായ കള്ള് പ്രോത്സാഹിപ്പിക്കണമെന്ന ഗാന്ധിയനായ ഉദയഭാനു കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കണമെന്ന ആവശ്യത്തിന്റെ അനിവാര്യത വൈക്കം ചെത്തുതൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി അഡ്വ വി ബി ബിനു ചൂണ്ടിക്കാട്ടി. തത്വത്തിൽ അംഗീകരിക്കപ്പെട്ടെങ്കിലും ടോഡീ ബോർഡിന്റെ പ്രവർത്തനം യാഥാർഥ്യമാകാൻ വൈകുന്നത് കള്ളു ചെത്തു വ്യവസായത്തിന്റെ അധുനികവത്കരണത്തിനും മുന്നേറ്റത്തിനും തടസ്സമാകുന്നു. ടോഡീ ബോർഡിന്റെ പ്രവർത്തനം പൂർണ്ണ തലത്തിൽ സാധ്യമായാൽ വലിയമാറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടാകും. വ്യവസായം പൊതുമേഖലയിലേക്ക് നീങ്ങുമ്പോൾ നിലവിൽ പിന്നോട്ടടിക്കുന്ന പലനിയമങ്ങളും ഇല്ലാതാകുകയോ പൊളിച്ചെഴുതപ്പെടുകയോ ചെയ്യും. വീര്യംകൂടിയ മദ്യശാലകൾക്ക് ആരാധാലയങ്ങളോടും വിദ്യാലയങ്ങളോടും 50 മീറ്റർ അകലെ പ്രവർത്തിക്കാനാകുമ്പോൾ കേരളത്തിന്റെ തനതുപാനീയം ഇന്നും 400 മീറ്റർ അകലെയാണ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.