കള്ള് വ്യവസായത്തെ പൊതുമേഖലയില്‍ കൊണ്ടുവരണം

Web Desk
Posted on July 09, 2019, 10:56 pm
prathapan

ടി എൻ രമേശൻ

കേരളത്തിലെ വളരെ പ്രമുഖമായ പരമ്പരാഗത വ്യവസായമാണ് കള്ള് ചെത്ത് വ്യവസായം. ഇതിന്റെ സുവര്‍ണ്ണകാലത്ത് പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷം തൊഴിലാളികള്‍ ഈ രംഗത്ത് പണിയെടുത്തിരുന്നു. കൂടുതല്‍ റവന്യൂ വരുമാനവും കള്ള് ഷാപ്പുകളുടെ വില്‍പനയില്‍ നിന്നായിരുന്നു. ഇന്ന് വ്യവസായത്തിന്റെ സ്ഥിതി ഗുരുതരമാണ്. 25,000 ത്തില്‍ താഴെ ആളുകളാണ് ജോലി ചെയ്യുന്നത്. കണക്കുകളില്‍ കാണുന്ന 5,185 ഷാപ്പുകളില്‍ ഏകദേശം 1400 ഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കുന്നതല്ല.
മാറിമാറി അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകള്‍ സ്വീകരിച്ച മദ്യനയമാണ് വ്യവസായത്തെ തകര്‍ത്തത്. കള്ള് വ്യവസായ രംഗത്തുപ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകള്‍ ഒറ്റയ്ക്കും കൂട്ടായും സമര്‍പ്പിച്ച ഒരു ആവശ്യം പോലും അംഗീകരിച്ചിട്ടില്ല. മറ്റ് എല്ലാ മദ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രകൃതിദത്തമായ ഒരു മദ്യം കള്ള് മാത്രമേയുള്ളൂ. തെങ്ങില്‍ നിന്നും പനയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന കള്ളിന്റെ ലഹരി കേവലം 9–9.5 ശതമാനം മാത്രമാണ്. ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുള്ളത് 8.1 ശതമാനമാണ്. ലഹരി കുറവെന്നു മാത്രമല്ല ഒട്ടേറെ പോഷക മൂല്യങ്ങളും ഔഷധഗുണവുമുണ്ട്. കേരളത്തിന്റെ ഒരു തനതു മദ്യം എന്ന നിലയില്‍ സംരക്ഷിച്ചാല്‍ ഒട്ടേറെ വികസന സാദ്ധ്യതയും തൊഴില്‍ ലഭ്യതയും ഈ രംഗത്തുണ്ടാവും. അതിനു വേണ്ടത് സമഗ്രമായ കള്ള് വ്യവസായ പുനഃസംഘടനാ പദ്ധതിയാണ്. അതിനുള്ള ആദ്യചുവടുവയ്പാണ് ടോഡി ബോര്‍ഡ് രൂപീകരണം. ഈ രംഗത്തു നിന്നും സ്വകാര്യ ലൈസന്‍സികളെ പൂര്‍ണ്ണമായും ഒഴിവാക്കി കള്ള് വ്യവസായം പൊതുമേഖലയില്‍ കൊണ്ടുവരണം. സംശുദ്ധമായ കള്ളും അതിന്റെ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ജനങ്ങള്‍ക്ക് ലഭ്യമാക്കണം. വിദേശ‑ദേശീയ ടൂറിസ്റ്റുകള്‍ക്ക് കള്ള് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ‘ടോഡി പാര്‍ലറുകള്‍’ തുടങ്ങണം. കള്ളിന് മാന്യമായ സ്ഥാനം നല്‍കണം.
ബ്രിട്ടീഷ് ഭരണകാലത്ത് അബ്കാരി ആക്ട് നടപ്പിലാക്കിയത് ചെത്തു തൊഴിലാളികളെ വേട്ടയാടാനും കള്ള് വ്യവസായത്തിന്റെ വളര്‍ച്ചയെ തടയാനുമാണ്. ആ സ്ഥാനത്ത് വിദേശ ബ്രൂവറികളില്‍ നിര്‍മ്മിക്കുന്ന മദ്യത്തിന് മാര്‍ക്കറ്റ് കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. അതേ നിയമം കാര്യമായ മാറ്റമില്ലാതെ ഈ വ്യവസായത്തെ ഇന്നും കൂച്ചുവിലങ്ങിട്ട് നിയന്ത്രിക്കുകയാണ്. അതുകൊണ്ടാണ് കള്ള് വ്യവസായത്തിന് മാത്രം ബാധകമായ ഒരു പുതിയ നിയമത്തെപ്പറ്റി ചിന്തിക്കണമെന്ന ആവശ്യം ഉയരുന്നത്.
കള്ളിനോടുള്ള വിവേചനം വ്യക്തമാക്കുന്നതാണ് ദൂരപരിധി നിയമം. വിദ്യാലയങ്ങളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ നിന്നും 400 മീറ്റര്‍ അകലത്തിലെ കള്ള് ഷാപ്പു പ്രവര്‍ത്തിക്കാനാവൂ. എന്നാല്‍ വീര്യം കൂടിയ മദ്യം വില്‍ക്കുന്ന ബിവറേജസിന്റെ മദ്യശാലകള്‍ക്ക് 200 മീറ്ററും അതേമദ്യം വില്‍ക്കുന്ന ബാറുകള്‍ക്ക് 50 മീറ്ററും. കടുത്ത അനീതിയും വിവേചനവുമാണ് ഈ നിയമവ്യവസ്ഥ. പാവപ്പെട്ട ചെത്തു തൊഴിലാളികള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന ഈ വ്യവസായത്തോട് ഒരു ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുകയാണ്.
ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യഷാപ്പുകള്‍ക്ക് എലുക ഒരു താലൂക്ക് മുഴുവനാണ്. താലൂക്കില്‍ എവിടെ വേണമെങ്കിലും മാറ്റി സ്ഥാപിക്കാം. എന്നാല്‍ കള്ള് ഷാപ്പിന് ഒരു പഞ്ചായത്തിന്റെ ഒന്നോ ഒന്നരയോ വാര്‍ഡായിരിക്കാം എലുക. ഈ എലുകയ്ക്കുള്ളില്‍ വേണം ദൂരപരിധിയും മറ്റു നിബന്ധനകളും പാലിച്ച് മാറ്റിസ്ഥാപിക്കാന്‍. എങ്ങനെ പ്രയോഗികമാകും? അടഞ്ഞു കിടക്കുന്ന ഷാപ്പുകളില്‍ ഏറെയും ദൂരപരിധി നിയമത്തിന്റെ കുടുക്കില്‍ പെട്ടാണ് അടഞ്ഞുപോയിട്ടുള്ളത്.
ത്രീസ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഹോട്ടലുകള്‍ക്കെല്ലാം യഥേഷ്ടം ബാര്‍ ലൈസന്‍സ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ കേരളത്തില്‍ മദ്യത്തിന്റെയം വ്യാജമദ്യത്തിന്റെയും മറ്റൊരു പ്രളയം സൃഷ്ടിച്ചിരിക്കുകയാണ്. മയക്കുമരുന്നിന്റെ വ്യാപനം കൂടിയായപ്പോള്‍ യുവതലമുറ അപകടത്തിന്റെ മുനമ്പിലാണ്. ഡീ-അഡിക്ഷന്‍ സെന്ററുകള്‍ തുടങ്ങിയതുകൊണ്ടൊന്നും പരിഹരിക്കാന്‍ കഴിയുന്ന പാതകമല്ല സര്‍ക്കാര്‍ ചെയ്യുന്നത്. കള്ള് വ്യവസായം തകര്‍ന്നതും വികലമായ മദ്യനയവും പുത്തന്‍ സമ്പന്നരുടെ പണത്തോടുള്ള ആര്‍ത്തിയും ഒരു സമൂഹത്തേയും നാടിനേയും തകര്‍ക്കുകയാണെന്നുള്ള യാഥാര്‍ത്ഥ്യം ഇനിയും നാം കണ്ണു തുറന്നു കാണണം. കേവലം റവന്യു വരുമാനം മാത്രം നോക്കിയാല്‍ നാളെ നാം വലിയ വില നല്‍കേണ്ടി വരും. കാലം നമുക്ക് മാപ്പു നല്‍കുകയില്ല. ഭരണനേതൃത്വത്തോടൊപ്പം രാഷട്രീയ നേതൃത്വവും ഈ വിഷയത്തില്‍ ഗൗരവമായ ഇടപെടല്‍ നടത്തുമെന്ന് പ്രതീക്ഷിക്കാം.

(കേരളാ സ്റ്റേറ്റ് ചെത്തുതൊഴിലാളി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)