കായികതാരങ്ങൾക്ക് ആശ്വാസം പകർന്ന് ഐഒസി

Web Desk

പാരീസ്

Posted on March 27, 2020, 9:57 pm

മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിനെ ചൊല്ലിയുള്ള കായികതാരങ്ങളുടെ ആശങ്കകള്‍ക്ക് വിരാമം. ഇതുവരെ യോഗ്യത നേടിയ കായികതാരങ്ങൾക്ക് അടുത്ത വർഷത്തേക്ക് മാറ്റിവച്ച ഒളിമ്പിക് മത്സരങ്ങളിൽ പങ്കെടുക്കാനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഐ‌ഒ‌സിയും അതിന്റെ ഭാഗമായുള്ള 32 അന്താരാഷ്ട്ര കായിക ഫെഡറേഷനുകളും കഴിഞ്ഞ ദിവസം നടത്തിയ ടെലികോൺഫറൻസിലാണ് യോഗ്യരായ താരങ്ങളെ വരുന്ന ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചത്.

ഐ‌ഒ‌സി പ്രസിഡന്റ് തോമസ് ബാച്ച് ഉള്‍പ്പടെയുള്ളവർ ഈ ടെലികോൺഫറൻസിൽ പങ്കെടുത്തു ഗെയിംസ് മാറ്റിവയ്ക്കുന്നതിനുള്ള കാരണങ്ങൾ ആദ്യം വിശദീകരിച്ചു. ടോക്കിയോ 2020 ന് യോഗ്യത നേടിയ അത്‌ലറ്റുകൾക്ക് 2021 ൽ നടക്കുന്ന മത്സരത്തിലേക്ക് യോഗ്യത ലഭിക്കുമെന്ന് ഉറപ്പ് നൽകി. അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ 2021ലെ കായികമാമാങ്കത്തിനായുള്ള പുതിയ തീയതി തീരുമാനമെടുക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. മാറ്റിവച്ചിരിക്കുന്ന യോഗ്യത മത്സരങ്ങള്‍ എപ്പോൾ, എങ്ങനെ സംഘടിപ്പിക്കണം എന്നതാണ് സംഘാടകർ അഭിമുഖീകരിക്കുന്ന പ്രധാന വിഷയം. ചില ഫെഡറേഷനുകളിലെ നിരവധി കായികതാരങ്ങൾക്ക് യോഗ്യതമത്സരങ്ങളിൽ പങ്കാളികളാവാൻ സാധിച്ചിട്ടില്ല.

ഇതെല്ലാം ഐഒസിയ്ക്ക് തലവേദനയാവുമെന്നകാര്യത്തിൽ യാതൊരു സംശയവുമില്ല. ടോക്കിയോ ഗെയിംസ് ജൂലൈ 24 മുതൽ ഓഗസ്റ്റ് 9 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്. സ്ഥിതിഗതികൾ വഷളായതോടെ തോമസ് ബാച്ചും ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ അബെയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഒളിമ്പിക്സ് മാറ്റിവയ്ക്കാൻ തീരുമാനമായത്. അതോടെ ഷിൻസോ അബെ ആദ്യമായി സമാധാനകാലത്ത് ഒളിമ്പിക്സ് മാറ്റിവയ്ക്കുന്നതിനുള്ള ചരിത്രപരമായ തീരുമാനം എടുത്ത ഭരണാധികാരിയായി മാറുകയും ചെയ്തിരുന്നു.