വളർത്തുനായയെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

Web Desk
Posted on November 02, 2019, 10:09 am

കോയമ്പത്തൂർ: വളർത്തുനായെ ഉപേക്ഷിക്കാൻ പിതാവ് ആവശ്യപ്പെട്ടതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്തു. കോയമ്പത്തൂർ സ്വദേശിനിയായ കവിത (24)യാണ് ആത്മഹത്യ ചെയ്തത്.

കോയമ്പത്തൂരിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ കവിത കഴിഞ്ഞ രണ്ട് വർഷമായി സീസർ എന്ന നായയെ വീട്ടിൽ വളർത്തി വരുകയായരുന്നു. കഴിഞ്ഞദിവസം രാത്രി നായ നിർത്താതെ കുരച്ചുകൊണ്ടിരുന്നു. ഇതോടെ നായയുടെ കുരക്കേട്ട് തങ്ങൾക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്ന് അയൽക്കാർ യുവതിയുടെ പിതാവിനോട് പരാതി നൽകി. തുടർന്ന് പിതാവ് യുവതിയെ ശകാരിക്കുകയും നായയെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്ത് യുവതി മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു.

ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടർന്ന് പിതാവ് വാതിൽ പൊളിച്ച് അകത്ത് കയറിപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികെ ആത്മഹത്യ കുറിപ്പും കണ്ടെത്തിട്ടുണ്ട്. എല്ലാവരും സമാധാനത്തോടെ ജീവിക്കണമെന്നും സീസറെ സംരക്ഷിക്കണമെന്നും തനിക്ക് മാപ്പ് തരണമെന്നും എല്ലാ ആഴ്ചയിലും അടുത്തുള്ള ക്ഷേത്രത്തിൽ പോകണമെന്നും യുവതി ആത്മഹത്യ കുറുപ്പിൽ വീട്ടുകാരോട് അഭ്യർത്ഥിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.