സംസ്ഥാന ബജറ്റിന്റെ കവർ ചിത്രമായ ‘ഗാന്ധിജിയുടെ മരണം’ വരച്ച കല്ലൂർക്കാട് സ്വദേശി ടോം വട്ടക്കുഴിയ്ക്ക് അഭിനന്ദനപ്രവാഹം. രാഷ്ട്രപിതാവിനെതിരെ രാജ്യത്തുടനീളം കടന്നാക്രമണമുണ്ടായ സാഹചര്യത്തിൽ മരണം എങ്ങനെയായിരുന്നു എന്ന ഓർമപ്പെടുത്തൽ വളരെയധികം ആവശ്യമാണെന്ന് തോന്നിയതിനാലുമാണ് ‘ഡെത്ത് ഓഫ് ഗാന്ധി’ എന്നപേരിൽ ഒരു പെയിന്റിങ്ങിനു മുതിർന്നതെന്ന് ടോം പറയുന്നു. കേരളസർക്കാർ അടുത്തിടെ പ്രസിദ്ധീകരിച്ച ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വ വാർഷിക ഓർമപുസ്തകത്തിന്റെ കവർ ചിത്രമായും ഈ പെയിന്റിങ് ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ മാസത്തിലാണ് ചിത്രം സമൂഹമാധ്യമത്തിൽ ടോം പോസ്റ്റ് ചെയ്തത്. ചിത്രം വൈറലായതോടെ ഗാന്ധി രക്തസാക്ഷി ദിനത്തിൽ രാഹുൽ ഗാന്ധിയും സിപിഐ നേതാവ് കനയ്യകുമാറും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെ ചിത്രം ദേശീയതലത്തിലും ശ്രദ്ധനേടി. ഒരുപാട് തയാറെടുപ്പിനുശേഷമാണ് ഈ ചിത്രം പൂർത്തിയാക്കിയത്.
മാസങ്ങൾ നീണ്ട പഠനം നടത്തി. ഗാന്ധിയുടെ ചുറ്റുമുള്ള ജനങ്ങളുടെ മുഖഭാവങ്ങൾ ചിത്രത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. ജലഛായസങ്കേതമായ ഗ്വാഷ് മീഡിയത്തിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ബജറ്റ് പുസ്തകത്തിന്റ കവർചിത്രമൊരുക്കിയത് ടോം ആണെന്നറിഞ്ഞതോടെ ടോമിന്റെ കല്ലൂർക്കാടുള്ള വീട്ടിലേയ്ക്ക് അഭിനന്ദന പ്രവാഹവുമായി സുഹൃത്തുക്കളും ബന്ധുക്കളുമെത്തി.
എൽദോ എബ്രഹാം എംഎൽഎ വീട്ടിലെത്തി ഉപഹാരം നൽകി. പശ്ചിമബംഗാളിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിൽ നിന്നും ചിത്രകലയിലും ബറോഡ എം എസ് സർവ്വകലാശാലയിൽ നിന്നും പ്രിന്റിംഗ് മേക്കിങ്ങിലും ബിരുദം നേടിയ ടോം കല്ലൂർക്കാട് സെന്റ് അഗസ്റ്റിയൻസ് ഹൈസ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം കരസ്ഥമാക്കിയത്. ഇടുക്കി കാളിയാർ സെന്റ് സേവ്യേഴ്സ് സ്കൂൾ അധ്യാപിക സീനയാണ് ഭാര്യ. വിദ്യാർത്ഥികളായ ആദിത്യയും അദീതുമാണ് മക്കൾ.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.