തക്കാളിയെ തൊട്ടാല്‍ പൊള്ളും!

Web Desk
Posted on October 17, 2019, 6:31 pm

ദില്ലി: തക്കാളിയ്ക്ക് വീണ്ടും പൊള്ളുന്ന വില. കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ദില്ലിയുടെ വിവിധ ഇടങ്ങളില്‍ തക്കാളിക്ക് കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് നിരക്ക്. വില കുറയ്ക്കാനായി സര്‍ക്കാര്‍ മദര്‍ ഡയറി ഔട്ട്‌ലെറ്റുകളിലൂടെ കുറഞ്ഞ നിരക്കില്‍ തക്കാളി സത്ത് വിതരണം ആരംഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ രൂക്ഷമായ മഴ കാരണം കൃഷി നാശം സംഭവിച്ചതാണ് പ്രധാനമായും തക്കാളി വില ഉയരാനിടയാക്കിയത്. ഉപഭോക്ത്യകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം ഇന്ന് ദില്ലിയില്‍ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയാണ് നിരക്ക്.

എന്നാല്‍, വിവിധ ലോക്കല്‍ മാര്‍ക്കറ്റുകളില്‍ നിരക്ക് കിലോയ്ക്ക് 75 മുതല്‍ 80 രൂപ വരെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് കിലോയ്ക്ക് 45 രൂപയായിരുന്നു തക്കാളിയുടെ നിരക്ക്. തക്കാളിക്ക് വിപണിയില്‍ വില കൂടുതലായത് കൊണ്ട് സത്ത് ഉപയോഗം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടെ തക്കാളി വില കുറയുമെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കണക്കാക്കുന്നത്.