വെറ്റിനറി ഡോക്ടറുടെ കൊലപാതകം; പ്രതികളെ വെടിവെച്ചു കൊന്ന സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി

Web Desk
Posted on December 06, 2019, 9:35 am

ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളും കൊല്ലപ്പെട്ട സംഭവത്തില്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തി. സംഭവം വിവാദമായതിന് പിന്നാലെയാണ് സംഭവ സ്ഥലം ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്.  ഹൈദരാബാദിൽ ഇന്നലെ രാത്രി തെളിവെടുപ്പിനെത്തിച്ച്  കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികൾ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ് പറയുന്നു.

നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇക്കാര്യത്തില്‍ സംയവും ആരോപണവും ഉയരുന്ന സാഹചര്യത്തിലാണ് പൊലീസ് സംഘം പരിശോധന നടത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിൽ കത്തിക്കരിഞ്ഞ നിലയിൽ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയും പ്രതികളെ പൊലീസ് പിടികൂടുകയും ആയിരുന്നു.

തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും സഹായികളായ ഇരുപതുകാരായ മൂന്ന് യുവാക്കളുമാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ച രാവിലെ നാല് പ്രതികളെയും അവരുടെ വീടുകളിൽ നിന്നാണ് സൈബർബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് വൈകിപ്പിച്ച മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഏറ്റുമുട്ടല്‍ നടക്കാന്‍ സാധ്യതയില്ലെന്നും ഇത് പൊലീസിന്റെ നാടകമാണെന്നുമാണ് ആരോപണം. രാജ്യം മുഴുവന്‍ വിവാദമായ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ട സംഭവം അതീവ ഗൗരവ സംഭവമായതിനാലാണ്. അതിരാവിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പ്രദേശത്ത് സന്ദര്‍ശനത്തിനെത്തിയിരിക്കുന്നത്.

you may also like this video;