ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് എതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടര്‍ രംഗത്ത്. ഒക്ടോബര്‍ 12ന് ഔദ്യോഗിക യോഗത്തിനെന്ന പേരില്‍ മെഡിക്കല്‍ ഓഫീസറായ തന്നെ എംഎല്‍എ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തു എന്നാണ് യുവതിയുടെ പരാതി.
പൊലീസ് എഫ്‌ഐആറില്‍ കൃത്രിമം കാട്ടി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും യുവതി പറയുന്നു. സംഭവം നടന്ന് രണ്ട് മാസമായിട്ടും തനിക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ ഉള്‍പ്പടെയുള്ളവരെ കണ്ട് പരാതി നല്‍കാനാണ് യുവതി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. സംഭവം നടന്ന അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് കേസ് എടുത്തെങ്കിലും എഫ്‌ഐആറില്‍ എംഎല്‍എയ്ക്ക് എതിരെ കുറ്റം ചുമത്തിയിരിക്കുന്നത് പെട്ടെന്ന് ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ്. തന്റെ മൊഴി കൃത്യമായി പോലീസ് രേഖപ്പെടുത്തിയില്ല. എംഎല്‍എയ്ക്ക് എതിരെ പരാതി നല്‍കിയാല്‍ നിരവധി വിപത്തുകൾ നേരിടേണ്ടി വരുമെന്ന് പോലീസ് തന്നെ ഉപദേശിക്കുകയായിരുന്നു എന്നും യുവതി പറയുന്നു.
കേസില്‍ ജാമ്യം കിട്ടിയ എംഎല്‍എ തന്നെയും കുടുംബത്തെയും ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. അരുണാചല്‍ സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് ഡല്‍ഹിയിലേയ്ക്ക് എത്തിയതെന്ന് യുവതി പറയുന്നു. രണ്ട് മാസമായി വലിയ മാനസിക പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണെന്നും യുവതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.