Web Desk

തൃശൂര്‍

October 13, 2020, 9:23 pm

തടവുവാര്‍ക്ക് മര്‍ദ്ദനം: മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Janayugom Online

വിയ്യൂര്‍ ജില്ലാ ജയിലിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കല ഹോസ്റ്റലില്‍ തടവുവാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ജില്ല ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം, ജയില്‍ ജീവനക്കാരായ അരുണ്‍, രമേഷ് എന്നിവരെയാണ് ജയില്‍ ഡി ജി പി ഋഷിരാജ് സിംഗ് സസ്‌പെന്റ് ചെയ്തത്. വിയ്യൂര്‍ ജയിലിലെ കോവിഡ് നിരീക്ഷണ കേന്ദ്രമായ അമ്പിളിക്കല പൂട്ടി.
കഞ്ചാവു കേസിലെ പ്രതി ഷെമീര്‍ മര്‍ദ്ദനമേറ്റു മരിച്ചതോടെയാണ് അമ്പിളിക്കല കോവിഡ് കേന്ദ്രത്തിലെ ക്രൂരത പുറംലോകമറിയുന്നത്. ഷെമീര്‍ മരിച്ച സംഭവത്തില്‍ ജില്ല ജയില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതാണ് പ്രാഥമികമായ വിലയിരുത്തല്‍. അമ്പിളിക്കലയില്‍ ഷെമീറിന് മര്‍ദ്ദമേറ്റ സ്ഥലം ഋഷിരാജ് സിംഗ് പരിശോധിച്ചു.

ഷെമീറിന്റെ ഭാര്യ, കൂട്ടുപ്രതികളായ ജാഫര്‍ ഖാന്‍, റിയാസ് എന്നിവരില്‍ നിന്നും അമ്പിളിക്കലയില്‍ സംഭവം നടന്ന ദിവസം ഉണ്ടായിരുന്ന മറ്റ് പ്രതികളില്‍ നിന്നും മൊഴിയെടുത്തു.
അമ്പിളിക്കലയ്ക്ക് പകരം വിയ്യൂര്‍ ജയിലിന് അകത്ത് തന്നെയുള്ള മൂന്ന് കെട്ടിടങ്ങള്‍ ഇനി മുതല്‍ റിമാന്റ് പ്രതികള്‍ക്കുള്ള കോവിഡ് നിരീക്ഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും. കോവിഡ് പരിശോധനയ്ക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.
സെപ്റ്റംബര്‍ 29 ന് പത്ത് കിലോ കഞ്ചാവുമായി തൃശൂര്‍ ശക്തന്‍ സ്റ്റാന്റില്‍ വെച്ചാണ് ഷാഡോ പോലീസും ഈസ്റ്റ് പോലീസും ചേര്‍ന്ന് ഷെമീറിനെയും ഭാര്യയയേയും രണ്ട് സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. രാത്രി 9 മണിയോടെ ഇവരെ റിമാന്റ് ചെയ്ത് അമ്പിളിക്കലയില്‍ എത്തിച്ചു. 30 ന് രാത്രി പരിക്കുകളോടെ ഷെമീറിനെ ജനറല്‍ ആശുപത്രിയിലും അവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ മാസം ഒന്നിന് പുലര്‍ച്ചെയാണ് ഷെമീര്‍ അലി മരിച്ചത്.

you may also like this video