Friday
24 May 2019

ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം-ലിവര്‍പൂള്‍ പോരാട്ടം

By: Web Desk | Thursday 9 May 2019 9:58 AM IST


ആംസ്റ്റര്‍ഡാം: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ പോരാട്ടം. അയാക്‌സ് ആംസ്റ്റര്‍ഡാമിനെ 3-2 ന് പരാജയപ്പെടുത്തിയാണ് ടോട്ടനത്തന്‍റെ കന്നി ഫൈനല്‍ പ്രവേശം.  കൂടുതല്‍ എവെ ഗോളുകള്‍ അടിച്ചതിന്റെ പിന്‍ ബലത്തിലാണ് ടോട്ടനം ഫൈനലിലെത്തിയത്.

ആദ്യപാദത്തില്‍ ഒരു ഗോളിന് ടോട്ടനം തോറ്റിരുന്നു. രണ്ടാപാദത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ ലീഡ് വഴങ്ങിയശേഷമായിരുന്നു ടോട്ടനത്തിന്റെ ഉജ്വല തിരിച്ചുവരവ്. രണ്ടാംപാദത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ വിജയിച്ചത്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് സ്‌പേഴ്‌സിന് അത്ഭുതവിജയം സമ്മാനിച്ചത്. അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ച ഗോള്‍ മൗറയുടെ ബൂട്ടില്‍ നിന്നു പിറന്നത്. 55, 59 മിനിറ്റുകളിലായിരുന്നു ആദ്യ രണ്ട് ഗോളുകള്‍.

അഞ്ചാം മിനിറ്റില്‍ മിന്നുന്നൊരു ഹെഡ്ഡറിലൂടെ യുവതാരം മാത്യാസ് ഡിലിറ്റാണ് അയാക്‌സിനെ ആദ്യം മുന്നിലെത്തിച്ചത്. 35ാം മിനിറ്റില്‍ ടോട്ടനം പ്രതിരോധത്തെ ഞെട്ടിച്ചൊരു ഇടങ്കാലന്‍ വെടിയുണ്ട കൊണ്ട് ഹക്കിം സിയെക്ക് ലീഡുയര്‍ത്തി.

അയാക്‌സ് 3-0 എന്ന ഗോള്‍ശരാശരിയില്‍ അനായാസമായി തന്നെ ഫൈനലില്‍ പ്രവേശിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് രണ്ടാം പകുതിയിലെ ടോട്ടനത്തിന്റെ തിരിച്ചുവരവ്. ജയത്തോടെ ഫൈനലിലെത്തിയ ടോട്ടനത്തിന്‍റെ എതിരാളികള്‍ ലിവര്‍പൂളാണ്.